scorecardresearch
Latest News

കരള്‍ മാറ്റിവയ്ക്കലിനു ശേഷമുള്ള ജീവിതം

ജീവിതശൈലിയില്‍ ചില വ്യതിയാനങ്ങള്‍ വരുത്തിയാല്‍ കരള്‍ മാറ്റിവച്ചയാള്‍ക്കു ദീർഘകാലം പൂർണമായും സാധാരണ ജീവിതം നയിക്കാന്‍ സാധിക്കും

കരള്‍ മാറ്റിവയ്ക്കലിനു ശേഷമുള്ള ജീവിതം

കരള്‍ മാറ്റിവയ്ക്കപ്പെട്ടയാള്‍ എത്ര നാള്‍ ജീവിച്ചിരിക്കും? ഈ ചോദ്യമാണ് ക്ലിനിക്കില്‍ ഏറ്റവുമധികം ഞാന്‍ കേട്ടിട്ടുള്ളത്. കരള്‍ മാറ്റിവയ്ക്കല്‍ എന്ന മെഡിക്കോ സര്‍ജിക്കല്‍ ചികിത്സാരീതി 20 വര്‍ഷം മുന്‍പ് നമുക്ക് അന്യമായിരുന്നു. ഇന്ന് ഏറെ പ്രചാരത്തിലുള്ള ഈ ചികിത്സാ രീതി ഉയര്‍ന്ന വിജയസാധ്യതയുള്ളതും ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ അവയവ മാറ്റങ്ങളെ  അപേക്ഷിച്ച് കൂടുതല്‍ ജീവിത ദൈര്‍ഘ്യത്തിന് സാധ്യതയുള്ളതുമാണ്.

കരള്‍ രോഗത്തിന്റെ അതിഗുരുതരമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയി, മരണത്തെ മുന്നില്‍ കണ്ട്, അവയവ മാറ്റത്തിന് വിധേയരാകുന്നവര്‍ ഫീനിക്സ് പക്ഷിയെ പോലെ ചാരത്തില്‍നിന്ന് പുതിയ ആകാശത്തേക്ക് കുതിച്ചുയരുന്നവരാണ്. എന്നാല്‍ ഭാവിയെക്കുറിച്ചുള്ള പലതരത്തിലുള്ള ആകുലതകള്‍ ഇവരിലുണ്ട്. ഒപ്പം ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ ബന്ധപ്പെട്ട പല ചോദ്യങ്ങളും.

കരള്‍ മാറ്റിവച്ചാല്‍ എത്രത്തോളം കാലം അരോഗാവസ്ഥയിലായിരിക്കും? സമപ്രായക്കാരായ മറ്റുള്ളവരെ പോലെ തന്നെ കര്‍മനിരതനാകാന്‍ സാധിക്കുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഒറ്റ ഉത്തരം കൃത്യമായ തുടര്‍ ചികിത്സകള്‍ ചെയ്യുന്നവര്‍ക്ക് കര്‍മനിരതമായ ദീര്‍ഘകാല ജീവിതം ലഭിക്കുമെന്നതാണ്.

Read Here: ആഘോഷക്കുടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് നാല്‍പ്പതിലേറെ വര്‍ഷം ജീവിച്ചിരുന്ന പലരും പാശ്ചാത്യരാജ്യങ്ങളിലുണ്ട്. തനിക്കും സമൂഹത്തിനും ഉതകുന്ന രീതിയിലുള്ള ജീവിതം നയിക്കാന്‍ പ്രാപ്തമാക്കുകതെന്നതാണ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സാരീതിയുടെ ലക്ഷ്യം. അല്ലാതെ പലരും തെറ്റിദ്ധരിക്കുന്നതു പോലെ ചുരുങ്ങിയ ജീവിതകാലവും പരിമിതമായ ജീവിതരീതിയും എപ്പോഴും വീട്ടിനുള്ളില്‍ രോഗിയെ പോലെ അടച്ചിരിക്കുന്ന അവസ്ഥയോ അല്ല.

world fatty liver day, international nash day, fatty liver disease, chronic liver disease, liver disease treatment, kerala diabetes capital of india, obesity in Kerala, kerala health index, kerala health minister, ieMalayalam, ഐ ഇ മലയാളം

സാധ്യമാണ്, സാധാരണ ജീവിതം

ജീവിതശൈലിയില്‍ ചില വ്യതിയാനങ്ങള്‍ വരുത്തിയാല്‍ കരള്‍ മാറ്റിവച്ചയാള്‍ക്കു പൂര്‍ണമായും സാധാരണ ജീവിതം നയിക്കാന്‍ സാധിക്കും. അതേ പ്രായത്തിലുള്ള മറ്റു വ്യക്തികള്‍ ചെയ്യുന്നതെല്ലാം ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ വ്യക്തിക്കും സാധ്യമാണ്. ജീവിത ശൈലിയില്‍ വലിയ പരിമിതികളില്ല. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിലേക്കു തിരിച്ചു പോവുകയും ആകാം. അണുബാധകള്‍ വരാന്‍ സാധ്യതയില്ലാത്ത ഏത് ജോലിയും കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞവര്‍ക്ക് ചെയ്യാം. കുടുംബജീവിതം നയിക്കാനോ ഗര്‍ഭം ധരിക്കുന്നതിനോ  തടസമില്ല.

‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനമുള്ള ജോലികളില്‍, അവയമാറ്റം നടന്ന് രണ്ടു മാസം കഴിയുമ്പോള്‍ തന്നെ പ്രവേശിക്കുന്ന ആളുകളാണ് അധികവും. കായികാധ്വാനം വേണ്ടി വരുന്ന ജോലികള്‍ ആറുമാസത്തിനുശേഷം ചെയ്തു തുടങ്ങാം. സ്പോര്‍ട്സിലും മറ്റും പങ്കെടുത്തവര്‍ ഒട്ടനവധി. ഒളിമ്പിക്സ് മെഡല്‍ ജേതാവായ ക്രിസ് ക്ലഗിന്റെ കഥ തന്നെ ഉദാഹരണം. കരള്‍ മാറ്റിവയ്ക്കലിനു ശേഷം കുടുംബജീവിതം നയിച്ച്, പ്രസവിച്ച അമ്മമാരും നിരവധി.

തുടര്‍ചികിത്സ പുതിയ കരളിന്റെ ആരോഗ്യത്തെ ചുറ്റിപ്പറ്റി മാത്രമല്ല

കരള്‍ മാറ്റിവയ്ക്കലില്‍ ലോകമെമ്പാടുമുള്ള വിജയശതമാനമായി കണക്കാക്കപ്പെടുന്നത് 90 ആണ്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വര്‍ഷം ജീവിക്കാനുള്ള സാധ്യത 90 ശതമാനവും അഞ്ചുവര്‍ഷം ജീവിക്കാനുള്ള സാധ്യത 85 ശതമാനവും 10 വര്‍ഷം ജീവിക്കാനുള്ള സാധ്യത 60 മുതല്‍ 75 ശതമാനം വരെയുമാണ്. ഈ കണക്കുകള്‍ വായിച്ചിട്ട് കരള്‍ മാറ്റിവയ്ക്കല്‍ മൂലം ആയുര്‍ദൈര്‍ഘ്യം വളരെ കുറഞ്ഞു പോയല്ലോയെന്ന് തെറ്റിദ്ധരിക്കരുത്. രോഗിയുടെ പ്രായം, അവയവമാറ്റത്തിനു മുന്‍പുണ്ടായിരുന്ന മറ്റ് രോഗങ്ങള്‍ എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന് നിര്‍ണയിക്കുന്നത്.

ശരാശരി ഒരു മുതിര്‍ന്ന വ്യക്തി കരള്‍ മാറ്റിവയ്ക്കലിനു വിധേയനാകുന്ന പ്രായം 50 നും 60 നും ഇടയ്ക്കായിരിക്കുമല്ലോ. ഇവരില്‍, അവയവമാറ്റം കഴിയാത്ത വ്യക്തികളില്‍ ഈ പ്രായത്തിലുണ്ടാകാവുന്ന രോഗങ്ങളും അനാരോഗ്യത്തിലേക്കു നയിക്കുന്ന ഘടകങ്ങളുമുണ്ടാവും. ശാസ്ത്രീയമായ, കൃത്യമായ തുടര്‍ചികിത്സയ്ക്കും ജീവിത ദൈര്‍ഘ്യത്തില്‍ വ്യക്തമായ പങ്കുണ്ട്. വല്ലപ്പോഴും ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് ചെയ്ത്  നോക്കുക വഴി ജീവിതദൈര്‍ഘ്യം ഉറപ്പാക്കാന്‍ കഴിയില്ല. കാരണം പുതിയ കരളിന്റെ ആരോഗ്യമല്ല,  മറ്റ് അവയവങ്ങളുടെ ആരോഗ്യമാണ് ജീവിതദൈര്‍ഘ്യത്തിന്റെ അടിസ്ഥാനം. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം.

അവയവ തിരസ്‌കരണം വരാതിരിക്കാനായി ഉപയോഗിക്കുന്ന ആന്റി റിജെക്ഷന്‍ മരുന്നുകള്‍ ചില ആളുകളില്‍ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ തുടങ്ങിയവ  ഉണ്ടാക്കാം. 30 മുതല്‍ 40 ശതമാനം വരെ കരള്‍ മാറ്റിവയ്ക്കാനുള്ള മൂലരോഗകാരണം തന്നെ പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്ട്രോളും ചേര്‍ന്നിരിക്കുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ (NAFLD) രോഗം ആണ്. അഥവാ NAFLD മൂലമുണ്ടാകുന്ന കരള്‍ സിറോസിസ് കരള്‍ മാറ്റിവയ്ക്കാനുള്ള സാധാരണമായ കാരണമാണ്.

