ചില സമയങ്ങളിൽ വായ്നാറ്റം പലരെയും മാനസികമായി ബുദ്ധിമുട്ടിക്കാറുണ്ട്. ഇത് വായ് ശുചിത്വമില്ലായ്മയുടെ അടയാളം മാത്രമല്ല, അടിയന്തിരമായി ശ്രദ്ധ ചെലുത്തേണ്ട ചില ആരോഗ്യപ്രശ്നങ്ങളെയും സൂചിപ്പിക്കാം. “വായ്നാറ്റം ശാരീരിക ആരോഗ്യത്തെ മാത്രമല്ല, ഒരാളുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും സാമൂഹിക ഉത്കണ്ഠയിലേക്ക് നയിക്കുകയും ചെയ്യും,” ആയുർവേദ വിദഗ്ധയായ വരയനമന്ദ്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
വായ്നാറ്റം ചിലപ്പോൾ ഒരു വ്യക്തിയെ സോഷ്യൽ സർക്കിളുകളിൽ നിന്ന് അകറ്റാൻ കാരണമാകുമെന്ന് സ്മൈൽ മേക്കോവർ സ്പെഷ്യലിസ്റ്റ് ഡോ.നിദാ ഖത്തീബ് മുമ്പ് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞിരുന്നു. ”വായ്നാറ്റം ഒരു വ്യക്തിയുടെ സൈക്കോളജിയിൽ വലിയ സ്വാധീനം ചെലുത്തും. കുടുംബവുമായോ സുഹൃത്തുക്കളുമായോ മറ്റുള്ളവരുമായോ ഇടപഴകുമ്പോൾ ഒരു വ്യക്തിക്ക് ഇത് അസ്വസ്ഥത ഉണ്ടാക്കിയേക്കാം, അതിനാൽ നല്ല വായ് ശുചിത്വം പാലിക്കുകയും വായ്നാറ്റം അകറ്റുകയും ചെയ്യേണ്ടത് പ്രധാനമാണ്,” അവർ പറഞ്ഞു.
എന്താണ് വായ്നാറ്റത്തിന് കാരണമാകുന്നത്?
പല്ലുകൾ അല്ലെങ്കിൽ മോണ രോഗങ്ങൾ, വെളുത്തുള്ളി അല്ലെങ്കിൽ പച്ച ഉള്ളി കഴിക്കുന്നത്, കുടലിലെ പ്രശ്നങ്ങൾ, SIBO (ചെറുകുടലിൽ ബാക്ടീരിയകളുടെ വളർച്ച), GERD (ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം) എന്നിവയാണ് വായ്നാറ്റത്തിന്റെ പൊതുവായ കാരണങ്ങളെന്ന് ഡോ.വര വ്യക്തമാക്കി. സൾഫർ, കെറ്റോണുകൾ തുടങ്ങിയ തന്മാത്രകളാണ് വായ്നാറ്റത്തിന് കാരണമാകുന്നതെന്ന് ഡോ.നിദ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ചിലരിൽ, കഴിക്കുന്ന ഭക്ഷണത്തിൽ നിന്നോ അല്ലെങ്കിൽ അവർ കഴിക്കുന്ന മരുന്നുകളിൽ നിന്നോ ഇതുണ്ടാകുന്നു. രാത്രി മുഴുവൻ വായിൽ തങ്ങിനിൽക്കുന്ന ഭക്ഷണകണികകൾ ബാക്ടീരിയകളായി മാറുകയും വായ്നാറ്റത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു.
വായ്നാറ്റം എങ്ങനെ കൈകാര്യം ചെയ്യാം?
വായ്നാറ്റം എളുപ്പത്തിൽ അകറ്റാൻ സഹായിക്കുന്ന ചില ആയുർവേദ പ്രതിവിധികളും ഡോ.വര പങ്കുവച്ചിട്ടുണ്ട്.
വായുടെ ആരോഗ്യം നിലനിർത്തുക: വേപ്പിലയും കരിവേലവും ഉപയോഗിച്ച് നിർമ്മിച്ച ആയുർവേദ പല്ല് പൊടി ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണ പല്ലുതേയ്ക്കുക. അതിനൊപ്പം ത്രിഫല കഷായം ഉപയോഗിച്ച് വായ് കവിൾകൊള്ളുന്നത് ശീലിക്കുക.
സമീകൃതാഹാരം കഴിക്കുക: ക്രാഷ് ഡയറ്റുകളും ആവശ്യത്തിന് വെള്ളം കുടിക്കാത്തതും വായ്നാറ്റത്തിന് കാരണമാകും. സമീകൃത ഭക്ഷണം കഴിക്കുകയും നന്നായി ജലാംശം നൽകുകയും ചെയ്യുന്നതിലൂടെ ഇത് ഒഴിവാക്കാം.
ആസിഡ് റിഫ്ളക്സ് ശ്രദ്ധിക്കുക: 90% സമയവും വായ്നാറ്റത്തിന് കാരണം വായുടെ ആരോഗ്യവും മറ്റ് പ്രശ്നങ്ങളുമാണ്. ആസിഡ് റിഫ്ലക്സും ഇതിനൊരു കാരണമാകാം. സ്വയം പരിചരണവും മരുന്നുകളും ആസിഡ് റിഫ്ലക്സിൽനിന്നും രക്ഷ നേടാൻ സഹായകമാകും, അതുവഴി വായ്നാറ്റം അകറ്റാം.
പെരുംജീരകം: പെരുംജീരകം വായ് നാറ്റത്തിനുള്ള ഉത്തമ പ്രതിവിധിയാണ്. “പെരുംജീരകം കൈയ്യിൽ സൂക്ഷിക്കുക, ഭക്ഷണത്തിന് ശേഷം ചവയ്ക്കുക. ഇത് നിങ്ങളുടെ വായ ഫ്രഷ് ആയി നിലനിർത്തും.
മൂലകാരണം കണ്ടെത്തുക: പ്രമേഹം, വൃക്കരോഗം തുടങ്ങിയ രോഗങ്ങളുടെ സൂചനയാകാം വായ്നാറ്റം.