ചായ പ്രേമികളുടെ നാടാണ് ഇന്ത്യ. ബ്രിട്ടീഷുകാരാണ് ഇന്ത്യക്കാർക്ക് ചായ പരിചയപ്പെടുത്തിയതെങ്കിലും, ഇന്ന് പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ഈ പാനീയം ഇഷ്ടപ്പെടുന്നു. റിപ്പോർട്ടുകൾപ്രകാരം, 64 ശതമാനം ഇന്ത്യക്കാർ പതിവായി ചായ കുടിക്കുന്നു. അതിനർഥം, നമ്മുടെ രാജ്യത്ത് മിക്കവാറും എല്ലാ വീടുകളിലും ദിവസവും ഒരിക്കലെങ്കിലും ഒരു കപ്പ് ചായ തയ്യാറാക്കുന്നുണ്ട്.
ചായ അമിതമായി കുടിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. ചായയുടെ അമിത ഉപഭോഗം മൂലമുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് ഒരാൾ അറിഞ്ഞിരിക്കണം. ഭക്ഷണ സമയത്തിനോട് അടുക്കുമ്പോൾ ചായ കുടിക്കുന്ന ശീലം നമ്മളിൽ ചിലർക്കുണ്ടെന്ന് പറയുകയാണ് ഡോ.പ്രണിത് അംബുൽക്കർ. ഇത് വിശപ്പ് കുറയ്ക്കുക മാത്രമല്ല, കുടലിലൂടെയുള്ള ആഗിരണം തടയുകയും ചെയ്യുന്നു. വിശപ്പ് ശമിപ്പിക്കുക എന്നതിനർത്ഥം പോഷകാഹാരം ലഭിക്കുന്നത് പരിമിതപ്പെടുത്തുകയും അസിഡിറ്റി, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവ വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചായയുടെ മറ്റൊരു ദോഷവശമെന്നു പറയുന്നത് കഫീന്റെ അധിക ഉപഭോഗമാണ്. ഇത് ഉയർന്ന രക്തസമ്മർദത്തിനും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിനും കാരണമാകും. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ അധിക കലോറിക്ക് ഇടയാക്കും. ഇത് ശരീരഭാരം കൂടുന്നതിനും, പ്രമേഹത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നതിനും കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു ദിവസം അമിതമായ അളവിൽ ചായ കുടിക്കുന്നത് പാൻക്രിയാസിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തും. ഉയർന്ന അളവിലുള്ള പഞ്ചസാരയുടെ ഉപഭോഗം അപകടകരമാണ്. ഇത് രക്തത്തിൽ എളുപ്പത്തിൽ കലരുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചായ ഒഴിവാക്കേണ്ടത് എപ്പോഴാണ്?
- ഗ്ലൂക്കോസിനോട് അസഹിഷ്ണുതയുണ്ടെങ്കിൽ, പ്രീ ഡയബറ്റിക്കാണെങ്കിൽ അല്ലെങ്കിൽ പ്രമേഹത്തിന്റെയും അമിത ശരീരഭാരത്തിന്റെയും കുടുംബ പാരമ്പര്യമുണ്ടെങ്കിൽ
- പോഷകാഹാരക്കുറവ് കാരണം ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ
- ഉയർന്ന രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ
- അസിഡിറ്റിയാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, മലബന്ധമുള്ളവർ
ചായ ഒഴിവാക്കിയാൽ പകരം മറ്റെന്ത് എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ, അവയ്ക്ക് ആരോഗ്യകരമായ ബദലുകളുണ്ട്. ഗ്രീൻ ടീ നല്ലൊരു ഓപ്ഷനാണ്. ഇതിന് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്, ആരോഗ്യത്തിന് നല്ലതാണ്. പഞ്ചസാരയും പാലും ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. ഹെർബൽ ട്രീൻ ടീയിൽ ആരോഗ്യ ഗുണങ്ങൾ കൂടുതലാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.