Read Here: FATTY LIVER: മലയാളി ഇനി നേരിടാന്‍ പോകുന്ന മഹാവ്യാധി

കരള്‍ മാറ്റിവയ്ക്കല്‍ കഴിയുമ്പോള്‍ പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്ട്രോളും അധികരിക്കുന്നുണ്ടോയെന്ന് തുടര്‍ ചികിത്സാവേളയില്‍ ശ്രദ്ധയോടെ നോക്കേണ്ടതുണ്ട്. പുതിയ കരളിന്റെ തിരസ്‌കരണം ഒഴിവാക്കാനായി ഉപയോഗിക്കുന്ന ആന്റി റിജക്ഷന്‍ മരുന്നുകള്‍ കാരണം ഇവ അധികരിക്കാനുള്ള സാധ്യതയുണ്ട്. ഇവ മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, വളരെ അപൂര്‍വമായി വരുന്ന ചിലയിനം അര്‍ബുദങ്ങള്‍ എന്നിവ എത്ര ഫലപ്രദമായി നിയന്ത്രിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ജീവിതദൈര്‍ഘ്യം. അപ്പോള്‍ നാം മനസിലാക്കേണ്ട കാര്യം കരള്‍മാറ്റത്തിനു ശേഷമുള്ള ആയുസ് പലപ്പോഴും പുതിയ കരളിന്റെ ആരോഗ്യത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കില്ല നിര്‍ണയിക്കപ്പെടുക എന്നതാണ്.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ഗുരുതരമായ സര്‍ജിക്കല്‍ കോംപ്ലിക്കേഷന്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍, ശരാശരി മുതിര്‍ന്ന വ്യക്തിയുടെ ജീവിത കാലം മുഴുവന്‍ പ്രവര്‍ത്തനസജ്ജമായി ആരോഗ്യത്തോടെ പുതിയ കരള്‍ നിലനില്‍ക്കാറാണ് പതിവ്. ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന തുടര്‍ചികിത്സകളില്‍ പുതിയ കരള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് മാത്രമല്ല നോക്കുന്നത്. ജീവിതദൈര്‍ഘ്യത്തിനുതകുന്ന തുടര്‍ചികിത്സ പുതിയ കരളിന്റെ ആരോഗ്യത്തെ ചുറ്റിപ്പറ്റി മാത്രമല്ലെന്നു സാരം.

ആന്റി റിജെക്ഷന്‍ മരുന്ന് കഴിക്കുന്ന രോഗിയുടെ ശരീരത്തില്‍, ആരോഗ്യസ്ഥിതിയില്‍, മറ്റ് അവയവങ്ങളില്‍, ഈ മരുന്നു കാരണം എന്തൊക്കെ മാറ്റങ്ങള്‍ വരാമെന്ന് മനസിലാക്കി മറ്റ് അവയവങ്ങളുടെ ആരോഗ്യത്തിനും കൂടി പ്രാധാന്യം കൊടുത്തുകൊണ്ടുള്ള തുടര്‍ ചികിത്സയാണ് ജീവിതദൈര്‍ഘ്യം കൂട്ടി കൊടുക്കുന്നത്. ദൂരസ്ഥലങ്ങളില്‍ പോയി ട്രാന്‍സ്പ്ലാന്റ് ചെയ്യുന്ന രോഗികള്‍ ഇ-മെയില്‍ വഴി രക്തപരിശോധനകള്‍ ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു മരുന്നുകള്‍ കഴിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് അശാസ്ത്രീയവും ഒരുവേള അപകടകരവുമാണ്. അണുബാധ നിയന്ത്രിക്കുന്നതിലും അമിതവണ്ണം ഒഴിവാക്കുന്നതിലുമാണ് കരള്‍ മാറ്റിവയ്ക്കപ്പെട്ടവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

world fatty liver day, international nash day, fatty liver disease, chronic liver disease, liver disease treatment, kerala diabetes capital of india, obesity in Kerala, kerala health index, kerala health minister, ieMalayalam, ഐ ഇ മലയാളം

പ്രതീക്ഷിക്കാവുന്ന സങ്കീര്‍ണതകള്‍

പലതരം സങ്കീര്‍ണതകള്‍ക്കുള്ള സാധ്യതയുണ്ടെങ്കിലും, ഇന്ത്യയിലെ കരള്‍ മാറ്റിവയ്ക്കല്‍ നടക്കുന്ന ആശുപത്രികളില്‍ ഇവയുടെ തോത് കുറഞ്ഞുവരുന്നതായാണ് കാണുന്നത്. രണ്ടു പതിറ്റാണ്ട് മുന്‍പ്, ഇന്ത്യയില്‍ സര്‍ജന്‍മാര്‍ ശസ്ത്രക്രിയ രീതികളില്‍ പരിശീലനം സിദ്ധിച്ച കൊണ്ടിരുന്ന കാലഘട്ടത്തില്‍, കരള്‍ മാറ്റം കഴിഞ്ഞുള്ള മരണനിരക്ക് കൂടുതലായിരുന്നു. നൂറുകണക്കിനു ശസ്ത്രക്രിയകള്‍ നടത്തി പരിശീലനം സിദ്ധിച്ചതോടെ മരണനിരക്കും സങ്കീര്‍ണതകളും കാലക്രമേണ കുറഞ്ഞു കുറഞ്ഞുവന്നു.

