ഔഷധഗുണമേറെയുള്ള പച്ചക്കറികളിലൊന്നാണ് എരുമപാവൽ. ആരോഗ്യകരം മാത്രമല്ല, ഈ പച്ചക്കറിയിൽ കലോറിയും വളരെ കുറവാണ്. വെള്ളരിവർഗ കുടുംബത്തിൽപ്പെട്ടതാണിത്. പാവയ്ക്ക പോലുള്ള വിഭവങ്ങൾ തയ്യാറാക്കാൻ ഈ പച്ചക്കറി ഉപയോഗിക്കാം.
എരുമപാവലിന്റെ ആരോഗ്യ ഗുണങ്ങൾ
- ചില സസ്യങ്ങളിൽ കാണപ്പെടുന്ന പദാർത്ഥമായ ഫൈറ്റോ ന്യൂട്രിയന്റുകളുടെ മികച്ച ഉറവിടമാണിത്. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമാണെന്നും വിവിധ രോഗങ്ങളെ തടയാൻ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. 100 ഗ്രാമിൽ ഏകദേശം 17 കലോറി അടങ്ങിയിട്ടുള്ളതിനാൽ ഈ പച്ചക്കറിയിൽ കലോറി കുറവാണ്. എരുമപാവലിൽ ജലാംശം കൂടുതലാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഗുണം ചെയ്യുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് സീമ സിങ് പറഞ്ഞു.
- സീസണൽ രോഗങ്ങളായ ചുമ, ജലദോഷം, മറ്റ് അലർജികൾ എന്നിവ തടയാൻ സഹായകമാണ്.
- പ്ലാന്റ് ഇൻസുലിൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. നാരുകളും ജലത്തിന്റെ അംശം കൂടുതലുള്ളതുമായ എന്തും പ്രമേഹരോഗികൾക്ക് മികച്ച തിരഞ്ഞെടുപ്പാണെന്ന് സിങ് അഭിപ്രായപ്പെട്ടു.
- ഈ പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ പോലുള്ള കരോട്ടിനോയിഡുകൾ വിവിധ നേത്രരോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസറുകൾ എന്നിവ തടയാൻ സഹായിക്കുന്നു. വിറ്റാമിൻ സിയുടെ ഉറവിടമായതിനാൽ, പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായതിനാൽ, ശരീരത്തിൽ നിന്ന് ടോക്സിക് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുകയും കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ വിവിധ ഫ്ലേവനോയ്ഡുകൾ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഇതിന് ആന്റി-ഏജിങ് ഗുണങ്ങളുമുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞു.
- ഇതിൽ നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ദഹനം എളുപ്പമാക്കാനും മലബന്ധം ഇല്ലാതാക്കാനും ഉപയോഗപ്രദമാണ്.
എരുമപാവൽ വീട്ടിൽ നട്ടുവളർത്താം
നല്ല വളക്കൂറുള്ളതും വെള്ളക്കെട്ട് ഇല്ലാത്ത ഇടത്തെ ഇളക്കമുള്ളതുമായ മണ്ണാണ് ഈ പച്ചക്കറി വളർത്താൻ അനുയോജ്യം. ചട്ടികളിൽ ഇളക്കമുള്ള മണ്ണ് മിശ്രിതത്തിലും ഇവ വളർത്താം. കൃഷി ഗവേഷണ കേന്ദ്രങ്ങളിൽനിന്നു ഇവയുടെ ഇനങ്ങൾ വാങ്ങാവുന്നതാണ്. തൈ നട്ട് 45-50 ദിവസത്തിനുള്ളിൽ കായ് വന്നു തുടങ്ങും. 4-5 വർഷം വരെ വിളവെടുക്കാവുന്നതാണ്.