scorecardresearch

ഭക്ഷണക്രമവും ജീവിതശൈലിയും മാറ്റിയിട്ടും ഫാസ്റ്റിങ്ങ് ഷുഗർ കൂടുതലാണോ? ഇതാവാം കാരണം

വളരെ കുറച്ച്, അല്ലെങ്കിൽ അമിതമായ ഉറക്കം എന്നിവ ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് ഡോ.അംബരീഷ് മിത്തൽ

low blood sugar, hypoglycemia, slurred speech, neurological symptoms, glucose, brain function, coma, healthcare, health
പ്രതീകാത്മക ചിത്രം

“ഡോക്ടർ, നിങ്ങൾ ഉപദേശിച്ച പോലെയെല്ലാം ഞാൻ ചെയ്യുന്നു. പതിവായി മരുന്ന് കഴിക്കുന്നു, പ്രഭാത നടത്തം, സമീകൃതാഹാരം എന്നിവയെല്ലാം ശീലമാക്കി. എന്നാൽ ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗർ എപ്പോഴും 150നും -160നും ഇടയിലാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്?”

എന്റെ പേഷ്യന്റ്, അവരുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനായി കാര്യമായ നടപടികൾ കൈക്കൊണ്ടിരുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെട്ടെങ്കിലും പ്രതീക്ഷിച്ച അളവിൽനിന്നു കുറവായിരുന്നു. ഫാസ്റ്റിങ്ങ് ഗ്ലൂക്കോസ് നിയന്ത്രിക്കാനും കഴിയുന്നില്ല, എവിടെയാണ് തെറ്റ് പറ്റിയത്?

“ഇന്നലെ രാത്രി താങ്കൾ നന്നായി ഉറങ്ങിയോ?” എന്ന് ഞാൻ ചോദിച്ചു. അതോടെ എനിക്കുള്ള ഉത്തരം ലഭിച്ചു. “ഇല്ല ഡോക്ടർ, ജോലി സമ്മർദം കൂടുതലാണ്, മാസങ്ങളായി ഞാൻ നന്നായി ഉറങ്ങിയിട്ടില്ല!”

ഉറക്കക്കുറവ് പ്രമേഹ നിയന്ത്രണത്തെ ബാധിക്കുമോ? പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും പങ്ക് വളരെയധികം ശ്രദ്ധിക്കപ്പെടുമ്പോൾ, ഉറക്കത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് വളരെ അപൂർവമാണ്. നഗരവാസികളിൽ ഏതാണ്ട് മൂന്നിലൊന്ന് പേരും ഉറക്കക്കുറവ് മൂലം ബുദ്ധിമുട്ടുന്നവരായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഉറക്കവും പ്രമേഹവും തമ്മിലുള്ള ഈ സുപ്രധാന ബന്ധം മനസ്സിലാക്കാം.

ഉറക്കക്കുറവ് പ്രമേഹത്തെ ബാധിക്കുന്നു

കുറച്ച് ഉറങ്ങുന്ന ആളുകൾക്ക് ഇൻസുലിൻ പ്രതിരോധം ഉണ്ടായേക്കാമെന്നും പ്രീ-ഡയബറ്റിസ്, ഡയബറ്റിസ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദിവസവും ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്ന ചെറുപ്പക്കാരിൽ നന്നായി ഉറങ്ങുന്നവരെക്കാൾ 40 ശതമാനം അധികം പ്രമേഹ സാധ്യതയുണ്ട്. നേരത്തെ തന്നെ പ്രമേഹമുള്ളവരും ഉറക്കക്കുറവുള്ളവരുമായ ആളുകൾക്ക് പ്രമേഹ നിയന്ത്രണം കുറവാണ്.

ഉറക്കക്കുറവ് ഗ്‌ലറിൻ എന്ന ഹോർമോണിനെ ഉത്തേജിപ്പിക്കുന്നു, ഇത് നിങ്ങൾക്ക് പതിവിലും അധികം വിശപ്പുണ്ടാക്കുന്നു. കൂടാതെ സംതൃപ്തിയെ സൂചിപ്പിക്കുന്ന ഹോർമോണായ ലെപ്റ്റിൻ കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഭക്ഷണത്തിന്റെ അളവ്, ശരീരഭാരം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എന്നിവ വർധിപ്പിക്കുന്നതിനും കാരണമാകുന്നു. രാത്രിയിൽ ഉണർന്നിരിക്കുന്നത് എന്തെങ്കിലും ഭക്ഷണം കഴിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (ഒഎസ്എ)

അമിത ശരീരഭാരവും ടൈപ്പ് 2 പ്രമേഹവും വളരെ അടുത്ത ബന്ധമുള്ളതാണ്. അമിതശരീരഭാരമുള്ള പ്രമേഹമുള്ള വൃക്തികളിൽ, ഒഎസ്എ ഒരു സാധാരണ പ്രശ്നമാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും രാത്രിയിൽ ഉറക്കത്തിനിടെ ഒന്നിലധികം തവണ ഞെട്ടി ഉണരുന്നതിനും കാരണമാകുന്നു. ഇത് സ്ട്രെസ് ഹോർമോണുകളുടെ വർധനവിന് കാരണമാക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഒഎസ്എയ്ക്കുള്ള ചികിത്സ മെച്ചപ്പെട്ട ഗ്ലൂക്കോസ് നിയന്ത്രണത്തിന് സഹായിക്കുന്നു.