കരള്‍ ശസ്ത്രക്രിയാ വിഭാഗം, കരള്‍മെഡിക്കല്‍ വിഭാഗം, ക്രിട്ടിക്കല്‍ ലിവര്‍കെയര്‍ വിഭാഗം എന്നിങ്ങനെയുള്ള ശാസ്ത്രശാഖകള്‍ സംയോജിതമായി പ്രവര്‍ത്തിക്കുന്നതിന്റെ ഗുണഫലവും മറ്റൊരു കാരണമാവാം. പത്തിരുപത് വര്‍ഷം മുന്‍പ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ക്രിട്ടിക്കല്‍ ലിവര്‍ കെയറും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തുടര്‍ ചികിത്സകളും സര്‍ജന്‍ തന്നെ ചെയ്യേണ്ടിവന്നു. എന്നാല്‍ ഇന്നത് അതതു ശാസ്ത്രശാഖകളില്‍ പ്രാവീണ്യം സിദ്ധിച്ചവര്‍ കൈകാര്യം ചെയ്യുന്ന അവസ്ഥയായി. ഇത് കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞുള്ള മരണനിരക്ക് കുറയ്ക്കാനും സങ്കീര്‍ണതകള്‍ വിദഗ്ധമായി കൈകാര്യം ചെയ്യാനും ജീവിതദൈര്‍ഘ്യം ഉയരാനും സഹായകമായെന്നുവേണം കരുതാന്‍.

Read Here: World Fatty Liver Day: ശ്രദ്ധിക്കുക, കരള്‍ രോഗം വരുന്നത് മദ്യപാനികള്‍ക്ക് മാത്രമല്ല

പൊതുവേ സര്‍ജിക്കല്‍ സങ്കീര്‍ണതകള്‍ വരാനുള്ള സാധ്യത ശസ്ത്രക്രിയയ്ക്കുശേഷമുള്ള ആദ്യ രണ്ടോ മൂന്നോ മാസം മാത്രമാണ്. രക്തസ്രാവം പിത്തനാളി ചോര്‍ച്ച, വയറ്റിനുള്ളിലെ അണുബാധ കാരണം പഴുപ്പ് അടിയല്‍ തുടങ്ങിയവയാണ് സാധാരണ സര്‍ജിക്കല്‍ സങ്കീര്‍ണതകള്‍. മൂന്നുമാസത്തിനുശേഷം വരാന്‍ സാധ്യതയുള്ള സങ്കീര്‍ണതകളെ എല്ലാം മെഡിക്കല്‍ സങ്കീര്‍ണതകളാണ് പൊതുവെ കണക്കാക്കുക. എന്നുവച്ചാല്‍ അവയവമാറ്റം കഴിഞ്ഞ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തുടര്‍ചികിത്സ വേളയില്‍ വരുന്ന സങ്കീര്‍ണതകള്‍ എല്ലാംതന്നെ ലിവര്‍ മെഡിസിന്‍ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. രണ്ടാമതൊരു ശസ്ത്രക്രിയ വളരെ വളരെ വിരളമായേ വേണ്ടി വരാറുള്ളൂ.

ആദ്യത്തെ മെഡിക്കല്‍ സങ്കീര്‍ണത, വച്ചുപിടിപ്പിച്ച അവയവം തിരസ്‌കരിക്കാനുള്ള (Rejection) സാധ്യതയാണ്. സ്വീകര്‍ത്താവിന്റെ രോഗപ്രതിരോധശേഷി പുതിയ കരള്‍ തന്റേതല്ലെന്ന് തിരിച്ചറിഞ്ഞ് തിരസ്‌കരിക്കാന്‍ ശ്രമിക്കും. ആന്റി റിജക്ഷന്‍ മരുന്നുകള്‍ കൊടുത്തതാണ് ഈ പ്രശ്നത്തെ മറികടക്കുന്നത്. ആശ്വാസകരമായ കാര്യം മറ്റ് അവയവ മാറ്റിവയ്ക്കലുകളെ അപേക്ഷിച്ച് റിജെക്ഷന്‍ സാധ്യത വളരെ കുറഞ്ഞ അവയവമാണ് കരള്‍ എന്നതാണ്. അഥവാ റിജെക്ഷന്‍ സംഭവിച്ചാലും തീവ്രത കുറഞ്ഞ രീതിയിലായിരിക്കും ഒട്ടുമിക്കതും. മരുന്നുകള്‍കൊണ്ട് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. റിജക്ഷന്റെ  തീവ്രത അളക്കാനായി ഒരുപക്ഷേ കരള്‍ ബയോപ്സി  വേണ്ടിവന്നേക്കാം.

