ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളം ധാരാളം കുടിക്കണമെന്ന് ആളുകൾ പറയുന്നത് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും. നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും, ജലാംശം നിലനിർത്തുന്നതിനുള്ള മികച്ച പ്രതിവിധി വെള്ളമല്ല. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ഡോ.സിദ്ധാർത്ഥ് ഭാർഗ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഇതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
വെള്ളം ആരോഗ്യകരമായ പാനീയമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ദാഹം ശമിപ്പിക്കുന്നതിന് ഏറ്റവും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. നിർജലീകരണം സംഭവിക്കുമ്പോൾ ഏറ്റവും മികച്ച മാർഗം ഒരു ഗ്ലാസ് പാലോ, ഒആർഎസോ അല്ലെങ്കിൽ ഓറഞ്ച് ജ്യൂസോ കുടിക്കാൻ അദ്ദേഹം നിർദേശിച്ചു.
”ഹൈഡ്രേഷൻ ഇൻഡക്സ് എന്ന് വിളിക്കുന്ന ഒരു സൂചികയുണ്ട്. നമ്മുടെ ശരീരത്തിൽ കൂടുതൽ കാലം നിലനിൽക്കാനുള്ള വ്യത്യസ്ത ദ്രാവകങ്ങളുടെ കഴിവിനെ അത് താരതമ്യം ചെയ്യുന്നു. ദാഹം ശമിപ്പിക്കുന്ന വെള്ളം ഈ പട്ടികയിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും വളരെ താഴെയാണ്. പാൽ, ഒആർഎസ്, ഓറഞ്ച് ജ്യൂസ്, തേങ്ങാ വെള്ളം ഇവയ്ക്കെല്ലാം വെള്ളത്തേക്കാൾ ഉയർന്ന ഹൈഡ്രേഷൻ സൂചികയുണ്ട്,” ഡോ.സിദ്ധാർത്ഥ് പറഞ്ഞു.
ധാരാളം വെള്ളം കുടിക്കുന്നത് തുടരുക, എന്നാൽ ചില സാഹചര്യങ്ങളിൽ, വെള്ളത്തേക്കാൾ മികച്ചത് എന്താണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദാഹം ശമിപ്പിക്കുന്നതിന് പാൽ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ദ്രാവക പാനീയങ്ങൾ മാത്രമല്ല, ചില ഭക്ഷണങ്ങളും ജലാംശം നിലനിർത്താൻ സഹായിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ.സ്മൃതി ജുൻജുൻവാല പറഞ്ഞു. തണ്ണിമത്തൻ, തക്കാളി, കുതിർത്ത ബീൻസ് തുടങ്ങിയ ഉയർന്ന അളവിലുള്ള വെള്ളമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും മനുഷ്യ ശരീരത്തിൽ ജലാംശം നിലനിർത്താൻ കഴിയും. കൂടാതെ, എല്ലാ അസംസ്കൃത പഴങ്ങളിലും പച്ചക്കറികളിലും പാകം ചെയ്തവയെ അപേക്ഷിച്ച് കൂടുതൽ വെള്ളം അടങ്ങിയിട്ടുണ്ട്. സാധാരണ വെള്ളം കുടിക്കുന്നതിനെ അപേക്ഷിച്ച് ഒരു മുഴുവൻ പഴം കഴിക്കുന്നത് ശരീരത്തിലെ ജലാംശം കൂടുതൽ നേരം നിലനിർത്തുമെന്ന് അവർ പറഞ്ഞു.