ജോലി കഴിഞ്ഞ് എല്ലാ രാത്രിയും മദ്യപിക്കാൻ പലരും താൽപര്യപ്പെടാറുണ്ട്, അത്തരത്തിൽ മദ്യം കഴിക്കുന്നത് ഗുണകരമാണെന്ന തരത്തിൽ ലേഖനങ്ങളും പലപ്പോഴും കാണാറുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് കുറച്ച് ആശങ്കാകരമായ ഗവേഷണ ഫലങ്ങൾ വന്നിരിക്കുകയാണ് ഇപ്പോൾ.
ഒരു ദിവസം 12 ഗ്രാം എഥനോൾ കഴിക്കുന്ന ആളുകൾക്ക് ‘ആട്രിയൽ ഫൈബ്രിലേഷൻ’ എന്ന രോഗാവസ്ഥ പിടപെടാൻ മറ്റുള്ളവരെ അപേക്ഷിച്ച് 16 ശതമാനം അധിക സാധ്യതയുണ്ടെന്ന് യൂറോപ്യൻ ഹാർട്ട് ജേണലിലെ ഒരു റിപ്പോർട്ടിൽ പറുന്നു. 120 മില്ലി വൈൻ, 330 മില്ലി ബിയർ, 40 മില്ലി മദ്യം എന്നിവയ്ക്ക് തത്തുല്യമാണ് 12 ഗ്രാം എഥനോൾ.
ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാവുന്ന രോഗാവസ്ഥയാണ് ‘ആട്രിയൽ ഫൈബ്രിലേഷൻ’. 12 ഗ്രാം എഥനോൾ കഴിക്കുന്നത് ഈ രോഗാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യത വർധിപ്പിക്കുമെന്നത് അർത്ഥമാക്കുന്നത് ദിവസവും ഒരു പെഗ് മദ്യം മാത്രം കഴിച്ചാലും അത് ഹൃദയമിടിപ്പിന്റെ താളം തെറ്റാൻ കാരണമാവും എന്നാണ്.
Read More: പുകവലിയും മദ്യപാനവും അമിതവണ്ണവും യുവാക്കളിൽ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമോ?
‘ആട്രിയൽ ഫൈബ്രിലേഷനി’ൽ ഹൃദയമിടിപ്പ് വർദ്ധിക്കുകയാണ് ചെയ്യുക. തലകറക്കത്തിനും ക്രമരഹിതവും പലപ്പോഴും വേഗത്തിലുള്ളതുമായ ഹൃദയമിടിപ്പിനും കാരണമാകുന്ന ഹൃദയമിടിപ്പിന്റെ സ്വഭാവമാണ് ഏട്രൽ ഫൈബ്രിലേഷൻ.ഇത് ആളുകളെ ഹൃദയാഘാതത്തിലേക്ക് എത്തിച്ചേക്കാം. മദ്യപിക്കുന്ന ആളുകളിൽ മദ്യം എത്രത്തോളം കഴിക്കുന്നു എന്നതിന്റെ അളവ് അനുസരിച്ച് ഏട്രിയൽ ഫൈബ്രിലേഷൻ സാധ്യത ക്രമാതീതമായി വർദ്ധിച്ചുവെന്ന് പഠനത്തിൽ പറയുന്നു.
ഒരു ദിവസം ഒരു പെഗ് കഴിക്കുന്നവരിൽ ഇത് 16 ശതമാനമാണെങ്കിൽ, രണ്ട് പെഗ് കഴിക്കുന്നവരിൽ ഇത് 28 ശതമാനമായും നാലിൽ കൂടുതൽ കഴിക്കുന്നവരിൽ ഇത് 47 ശതമാനമായും വർധിക്കുന്നു.
Read More: പെട്ടെന്നുള്ള ഹൃദയസ്തംഭനം; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങൾ
മദ്യം കഴിക്കുന്നവരിൽ രോഗസാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് ഹാംബർഗ്-എപ്പെൻഡോർഫിലെ യൂണിവേഴ്സിറ്റി ഹാർട്ട് ആൻഡ് വാസ്കുലർ സെന്ററിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റും പഠനത്തിന്റെ സഹ രചയിതാവുമായ പ്രൊഫസർ റെനേറ്റ് ഷ്നാബെൽ മുന്നറിയിപ്പ് നൽകുന്നു.
“മറ്റ് ഹൃദയ രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, കുറഞ്ഞതും മിതമായതുമായ മദ്യപാനം പോലും ഏട്രൽ ഫൈബ്രിലേഷൻ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് പ്രധാന സന്ദേശം. ആട്രിയൽ ഫൈബ്രിലേഷനെക്കുറിച്ചുള്ള ഒരു മോശം കാര്യം, ഇത് ലക്ഷണമില്ലാത്തതും സ്ട്രോക്ക് പോലുള്ള മറ്റ് പ്രശ്നങ്ങളിലേക്ക് നയിക്കുന്നതുമാണ് എന്നതാണ്. പല ആളുകളിലും, ഹൃദയാഘാതമാണ് രോഗത്തിന്റെ പ്രകടമാവുന്ന ആദ്യ ലക്ഷണം,”റെനേറ്റ് ഷ്നാബെൽ പറഞ്ഞു.