അണുബാധകള്‍ക്കുള്ള സാധ്യതയാണ് രണ്ടാമത്തെ മെഡിക്കല്‍ സങ്കീര്‍ണത. മേല്‍പ്പറഞ്ഞതുപോലെ ആന്റി റിജെക്ഷന്‍ മരുന്നുകള്‍ രോഗപ്രതിരോധശേഷി കുറയ്ക്കുന്നവയാണ്. അതുകൊണ്ട് ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ അണുബാധകള്‍ വരാനുള്ള സാധ്യതയേറുന്നു. ആദ്യത്തെ ഏതാനും മാസങ്ങളിലാണ് ആന്റി റിജെക്ഷന്‍ മരുന്നുകളുടെ അധികഡോസ് ഉപയോഗിക്കുക. ആയതിനാല്‍ അണുബാധയ്ക്കുള്ള സാധ്യതയും ആദ്യ മാസങ്ങളിലാണ് കൂടുതല്‍ കാണുക. അതാത് പ്രതിരോധ മരുന്നുകള്‍ (antiviral, antibacterial, antifungal ) ഉപയോഗിച്ച് ഈ അണുബാധകളെ  ചെറുക്കാന്‍ സാധിക്കും. വായു, വെള്ളം, ഭക്ഷണം തുടങ്ങിയവയിലൂടെയാണ് അണുക്കള്‍ ഉള്ളില്‍ പ്രവേശിക്കുക. മാസ്‌ക് ധരിക്കുന്നതും ഭക്ഷണകാര്യങ്ങളില്‍ ശുചിത്വം പാലിക്കുന്നതും വളരെ പ്രധാനം.

പുതുതായി കരള്‍ തുന്നിച്ചേര്‍ക്കുമ്പോള്‍ പലതരത്തിലുള്ള നാളികളാണ് കൂടിച്ചേരുക. പുതിയ കരളിലേക്കുള്ള രക്തയോട്ടം തടസപ്പെടുന്ന ഹെപ്പാറ്റിക് ആര്‍ട്ടറി ത്രോംബോസിസ് (Hepatic Artery Thrombosis) എന്ന അവസ്ഥ വളരെ ഗുരുതരമായ ഒന്നാണ്. കൂടുതലും കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞ ആദ്യ ദിവസങ്ങളിലും ആഴ്ചകളിലുമാണ് ഇത് കാണുക. അതുകൊണ്ടുതന്നെ കരളിലേക്കുള്ള രക്തയോട്ടം ശരിയാം വണ്ണം നടക്കുന്നുണ്ടോെ
യന്ന് മനസിലാക്കാന്‍ ഡോപ്ലര്‍ (Doppler) പരിശോധന ആദ്യ ആഴ്ചകളില്‍ നടത്താറുണ്ട്. അഥവാ രക്തയോട്ടം കുറയുന്നതായി കാണുന്നുവെങ്കില്‍ അതിനുള്ള പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യാം. മറ്റ് രക്തധമനികളായ ‘പോര്‍ട്ടല്‍ വെയിന്‍,’ ഹെപ്പാറ്റിക് വെയ്ന്‍ ‘എന്നിവയുടെ ചുരുക്കം സംഭവിക്കാം. പക്ഷേ ഇത് സാധാരണയായി ശസ്ത്രക്രിയയ്ക്കുശേഷംമാസങ്ങള്‍ കഴിഞ്ഞു വരുന്ന സങ്കീര്‍ണതയാണ്. ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും പിത്തനാളികള്‍ തുന്നി ചേര്‍ക്കുമ്പോഴും ചുരുക്കമോ (tsricture)  ചോര്‍ച്ചയോ (leak)സംഭവിക്കാം.

സങ്കീര്‍ണതകളെ തിരിച്ചറിയാം

മേല്‍ പറഞ്ഞ സങ്കീര്‍ണതകള്‍ പലപ്പോഴും പ്രത്യേകിച്ച് ബുദ്ധിമുട്ടുകള്‍ ഒന്നും തുടക്ക ഘട്ടത്തില്‍ കാണിക്കണമെന്നില്ല. കൃത്യമായ കാലയളവില്‍ രക്ത പരിശോധനകളും സ്‌കാനിങ്ങും നടത്തുന്നത്, ഈ പ്രശ്നങ്ങള്‍ പരിധി വിടുന്നതിനു മുമ്പ്, സ്ഥായിയായ തകരാറുകള്‍ പുതിയ കരളില്‍ ഉണ്ടാക്കുന്നതിനു മുന്‍പേ കണ്ടുപിടിക്കാനാണ്.

Read Here: ലോക കരള്‍ ദിനത്തില്‍, കരള്‍ പിളരാത്ത കാലത്തെക്കുറിച്ച്…

എന്നാല്‍ പനിയും ശരീരമാസകലം ചൊറിയുന്നതും പ്രാധാന്യത്തോടെ കാണണം. പനി അണുബാധയാണ് സൂചിപ്പിക്കുന്നത്. ശരീരത്തിന്റെ  ഏത് ഭാഗത്തിലാണ് അണുബാധ വന്നിരിക്കുന്നതെന്നത് കണ്ടുപിടിച്ച് തക്കതായ ചികിത്സ നല്‍കുകയാണ് വേണ്ടത്. അല്ലാതെ സാധാരണ ചെയ്യുന്നതുപോലെ പാരസറ്റമോള്‍ കുറച്ചു ദിവസം കൊടുത്തിട്ട് കുറഞ്ഞില്ലെങ്കില്‍ മാത്രം ആശുപത്രിയില്‍ പോകാമെന്ന സമീപനം കരള്‍ മാറ്റിവച്ച വ്യക്തിയെ സംബന്ധിച്ച് തെറ്റായ തീരുമാനമാണ്. ആന്റി റിജെക്ഷന്‍ മരുന്നുകള്‍ കഴിക്കുന്നത് കാരണം രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാല്‍, ചികിത്സ വൈകിച്ചാല്‍ അണുബാധ പെട്ടെന്ന് രക്തത്തിലേക്കു കലര്‍ന്ന് നിയന്ത്രണവിധേയമാവാതെ പോകാന്‍ സാധ്യതയുണ്ട്

