മനുഷ്യശരീരത്തിന്‍റെ പ്രവര്‍ത്തനരീതികള്‍ പലപ്പോഴും നമ്മളെ അതിശയിപ്പിക്കാറുണ്ട്. അവയവങ്ങള്‍ വൃത്തിയാക്കുന്നതിനും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ശരീരത്തിന് അതിന്‍റേതായ സംവിധാനങ്ങളുണ്ട്. അത്തരം ഒരു സംവിധാനത്തിന്‍റെ ഭാഗമാണ് ചെവിക്കുള്ളില്‍ കാണപ്പെടുന്ന ചെവിക്കായം (earwax). മെഴുക് പോലെയുള്ള ചെവിക്കായം, വിയര്‍പ്പ് പോലെ ശരീരം പുറംതള്ളുന്ന അഴുക്കാണോ? ഈ സംശയത്തിന് ഇഎൻടി വിദഗ്ധർ മറുപടി നൽകുകയാണ്.
ചെവിയിലെ ഗ്രന്ഥികള്‍ പുറത്തേക്ക് തള്ളുന്ന ചെവിക്കായം പലര്‍ക്കും അസ്വസ്ഥത ഉളവാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് ചെവിയുടെ ഒരു സംരക്ഷണകവചമാണെന്നാണ് ഗുരുഗ്രാമിലെ പരാസ് ആരോഗ്യകേന്ദ്രത്തിലെ, ഇഎൻടി വിഭാഗം മേധാവി ഡോ.അമിതാഭ് മാലിക് പറയുന്നത്. അണുബാധയില്‍ നിന്നും പലതരത്തിലുള്ള അസുഖങ്ങളില്‍ നിന്നും യഥാര്‍ത്ഥത്തില്‍ ചെവിയെ സംരക്ഷിക്കുന്നത് മെഴുക് പോലെയുള്ള ഈ പദാര്‍ത്ഥമാണ്. എന്നാൽ ചില സാമ്യങ്ങള്‍ ഉണ്ടെന്ന് തോന്നുമെങ്കിലും ചെവിക്കായത്തെ വിയര്‍പ്പുമായി താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം ഇന്ത്യൻ എക്സ്‌പ്രസ്സ് ഡോട്ട് കോമിനോട് പറഞ്ഞു.
വിയര്‍പ്പും ചെവിക്കായവും തമ്മിലുള്ള വ്യത്യാസം
ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം ഡോ.മാലിക്ക് വിശദമാക്കുന്നു. ചെവിയിലെ സെറുമിനസ്, സെബേഷ്യസ് ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന സ്രവങ്ങളുടെ മിശ്രിതമാണ് ചെവിക്കായം. ഫാറ്റി ആസിഡും, കൊളസ്ട്രോളും അടങ്ങിയ ഒരു സ്രവമാണ് സെറുമിനസ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്നത്. സെബേഷ്യസ് ഗ്രന്ഥിയാവട്ടെ ത്വക്കിന് മിനുമിനുപ്പ് നല്‍കുന്ന ഒരു സ്രവമാണ് പുറപ്പെടുവിക്കുന്നത്. ഇത് രണ്ടുംചേര്‍ന്നതാണ് നമ്മള്‍ കാണുന്ന മെഴുക് പോലെയുള്ള ചെവിക്കായം.
ചെവിയിലെ തുളകളിലേക്ക് പുറത്ത് നിന്നും ആവശ്യമില്ലാത്ത സാധനങ്ങള്‍ കയറുന്നത് തടയുക, അപ്രതീക്ഷിതമായ അക്രമണങ്ങളില്‍ നിന്നും ചെവിക്ക് സംരക്ഷണം നല്‍കുക എന്നതാണ് ചെവിക്കായത്തിന്റെ പ്രധാനജോലി. മണ്ണും പൊടിയുമൊക്കെ ചെവിക്കുള്ളിലേക്ക് പെട്ടെന്ന് കയറുന്നത് തടയാന്‍ ഈ മെഴുകിന് കഴിയും. ഉപദ്രവവകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കുന്നതിനും ചെവിക്കായം സഹായിക്കുന്നു. ചുരുക്കത്തില്‍ ചെവിക്കുള്ളിലെ ത്വക്ക് വരളുന്നത് തടയുന്നതും മറ്റ് രീതിയിലുള്ള കേടുപാടുകള്‍ നിന്നും ചെവിയെ സംരക്ഷിക്കുന്നതുമെല്ലാം ചെവിക്കായമാണെന്ന് ഡോ.മാലിക്ക് വ്യക്തമാക്കുന്നു.
