ബീറ്റ്റൂട്ടിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും വളർച്ചയ്ക്കും ആവശ്യമായ പോഷകമായ ഫോളേറ്റ് ഇതിൽ ധാരാളമുണ്ട്. പ്രമേഹരോഗികൾക്കും മികച്ചതാണ് ബീറ്റ്റൂട്ട്. ഇൻസുലിൻ ഉൽപാദനത്തിൽ ഏർപ്പെടുകയും രക്തത്തിൽ നിന്ന് പഞ്ചസാര നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന മാംഗനീസിന്റെ നല്ല ഉറവിടം കൂടിയാണിത്. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ഇവ സഹായിക്കും. ബീറ്റ്റൂട്ടിൽ കാണപ്പെടുന്ന നൈട്രേറ്റ് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കും.
മറ്റ് ചില പച്ചക്കറികളുമായി താരതമ്യപ്പെടുത്തുമ്പോൾ ബീറ്റ്റൂട്ടിൽ കാർബോഹൈഡ്രേറ്റ് കുറവാണ്. അതിനാൽ തന്നെ പ്രമേഹരോഗികൾക്ക് ഇതൊരു നല്ലൊരു ഓപ്ഷനാണ്. നാരുകളുടെ നല്ല ഉറവിടമായതിനാൽ സംതൃപ്തി വർധിപ്പിക്കാനും കാർബോഹൈഡ്രേറ്റിന്റെ ആഗിരണം മന്ദഗതിയിലാക്കാനും സഹായിക്കുന്നു. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയുന്നു. പ്രോട്ടീൻ സമ്പന്നമായ തൈര് അല്ലെങ്കിൽ പയർവർഗ്ഗങ്ങൾ, വിത്തുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുമായി ബീറ്റ്റൂട്ട് സംയോജിപ്പിക്കുന്നത് ഭക്ഷണത്തിലെ ഗ്ലൈസെമിക് ലോഡ് കുറയ്ക്കാൻ സഹായിക്കും.
ബീറ്റാലൈൻസ് എന്ന സംയുക്തങ്ങൾ ഉൾപ്പെടെ, ആന്റി ഓക്സിഡന്റുകളുടെ നല്ല ഉറവിടമാണ് ബീറ്റ്റൂട്ട്. ഈ ആന്റിഓക്സിഡന്റുകൾ വീക്കം കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. പ്രമേഹമുള്ള വ്യക്തികൾക്ക് ഇത് ഗുണം ചെയ്യും. അവ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദവും ഫ്രീ റാഡിക്കലുകളും കുറയ്ക്കും. ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ കുറവ് കൊണ്ട് അർഥമാക്കുന്നത് റെറ്റിനോപ്പതി, വൃക്കരോഗം, ന്യൂറോപ്പതി, ഡയബറ്റിക് ഫൂട്ട് ഡിസീസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പ്രമേഹ സങ്കീർണതകൾക്കുള്ള സാധ്യത കുറവാണ്.
ആൽഫ-ലിപ്പോയിക് ആസിഡിന്റെ സാന്നിധ്യം കാരണം ബീറ്റ്റൂട്ട് കഴിക്കുന്നതിലൂടെ പ്രമേഹരോഗികൾക്ക് നാഡികൾക്കും കണ്ണിനും ഉണ്ടാകുന്ന തകരാറുകൾ പോലുള്ള സങ്കീർണതകൾ കുറയ്ക്കാൻ കഴിയും. ഹീമോഗ്ലോബിൻ അളവ് വർധിപ്പിക്കും. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ബീറ്റാസയാനിൻ ട്യൂമറുകളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു.
ബീറ്റ്റൂട്ട് മിതമായ അളവിൽ കഴിക്കുക, അമിതമാകരുത്. അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും. ഒരിക്കലും ജ്യൂസ് രൂപത്തിൽ കഴിക്കരുത്.