ത്വക്കിന്റെ നിര്‍ജലീകരണം, കഴിക്കുന്ന മരുന്നുകള്‍, പ്രമേഹം എന്നിവ കാരണം  ചൊറിച്ചില്‍ വരാം. എന്നാല്‍ പിത്തനാളിയുടെ ചുരുക്കവും റിജെക്ഷനുമാണ് പ്രാധാന്യമര്‍ഹിക്കുന്ന കാരണങ്ങള്‍. അതിനാല്‍ പനിയോ ചൊറിച്ചിലോ ഉണ്ടെങ്കില്‍ ഉടന്‍ കരള്‍ ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യനെ സമീപിക്കണം.

world-liver-day-fatty-liver-non-alcoholic-fatty-liver-cirrhosis

കരള്‍ മാറ്റിവച്ചരിലെ അര്‍ബുദ സാധ്യത

രോഗപ്രതിരോധശക്തി (Immune system) ആണ് മനുഷ്യശരീരത്തില്‍ അര്‍ബുദം വരാതെ നോക്കുന്നത്. അണുബാധകള്‍ നിയന്ത്രിക്കുന്നതും അര്‍ബുദത്തെ നിയന്ത്രിക്കുന്നതും ഒരേ രോഗപ്രതിരോധശക്തി തന്നെ. ജനിതക വ്യതിയാനം (Mutation) സംഭവിക്കുന്ന കോശങ്ങളുടെ വളര്‍ച്ചയെയും പെരുകലിനെയും തടഞ്ഞ് നശിപ്പിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശക്തി ആണ്.

ആന്റി റിജെക്ഷന്‍ മരുന്നുകള്‍ കൊടുക്കുന്നത് കാരണം അവയവമാറ്റം കഴിഞ്ഞവരില്‍ ചില അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. ത്വക്കിന്റെ കാന്‍സറും ലിംഫോമയുമാണ് ഇവയില്‍ പ്രധാനം. ഏഷ്യന്‍ രോഗികളില്‍ ആമാശയം, അന്നനാളം, വായ, തൊണ്ട എന്നിവിടങ്ങളിലെ കാന്‍സറും ഉണ്ടാവാം. എന്നാല്‍ മറ്റ് അവയവമാറ്റിവയ്ക്കലുകളെ അപേക്ഷിച്ച് കരള്‍ മാറ്റിവയ്ക്കലിനു ശേഷം കൊടുക്കുന്ന ആന്റി റിജെക്ഷന്‍ മരുന്നിന്റെ തോത് വളരെ കുറവായതിനാല്‍ അര്‍ബുദ സാധ്യതയും വളരെ കുറവാണ്.

Read Here: World Hepatitis Day 2020: ഹെപ്പറ്റൈറ്റിസ്: പ്രതിരോധവും ചികിത്സയും

കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിവരില്‍ തുടര്‍ ചികിത്സയുടെ ഭാഗമായി അര്‍ബുദ ലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്ന് നോക്കുന്നത് നല്ലതാണ്. ചില അര്‍ബുദങ്ങള്‍ക്ക് സ്‌ക്രീനിങ് ടെസ്റ്റ് ഉണ്ട്. ഉദാഹരണത്തിനു പാശ്ചാത്യരാജ്യങ്ങളില്‍ 55 വയസിനു ശേഷമുള്ള ആളുകളില്‍ കൊളോണോസ്‌കോപ്പി എന്ന ടെസ്റ്റ് ചെയ്ത് വന്‍കുടല്‍ അര്‍ബുദം ഇല്ലെന്ന് ഉറപ്പുവരുത്താറുണ്ട്. വന്‍കുടല്‍ അര്‍ബുദത്തിന്റെ  മുന്നോടിയായ ‘പോളിപ്പുകള്‍’ ഉണ്ടെങ്കില്‍, അര്‍ബുദമാകുന്നതിനു മുമ്പുതന്നെ അതിനെ നശിപ്പിക്കാം. സ്ത്രീകളെ ബാധിക്കുന്ന ബ്രെസ്റ്റ് കാന്‍സര്‍, സര്‍വിക്കല്‍ കാന്‍സര്‍ എന്നിവയ്ക്കും സ്‌ക്രീനിങ് ടെസ്റ്റുകളുണ്ട്.

അണുബാധ നിയന്ത്രണം: ശ്രദ്ധവേണം ഈ കാര്യങ്ങളില്‍

ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറച്ചുവച്ചാണ് അവയവ തിരസ്‌കരണം അഥവാ റീജക്ഷന്‍  ഒഴിവാക്കുന്നത് എന്നു പറഞ്ഞല്ലോ. ആന്റി റിജെക്ഷന്‍ മരുന്നുകളുടെ ഡോസ് കാലക്രമേണ കുറച്ചുകൊണ്ടുവരികയാണ് ചെയ്യുക. രക്തത്തിലെ മരുന്നുകളുടെ അളവ് നോക്കിയാണ് ഇത് ചെയ്യുന്നത്. ആയതുകൊണ്ട് ആദ്യകാലങ്ങളിലാണ് അണുബാധയ്ക്കുള്ള സാധ്യത കൂടുതല്‍. കാലക്രമേണ ഇത് കുറഞ്ഞുവരും.

