രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി ഉയരുന്ന ഒരു അവസ്ഥയാണ് പ്രമേഹം. രോഗനിർണയം നടത്തിക്കഴിഞ്ഞാൽ, രോഗിയുടെ ഭക്ഷണക്രമം നിയന്ത്രണവിധേയമാക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന ഏതെങ്കിലും ഭക്ഷ്യവസ്തുക്കൾ (പ്രത്യേകിച്ച് പഞ്ചസാര) ഒഴിവാക്കുക.
പ്രമേഹം നിയന്ത്രണവിധേയമാക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ചില പഴങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
പേരക്ക
ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഡയറ്ററി നാരുകളാൽ സമ്പുഷ്ടമാണ് പേരക്ക. കൂടാതെ, കലോറി കുറവായതിനാൽ പെട്ടെന്ന് ദഹിക്കാനും കോശങ്ങൾക്ക് സാവധാനം ആഗിരണം ചെയ്യാനും കഴിയും.
ആപ്പിൾ
എല്ലാ സീസണിലും ലഭ്യമായ പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. പ്രമേഹമുള്ള ഒരാൾക്ക് മികച്ച പഴമാണ്. പതിവായി ആപ്പിൾ കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. പോളിഫെനോളുകൾ (ആപ്പിളിന്റെ തൊലിയിൽ കാണപ്പെടുന്നു) ധാരാളമായി അടങ്ങിയതാണ് ഇതിന് കാരണം.
പപ്പായ
രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായ ഫ്ലേവനോയിഡുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഈ പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ തടയാനും ആരോഗ്യകരമായ ഭാരം നിയന്ത്രിക്കാനും കഴിയും.
ഞാവൽ പഴം അല്ലെങ്കിൽ ബ്ലാക്ക് പ്ലം
പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന അറിയപ്പെടുന്ന ആയുർവേദ പ്രതിവിധിയാണ് ഇന്ത്യൻ ബ്ലാക്ക്‌ബെറി എന്നറിയപ്പെടുന്ന ഞാവൽ പഴം. ഈ പഴത്തിൽ പഞ്ചസാരയുടെ അളവ് കുറവാണ്, ഇത് ദിവസവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങളും ആന്റിഓക്‌സിഡന്റുകളും അന്നജത്തെ ഊർജമാക്കി മാറ്റാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താനും സഹായിക്കുന്നു.
പീച്ച്
പ്രമേഹരോഗികൾക്കുള്ള മറ്റൊരു മികച്ച പഴമാണ് പീച്ച്. സ്‌റ്റോൺ ഫ്രൂട്ട് എന്നും അറിയപ്പെടുന്ന പീച്ചിൽ നാരുകൾ കൂടുതലുള്ളതും പ്രമേഹത്തിന് അനുയോജ്യവുമാണ്. പീച്ചിൽ അടങ്ങിയിരിക്കുന്ന ബയോ ആക്റ്റീവ് സംയുക്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഫലപ്രദമായി സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.