ഉറക്കത്തിൽ പ്രമേഹത്തിന്റെ സ്വാധീനം

അമിതമായ മൂത്രമൊഴിക്കൽ: രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് മൂത്രത്തിന്റെ ഉൽപാദനത്തിലെ മൊത്തത്തിലുള്ള വർധനവിന് കാരണമാകുന്നു. ഇത് പലപ്പോഴും രാത്രിയിൽ ഉറക്കത്തിനിടെ മൂത്രം ഒഴിക്കാൻ തോന്നുകയും, അതിനായി എഴുന്നേൽക്കേണ്ടിവരുകയും ചെയ്യുന്നു. മാത്രമല്ല, പ്രമേഹ നിയന്ത്രണത്തിലെ അപാകതകൾ, ഓട്ടോണമിക് നാഡീവ്യവസ്ഥയെ ബാധിച്ച്, മൂത്രസഞ്ചി, മലവിസർജ്ജനം എന്നിവയുടെ സാധാരണ പ്രവർത്തനത്തെ ബാധിക്കുകയും രാത്രിയിൽ അമിതമായ മൂത്രമൊഴിക്കുന്നതിനും കാരണമാകുന്നു.

പെരിഫറൽ ന്യൂറോപ്പതി: പ്രമേഹത്തിന്റെ മറ്റൊരു ദൂഷ്യഫലം ‘ഗ്ലൗവ് ആൻഡ് സ്റ്റോക്കിംഗ്’ എന്ന രോഗമാണ്. ഇത് കൈകളിലും കാലുകളിലും വേദനയും മരവിപ്പും ഉണ്ടാക്കുന്നു. ഈ അസുഖമുള്ള രോഗികൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ടായിരിക്കും. ഇത് മാറ്റാനാവാത്തതാണെങ്കിലും, രോഗലക്ഷണങ്ങൾ മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാനാകും.

റെസ്റ്റ്ലെസ് ലെഗ്സ് സിൻഡ്രോം: പലപ്പോഴും ശ്രദ്ധിക്കപ്പെടാത്തതും രോഗനിർണ്ണയം ചെയ്യപ്പെടാത്തതുമായ ഒന്നാണ്, റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം. ഇത് കാലുകളിൽ അസുഖകരമായ സെൻസേഷനെ സൂചിപ്പിക്കുനകയും അവ ചലിപ്പിക്കാനുള്ള പ്രേരണയ്ക്കും കാരണമാകുന്നു. പകൽ സമയത്ത് രോഗലക്ഷണങ്ങൾ ഉണ്ടാകാമെങ്കിലും ഈ അവസ്ഥയുള്ള മിക്ക ആളുകൾക്കും ഉറങ്ങാൻ പ്രയാസമാണ്. ചികിത്സിക്കാൻ കഴിയില്ലെങ്കിലും, മരുന്നുകൾ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാനാകും.

ഹൈപ്പോഗ്ലൈസീമിയ: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതും രാത്രിയിൽ നിങ്ങളെ ഉറക്കാതിരിക്കാം. ഇൻസുലിൻ അല്ലെങ്കിൽ ചില പ്രമേഹ മരുന്നുകൾ (സൾഫോണിലൂറിയസ്), വയറിളക്കം, ഛർദ്ദി അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്ന മറ്റേതെങ്കിലും അവസ്ഥ ഉള്ളവർക്ക് രാത്രിയിൽ കുറഞ്ഞ രക്തത്തിലെ പഞ്ചസാര കാരണം (ഹൈപ്പോഗ്ലൈസീമിയ) അസ്വസ്ഥത ഉണ്ടാകാം. വിയർപ്പ്, അസ്വസ്ഥത, ഉത്കണ്ഠ, ഹൃദയമിടിപ്പ് എന്നിവയാണ് ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങൾ. സ്ട്രെസ് ഹോർമോണുകളുടെ വർധന കൊണ്ടാണ് ശരീരം ഇതിനെ പ്രതിരോധിക്കുന്നത്. ഇത് രാവിലെ ഫാസ്റ്റിങ്ങ് ഗ്ലൂക്കോസ് ഉയരുന്ന നിലയിലേക്ക് നയിക്കുന്നു. ഇവ അപകടസാധ്യതയുള്ളവയാണ്, അതിനാൽ മരുന്നുകളിലും/ജീവിതശൈലിയിലും അടിയന്തിര മാറ്റങ്ങൾ ആവശ്യമായി വന്നേക്കാം.