എങ്കിലും വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും അണുബാധ നിയന്ത്രണത്തിലുള്ള ശ്രദ്ധ വിട്ടുകളയാന്‍ പാടില്ല. അണുക്കള്‍ ശരീരത്തിലേക്കു കയറുന്നത് വായു, വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ്. പാകം ചെയ്യാത്ത ഒരു ഭക്ഷണവും ഉപയോഗിക്കാന്‍ പാടില്ല. പച്ചക്കറി സാലഡുകള്‍, പാകം ചെയ്യാത്ത ചിലയിനം ചട്നികള്‍, ഭാഗികമായി വേവിച്ച മാംസം എന്നിവ. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക യാത്രപോകുമ്പോള്‍ വെള്ളം കൂടെ കരുതാന്‍ മറക്കേണ്ട. വീടിനു പുറത്തുനിന്ന്/ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നത് അഭികാമ്യം, പ്രത്യേകിച്ച് ആദ്യത്തെ ഒരു വര്‍ഷം.

രാജ്യത്തെ പല നഗരങ്ങളും അന്തരീക്ഷ മലിനീകരണത്തിന്റെ പിടിയിലാണ്. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ ശ്വാസകോശരോഗങ്ങള്‍ പകരാനുള്ള സാധ്യതയേറും. സിനിമ തിയറ്റര്‍, ഷോപ്പിങ് മാള്‍, മാര്‍ക്കറ്റ്, ഉത്സവങ്ങള്‍, ആരാധനാലയങ്ങള്‍, മറ്റു പൊതു ഇടങ്ങള്‍ എന്നിവ ഒഴിവാക്കുക തന്നെ വേണം. പൊതുഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നതു ശീലമാക്കണം. സര്‍ജിക്കല്‍ മാസ്‌കിനെകാളും N95 മാസ്‌കാണ് ശ്വാസകോശ ജന്യമായ രോഗങ്ങള്‍ തടയാന്‍ ഫലപ്രദം.

ശരീരഭാരം നിയന്ത്രിക്കേണ്ടത് എന്തുകൊണ്ട്?

അണുബാധ നിയന്ത്രണം കഴിഞ്ഞാല്‍ ജീവിതശൈലി വ്യതിയാനങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുകയെന്നതാണ്. കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞുള്ള ജീവിത ദൈര്‍ഘ്യത്തിന് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഘടകവും ഇതുതന്നെ.

ശരീരഭാരം വര്‍ധിക്കുന്നതിനൊപ്പം പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നീ അസുഖങ്ങള്‍ വരാനുള്ള സാധ്യതയെയാണ് ‘മെറ്റബോളിക് സിന്‍ഡ്രോം’ എന്നു പറയുക. ജീവിതശൈലീ രോഗമായ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് (NAFLD) എന്ന രോഗം മൂലം സിറോസിസ് വന്ന് കരള്‍ മാറ്റത്തിന് വിധേയരാകുന്നത് 30-40 ശതമാനമാണ്. ഇവര്‍ക്ക് അവയവ മാറ്റത്തിനു ശേഷവും ഇതേ രോഗങ്ങള്‍ നിലനില്‍ക്കുന്നു. കരള്‍ മാറ്റിവയ്ക്കലിനു മുമ്പ് പ്രമേഹമോ രക്തസമ്മര്‍ദമോ കൊളസ്ട്രോളോ ഇല്ലാത്തവര്‍ക്ക് ആന്റി റിജെക്ഷന്‍ മരുന്നായ ‘ടാക്രോലിമസ്’, ‘എവറോലിമസ്’  തുടങ്ങിയവ കഴിക്കുമ്പോഴും ഈ അസുഖങ്ങളൊക്കെ വരാം.

Read Here: World Hepatitis Day: ഹെപ്പറ്റൈറ്റിസ്: ലക്ഷണം, പ്രതിരോധം, ചികിത്സ. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെറ്റബോളിക് സിന്‍ഡ്രോം രക്തക്കുഴലുകളുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നു. ഇത്  ഹൃദയാഘാതാം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളിലേക്കും നയിക്കുന്നു. ഇതേ മെറ്റബോളിക് സിന്‍ഡ്രോം തന്നെ വൃക്കയുടെ ആരോഗ്യത്തെയും ബാധിക്കാം. ആന്റി റിജെക്ഷന്‍ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗവും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇതില്‍നിന്നു മനസിലാക്കേണ്ടത് കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞുള്ള ആയുര്‍ദൈര്‍ഘ്യത്തിനു വേണ്ടത് മെറ്റബോളിക് സിന്‍ഡ്രോമിന്റെ  ശരിയായ കൈകാര്യം ചെയ്യലാണ്. ശരീരഭാരം തന്റെ പ്രായത്തിനും ഉയരത്തിനുമനുസരിച്ച് ക്രമീകരിക്കുക എന്നതാണ് കാതല്‍. ആഹാരനിയന്ത്രണവും കൃത്യമായ വ്യായാമമുറകളും കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞുള്ള ജീവിതദൈര്‍ഘ്യം കൂട്ടാന്‍ കുറച്ചൊന്നുമല്ല സഹായിക്കുന്നത്.

