ദിനവും വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് നമ്മളിൽ പലർക്കും അറിയാം. എന്നാൽ, ഒരു പ്രത്യേക സമയത്ത് വ്യായാമം ചെയ്താൽ കൂടുതൽ ഗുണങ്ങൾ ലഭിക്കുമെന്ന് നിങ്ങൾക്കറിയാമോ?. രാവിലെയോ വൈകീട്ടോ വ്യായാമം ചെയ്യുന്നതിനെക്കാൾ, ഉച്ചകഴിഞ്ഞ് വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധം നാലിലൊന്നായി കുറയ്ക്കുകയും ചെയ്യുന്നതിനാൽ ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുമെന്ന് നെതർലാൻഡ്സിലെ ലെയ്ഡൻ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഡോ.ജെറോൻ വാൻ ഡീർ വെൽഡെ പറഞ്ഞു.
നെതർലാൻഡ്സ് എപ്പിഡെമിയോളജി ഓഫ് ഒബിസിറ്റി (NEO) പഠനത്തിൽ നിന്നുള്ള ഡാറ്റകൾ ഗവേഷണത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തി. പഠനത്തിൽ പങ്കെടുത്തവരെ ശാരീരിക പരിശോധനയ്ക്ക് വിധേയരാക്കി. ഉപവാസ സമയത്തും ഭക്ഷണത്തിനു ശേഷവും രക്തത്തിലെ ഗ്ലൂക്കോസ്, ഇൻസുലിൻ എന്നിവയുടെ അളവ് പരിശോധിക്കാൻ രക്ത സാമ്പിളുകൾ ശേഖരിച്ചു. ജനസംഖ്യാശാസ്ത്രം, ജീവിതശൈലി, ക്ലിനിക്കൽ വിവരങ്ങൾ എന്നിവ ഒരു ചോദ്യാവലി വഴിയാണ് ശേഖരിച്ചത്. ഉച്ച കഴിഞ്ഞ വ്യായാമം ചെയ്യുന്നത് കൂടുതൽ ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് പടനം കണ്ടെത്തി.
ഒരു പ്രത്യേക സമയത്ത് വ്യായാമം ചെയ്യുന്നത് പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ചെയ്യുമോയെന്നതിനെക്കുറിച്ച് വിദഗ്ധർ സംസാരിച്ചു. ഏത് തരത്തിലുള്ള ശാരീരിക പ്രവർത്തനവും ഏത് സമയത്തും പ്രയോജനകരമാണെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു.
ശാരീരികമായി സജീവമായിരിക്കുന്നത് ശരീരത്തിന്റെ ഗ്ലൂക്കോസ് ഹോമിയോസ്റ്റാസിസ് മെച്ചപ്പെടുത്തുകയും ഇൻസുലിനോടുള്ള ശരീരത്തിന്റെ കോശങ്ങളുടെ പ്രതികരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉച്ചകഴിഞ്ഞ് വ്യായാമം ചെയ്യുന്നത് പ്രമേഹമുള്ളവരിൽ മികച്ച ആരോഗ്യ ഫലങ്ങൾ നൽകുമെന്നത് സംബന്ധിച്ച് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, എല്ലാ പ്രായക്കാർക്കും, എല്ലാ ശരീര തരക്കാർക്കും പ്രയോജനം ലഭിക്കുമോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്ന് ഗോയൽ വ്യക്തമാക്കി. വ്യായാമം ചെയ്യാനായി എല്ലാവർക്കും വൈകുന്നേരങ്ങളിൽ സമയം കണ്ടെത്താൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിരാവിലെയെക്കാൾ ഉച്ചയ്ക്ക് രണ്ടിനും ആറിനും ഇടയിൽ വ്യായാമം ചെയ്യുന്നതാണ് നല്ലതെന്ന് ഫരീദാബാദിലെ അക്കോർഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ റീനൽ സയൻസസ് ആൻഡ് ട്രാൻസ്പ്ലാൻറ് മെഡിസിൻ ചെയർമാൻ ഡോ.ജിതേന്ദ്ര കുമാർ പറഞ്ഞു. പ്രഭാതത്തെ അപേക്ഷിച്ച് വൈകുന്നേരങ്ങളിൽ ശരീര താപനില കൂടുതലാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇതുകൂടാതെ, പേശികൾ കൂടുതൽ വഴക്കമുള്ളതായതിനാൽ വൈകുന്നേരങ്ങളിൽ വ്യായാമത്തിന് കൂടുതൽ സഹിഷ്ണുത ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമേഹരോഗികൾക്ക് ഇത് ബാധകമാണോ?
പ്രമേഹരോഗികൾ വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മികച്ച ഇൻസുലിൻ പ്രതിരോധവും മികച്ച ഷുഗർ നിയന്ത്രണവും ഉണ്ടെന്ന് ഡോ.കുമാർ പറയുന്നു. “ഇതുകൊണ്ടാണ് കുട്ടികൾ എപ്പോഴും വൈകുന്നേരം കളിക്കാൻ നിർദേശിക്കുന്നത്. വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ പേശികളെ വളർത്താൻ സഹായിക്കുന്നു, എൻഡോർഫിനുകൾ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഡോ.കുമാർ പറഞ്ഞു.