ഉറക്കം മെച്ചപ്പെടുത്താൻ പത്ത് ടിപ്പ്സ്

ഉറക്കത്തിന്റെ രീതികൾ മെച്ചപ്പെടുത്തുന്നതാണ് നല്ല ഉറക്കം ലഭിക്കുന്നതിനുള്ള അടിസ്ഥാന ഘട്ടം. ഉറക്ക ശുചിത്വത്തിനായി ലളിതമായ ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു:

  1. ദിവസവും നിശ്ചിത സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക.
  2. ഇളം ചൂട് വെള്ളത്തിലുള്ള കുളി ചിലർക്ക് ഉറക്കം എളുപ്പമാക്കിയേക്കാം. ഉറങ്ങാൻ പോകുന്നതിന് മുൻപ് ഒരു പുസ്തകം വായിക്കുകയോ സംഗീതം കേൾക്കുകയോ ചെയ്യാം.
  3. ലൈറ്റുകൾ അണച്ച് ഉറങ്ങുക. മുറിയിലെ വെളിച്ചവും താപനിലയും ഉറക്കത്തെ ബാധിക്കാം.
  4. ഭക്ഷണം കഴിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ കട്ടിൽ ഉപയോഗിക്കരുത്. കിടക്കാൻ പോവുക​ എന്നാൽ ഉറങ്ങാൻ പോവുക എന്നാണെന്ന് ശരീരത്തിനെ കണ്ടീഷൻ ചെയ്യിക്കണം.
  5. ഉറക്കത്തിനു 30 മിനിറ്റെങ്കിലും മുൻപ് ടിവി, കംപ്യൂട്ടർ, മൊബൈൽഫോണുകൾ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  6. ഉറങ്ങുന്നതിന് മുൻപ് ശ്രദ്ധ വ്യതിചലിപ്പിക്കുന്നവ (ഉദാ: ഫോൺ സംഭാഷണങ്ങൾ) ഒഴിവാക്കുക.
  7. രാത്രിയിൽ അമിതമായി മദ്യം കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് ഉറക്കത്തിൽ നിങ്ങളുടെ ശ്വസനത്തെ ബാധിക്കും. നിങ്ങൾ പെട്ടെന്ന് ഉറങ്ങിയേക്കാം, എന്നാൽ രാത്രിയിൽ ഉറക്കത്തിനിടെ നിങ്ങൾ ഞെട്ടി ഉണരുകയും നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.
  8. രാത്രിയിൽ വൈകി അത്താഴം കഴിക്കരുത്. വൈകി ഭക്ഷണം കഴിക്കുന്നത് റിഫ്ലക്‌സ് അസിഡിറ്റിക്കും രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനും കാരണമാകും.
  9. എല്ലാ ദിവസവും ഒരു വ്യായാമ ഷെഡ്യൂൾ വേണം
  10. സന്ധ്യ കഴിഞ്ഞ് കാപ്പി/ചായ അല്ലെങ്കിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.

ഉറക്കവും പ്രമേഹവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മികച്ച രീതിയിൽ അല്ലാത്ത പ്രമേഹ നിയന്ത്രണം ഉറക്കം കുറയുന്നതിന് കാരണമാകും. ഉറക്കം കുറയുന്നത് പ്രമേഹത്തെ കൂടുതൽ വഷളാക്കുകയും ചെയ്യും. വളരെ കുറച്ച്, അല്ലെങ്കിൽ അമിതമായ ഉറക്കം പോലും ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും. രാത്രി നല്ല ഉറക്കം കിട്ടാൻ വേണ്ടി ആദ്യപടി ബോധപൂർവം ഉറക്ക ശുചിത്വം( സ്ലീപ് ഹൈജീൻ) പരിശീലിക്കുക എന്നതാണ്.

ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും മെഡിക്കൽ അവസ്ഥ ഉണ്ടോയെന്ന് തിരിച്ചറിയുകയാണ് പ്രധാനം. ഉദാഹരണത്തിന്, സ്ലീപ് അപ്നിയ എളുപ്പം കണ്ടെത്താൻ കഴിയില്ല. ഒരു വിശദമായ ചരിത്രം അറിയുന്നത്, ശരിയായ ടെസ്റ്റ് ചെയ്യുന്നതിന് സഹായിക്കാം (ഉറക്ക പഠനം എന്ന് അറിയപ്പെടുന്ന, പോളിസോംനോഗ്രാഫി പോലെ).

ഈ കുറിപ്പിന്റെ ആദ്യം സൂചിപ്പിച്ച രോഗിയുടെ കാര്യത്തിലേക്ക് തിരിച്ചുവരുമ്പോൾ, അവരുടെ ജോലി സമ്മർദ്ദം സ്ഥിരമായി ഉറക്കത്തെ ബാധിച്ചുവെന്ന് പറഞ്ഞുവല്ലോ. അത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ടായിരുന്നു. വിശദമായ ചർച്ചയെത്തുടർന്ന്, വീട്ടിലെയും തൊഴിലിടത്തെയും സമർദ്ദം കുറയ്ക്കാൻ അവർ ഒരു വഴി കണ്ടെത്തി. ഇപ്പോൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാണ്.

മാക്‌സ് ഹെൽത്ത് കെയർ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ചെയർമാനും മേധാവിയുമായ ഡോ.അംബരീഷ് മിത്തലാണ് ലേഖകൻ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Is your fasting blood sugar level high despite diet lifestyle changes and meds