മരുന്നിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ഒത്തുചേർന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും. നിങ്ങൾ ഒരു പ്രമേഹരോഗിയാണെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കണം. പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ തടയാൻ ഇത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളും പാനീയങ്ങളുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുരിങ്ങയും അതിന്റെ ഇലകളും. മുരിങ്ങയുടെയും അതിന്റെ ഇലകളുടെയും ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പറയുകയാണ് ഡയറ്റീഷ്യൻ പവിത്ര എൻ.രാജ്.
”ഔഷധ ഗുണങ്ങൾക്കായി നൂറ്റാണ്ടുകളായി മുരിങ്ങ മരം ഉപയോഗിച്ചുവരുന്നു. ഈ ചെടിയുടെ തണ്ട്, ഇലകൾ, പുറംതൊലി, പൂവ്, പഴങ്ങൾ, ചെടിയുടെ മറ്റ് പല ഭാഗങ്ങൾ എന്നിവ വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാം. മുരിങ്ങയ്ക്ക് ആന്റിഫംഗൽ, ആൻറിവൈറൽ, ആന്റീഡിപ്രസന്റ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അവശ്യ ധാതുക്കളാൽ സമ്പുഷ്ടമാണ് മുരിങ്ങ. ഇത് കാൽസ്യത്തിന്റെ ഉറവിടമാണ്. പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, ചെമ്പ്, ഫോസ്ഫറസ് തുടങ്ങിയ മറ്റ് പോഷകങ്ങളും ഭക്ഷണത്തിൽ ചേർക്കാൻ മുരിങ്ങയ്ക്ക് കഴിയും,” അവർ പറഞ്ഞു.
മുരിങ്ങയിലയിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ ക്വെർസെറ്റിനും മറ്റൊരു ആന്റിഓക്‌സിഡന്റായ ക്ലോറോജെനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു. മുരിങ്ങയിലയിൽ കാണപ്പെടുന്ന ക്ലോറോജെനിക് ആസിഡ് പഞ്ചസാരയെ നന്നായി പ്രോസസ്സ് ചെയ്യാൻ ശരീരത്തെ സഹായിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
മുരിങ്ങയുടെ ആൻറിബയോട്ടിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മലബന്ധം, ഗ്യാസ്ട്രൈറ്റിസ്, വൻകുടൽ പുണ്ണ് തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. മുരിങ്ങയിലയുടെ അളവ് ഒരു ദിവസം ഒരു ടീസ്പൂൺ ആയിരിക്കണം, അത് 2 ഗ്രാമിന് തുല്യമാണ്. പ്രമേഹരോഗികൾക്ക് അവരുടെ രോഗാവസ്ഥയനുസരിച്ച് കൃത്യമായ അളവ് അറിയാൻ ഡോക്ടറെ സമീപിക്കാവുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.