മരുന്നുകള്‍ എന്തൊക്കെ?

കരള്‍ മാറ്റിവയ്ക്കലിനു ശേഷം എന്തെല്ലാം മരുന്നുകളാണ് കഴിക്കേണ്ടത്? എത്ര തരം മരുന്നുകളുണ്ട്? ശരാശരി ഗുളികകളുടെ എണ്ണേെത്ര? എത്ര വര്‍ഷം കഴിക്കണം? ശരാശരി എത്ര  ചെലവ് വരും? തുടങ്ങി മരുന്ന് ചികിത്സയെപ്പറ്റി ഒരുപാട് ചോദ്യങ്ങളുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യത്തെ മാസം ഒരു ദിവസം ഒരുപക്ഷേ ഇരുപതോ മുപ്പതോ  ഗുളികള്‍  കഴിക്കുന്നത്, ഒരു വര്‍ഷം കഴിയുമ്പോള്‍ കേവലം ഒന്നോ രണ്ടോ  ഗുളികയിലേക്ക് ചുരുങ്ങും.

ആദ്യത്തെ നാലു മാസം വരെ മൂന്നു തരം ആന്റിറിജക്ഷന്‍ മരുന്നുകളാണ് ഉപയോഗിക്കുക. Tacrolimus, mycophenolate, steroid എന്നിവയാണവ. ഇതില്‍ steroid രണ്ടാമത്തെ മാസം അല്ലെങ്കില്‍ മൂന്നാമത്തെ മാസം തന്നെ നിര്‍ത്തും. ആദ്യത്തെ മാസങ്ങളില്‍ steroid കഴിക്കുമ്പോള്‍ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദവും കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇവയുടെ പരിശോധനകള്‍ ആദ്യമാസങ്ങളില്‍ കര്‍ശനമായി നടത്തിയിരിക്കണം. Mycophenolate ഒരു വര്‍ഷം വരെയാണ് കൊടുക്കുക. ഒരു വര്‍ഷത്തിനു ശേഷം ഒരൊറ്റ മരുന്നു മാത്രമേ ഉപയോഗിക്കാറുള്ളൂ. മിക്കവാറും ആളുകളില്‍  ഇത്് Tacrolimus ആയിരിക്കും.

ഈ മൂന്നു മരുന്നുകള്‍ അല്ലാതെ വൈറസ്, ബാക്ടീരിയ ഫംഗസ് അണുബാധ നിയന്ത്രണത്തിനുള്ള  മറ്റു ചില മരുന്നുകളും ആദ്യമാസങ്ങളില്‍ ഉപയോഗിക്കാറുണ്ട്.  ഹെപ്പറ്റൈറ്റിസ് ബി മൂലമുള്ള കരള്‍ രോഗം കൊണ്ടാണ് അവയവം മാറ്റിവച്ചതെങ്കില്‍ അതിനുള്ള മരുന്നും തുടര്‍ന്ന് കഴിക്കേണ്ടതുണ്ട്.

മരുന്നുകള്‍ പൂര്‍ണമായി നിര്‍ത്താമോ?

ഈ ചോദ്യം പല രോഗികളും എന്നോട് ചോദിക്കാറുണ്ട്. ചില പരീക്ഷണങ്ങള്‍ ഇതിലേക്ക് വെളിച്ചം വീശുന്നുണ്ടെങ്കിലും പൂര്‍ണമായി മരുന്ന് നിര്‍ത്താന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമല്ല. 20 ശതമാനം ആളുകള്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മരുന്നുകളില്ലാതെ മുന്നോട്ടു പോകാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സര്‍വംസഹയായ കരള്‍, മാറ്റിവയ്ക്കപ്പെട്ട ശരീരവുമായി ഇഴുകിച്ചേരുന്നതാണ് ഇതിനു കാരണം.

ക്ലിനിക്കല്‍ ഓപ്പറേഷണല്‍ ടോളറന്‍സ് എന്നാണ് ഇതിന്റെ സാങ്കേതിക പദം. ഇതു പരീക്ഷണ ഘട്ടത്തില്‍ മാത്രമേ എത്തിയിട്ടുള്ളൂ. മരുന്നു വേണ്ടാത്ത 20 ശതമാനം ആളുകളെ കണ്ടെത്താനുള്ള ടെസ്റ്റുകള്‍ കണ്ടുപിടിക്കും വരെ ഇപ്പോഴത്തെ രീതിയില്‍ തന്നെ തുടര്‍ചികിത്സകളും മരുന്നുകളുമായി മുന്നോട്ടുപോവണം.

  • സീനിയര്‍ കണ്‍സള്‍ട്ടന്റ് ഹെപ്പറ്റോളജിസ്റ്റും ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യനുമാണ് ലേഖകൻ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Life after liver transplantation dr hari kumar nair