ശരീരത്തിലെ സ്വേദഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന സ്രവമാണ് വിയര്‍പ്പ്. ഇത് വെള്ളത്തിന്‍റെയും ശരീരം പുറം തള്ളുന്ന മറ്റുപല രാസവസ്തുക്കളുടെയും മിശ്രിതമാണ്. ശരീരത്തിന്‍റെ താപനില ക്രമീകരിക്കുന്നതിനും, ത്വക്കിലെ ജലാംശം നിലനിര്‍ത്തുന്നതിലും വിയര്‍പ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിവിധ ഉപാപചയപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മാലിന്യങ്ങളെ പുറംതള്ളി ശരീരത്തെ വൃത്തിയാക്കുന്നതിന് വിയര്‍പ്പ് സഹായിക്കുന്നുവെന്ന് ഡോ. മാലിക്ക് ചൂണ്ടിക്കാട്ടി. ചുരുക്കത്തില്‍ വിയര്‍പ്പും ചെവിക്കായയും തമ്മില്‍ യാതൊരു സാമ്യവുമില്ല.
ചെവിക്കായം എപ്പോഴാണ് നീക്കം ചെയ്യേണ്ടത്?
ചെവിക്കായം നീക്കുന്നത്, പലപ്പോഴും ആവശ്യമില്ലാത്ത ഒന്നാണെന്നാണ് വോക്ക്ഹാര്‍ഡ് ആശുപത്രിയിലെ ഇഎൻടി ആൻഡ് ഹെഡ് നെക്ക് സര്‍ജനായ ഡോ.ശീതള്‍ റാഡിയ പറയുന്നു. “ചെവിയെ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം ചെവിയില്‍ തന്നെ ഉണ്ട്. യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ചെവി ശരിയായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ചെവിക്കായം നീക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് ഒട്ടൊലാരിംഗോളജി ഹെഡ് ആൻഡ് നെക്ക് സർജറി ഫൗണ്ടേഷൻ നിർദേശിക്കുന്നത്.”
ചെവിക്കായം നിരുപദ്രവകാരിയാണെങ്കിലും ചില സമയങ്ങളില്‍ ഇത് കേള്‍വി ശക്തിയെ ബാധിക്കുന്ന രീതിയിലുള്ള അണുബാധകള്‍ക്കു കാരണമാകാറുണ്ടെന്നും ഡോ.മാലിക്ക് മുന്നറിയിപ്പ് നല്‍കുന്നു. ചെവിക്കായം നീക്കുന്നതിന് മുനയുള്ള വസ്തുക്കള്‍ ഉപയോഗിക്കുക, ഹെഡ്ഫോണുകളും ശ്രവണസഹായികളും ദീര്‍ഘകാലം ഉപയോഗിക്കുക ഇതൊക്കെ ചെവിയുടെ കനാലിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ചെവിക്കായം പ്രശ്നമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇഎൻടി വിദ്ഗധരുടെ സഹായത്തോടെ നീക്കം ചെയ്യണെമെന്നും ഡോ.മാലിക്ക് നിര്‍ദേശിക്കുന്നു.
ചെവിക്കായം നീക്കം ചെയ്യുന്നതിന് പലതരത്തിലുള്ള കിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇത്തരം കിറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഡ്രോപ്സും, ഇയര്‍ ബള്‍ബ് സിറിഞ്ചും ഉള്ള കിറ്റുകള്‍ വാങ്ങിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ഡോ.റാഡിയ പറയുന്നത്. മുന്‍പ് ചെവിയില്‍ എതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയകള്‍ ചെയ്തവരും, ശ്രവണപടത്തില്‍ ദ്വാരമുള്ളവരും സ്വയം ചെവിക്കായം നീക്കുന്നതും ഇത്തരത്തിലുള്ള കിറ്റുകള്‍ പരീക്ഷിക്കുന്നതും അപകടകരമാണ്. ഡോക്ടര്‍മാരുടെ സഹായത്തോടെ അവര്‍ നിര്‍ദേശിക്കുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ചില സമയങ്ങളില്‍ ട്രോമ, കോശങ്ങളിലെ കേടുപാടുകള്‍, അമിതമായ രോമവളര്‍ച്ച ഇതൊക്കെ ചെവിക്കായം കൂടുതലായി ഉല്‍പാദിപ്പിക്കാന്‍ കാരണമാകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ചെവിക്കായം നീക്കം ചെയ്തില്ലെങ്കില്‍ അത് ചെവിയുടെ പ്രവര്‍ത്തനത്തെയും കേള്‍വിശക്തിയെയും ദോഷകരമായി ബാധിക്കുമെന്നും ഡോ. റാഡിയ ഓര്‍മപ്പെടുത്തുന്നു.