scorecardresearch
Latest News

ദഹനത്തിന് നല്ലത്, വായ്നാറ്റം അകറ്റും; വെറും വയറ്റിൽ ഓറഞ്ച് തൊലി ചേർത്ത ചായ കുടിക്കൂ

രാവിലെ വെറും വയറ്റിൽ ഈ ചായ കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും

ദഹനത്തിന് നല്ലത്, വായ്നാറ്റം അകറ്റും; വെറും വയറ്റിൽ ഓറഞ്ച് തൊലി ചേർത്ത ചായ കുടിക്കൂ

ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് ഓറഞ്ച്. രോഗപ്രതിരോധശേഷി, ഹൃദയാരോഗ്യം, ചർമ്മത്തിന്റെ ആരോഗ്യം എന്നിവ വർധിപ്പിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഓറഞ്ച് സഹായിക്കുന്നു. ഓറഞ്ചിന്റെ തൊലിക്കും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

ഓറഞ്ച് കഴിക്കുമ്പോൾ തൊലി വലിച്ചെറിയരുതെന്നും അതിന് ആരോഗ്യ ഗുണങ്ങളുണ്ടെന്നും പറയുകയാണ് കണ്ടന്റ് ക്രിയേറ്റർ അർമൻ ആദംജാൻ. ഓറഞ്ച് തൊലി ഉപയോഗിച്ചുള്ള ചായയെക്കുറിച്ചും അത് തയ്യാറാക്കുന്നതിനെക്കുറിച്ചും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

ഒരു പാനിൽ ഓറഞ്ച് തൊലികൾ 30 മിനിറ്റ് 200 ഡിഗ്രിയിൽ ബേക്ക് ചെയ്യുക
അതിനുശേഷം തരിയില്ലാതെ പൗഡർ രൂപത്തിൽ പൊടിച്ചെടുക്കുക
ഒരു ടീബാഗിൽ 1 ടീസ്പൂൺ പൊടി എടുക്കുക. ഒരു കപ്പിലേക്ക് ഇടുക. ഇതിലേക്ക് കുറച്ച് ചൂടുവെള്ളം ചേർക്കുക. ഓറഞ്ച് ടീ റെഡി.

“ഇത് വിറ്റാമിനുകളാൽ നിറഞ്ഞിരിക്കുന്നു, ദഹനത്തിന് നല്ലതാണ്, നെഞ്ചെരിച്ചിൽ, അസിഡിറ്റി, വായ്നാറ്റം എന്നിവ അകറ്റുന്നു. കൂടാതെ ഹാങ് ഓവറുകൾ പോലും മാറ്റുന്നു,” ആദംജാൻ പറഞ്ഞു.

ഓറഞ്ച് തൊലി കൊണ്ടുള്ള ചായ ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും കൊളാജൻ രൂപീകരണം വർധിപ്പിക്കാനും ശ്വസന ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്ന് ഗുരുഗ്രാമിലെ നാരായണ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ മോഹിനി ഡോംഗ്രെ പറഞ്ഞു. എല്ലാ ദിവസവും രാവിലെ ഈ ചായ കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കും.

കൂടാതെ, വിറ്റാമിൻ സിയുടെ ഉയർന്ന ഉള്ളടക്കം മെറ്റബോളിസവും പ്രതിരോധശേഷിയും വർധിപ്പിക്കും. രാവിലെ വെറും വയറ്റിൽ ഈ ചായ കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

മലബന്ധ പ്രശ്നങ്ങളുള്ളവർക്കും ഇത് നല്ലതാണ്. ഓറഞ്ച് തൊലി മൊത്തത്തിലുള്ള ദഹന ആരോഗ്യത്തിനും ആസിഡ് റിഫ്ലക്‌സ്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കും സഹായിച്ചേക്കാമെന്ന് അവർ പറഞ്ഞു. അതേസമയം, ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ ഡോക്ടറുമായി സംസാരിച്ചതിനുശേഷമേ ഓറഞ്ച് തൊലി കൊണ്ടുള്ളതെന്തും കഴിക്കാവൂവെന്ന് അവർ നിർദേശിച്ചു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Kick start your day with orange peel tea on an empty stomach