scorecardresearch

Latest News

ഹൃദയാഘാതം പലപ്പോഴും കുളിമുറിയിൽ സംഭവിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ?

മിക്ക ആളുകളും പ്രതിദിനം ശരാശരി 30 മിനിറ്റോ അല്ലെങ്കിൽ അവരുടെ ഒരു ദിവസ സമയത്തിന്റെ 2 ശതമാനം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നു

ഹൃദയാരോഗ്യത്തിനു പലരും മുൻഗണന നൽകാറുണ്ടെങ്കിലും അനാരോഗ്യകരമായ ഹൃദയത്തെ സൂചിപ്പിക്കുന്ന അടയാളങ്ങളെയും ലക്ഷണങ്ങളെയും കുറിച്ചുള്ള അറിവ് വളരെ കുറവാണ്. ലോക ഹൈപ്പർടെൻഷൻ ദിനത്തിൽ, കുളിമുറിയിലെ ഹൃദയാഘാതവും ഹൃദയസ്തംഭനവും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഡല്‍ഹി ഷാലിമാർ ബാഗിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയോളജി ആൻഡ് ഇലക്ട്രോഫിസിയോളജി ഡയറക്ടറും യൂണിറ്റ് ഹെഡുമായ ഡോ. നിത്യാനന്ദ് ത്രിപാഠി.

മിക്ക ആളുകളും പ്രതിദിനം ശരാശരി 30 മിനിറ്റോ അല്ലെങ്കിൽ അവരുടെ ഒരു ദിവസ സമയത്തിന്റെ 2 ശതമാനം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നുവെന്ന് ഡോ ത്രിപാഠി പറഞ്ഞു. ഹൃദയാഘാതവും ഹൃദയസ്തംഭനവും 8 മുതൽ 11 ശതമാനം വരെ അനുപാതമില്ലാതെ ഉയർന്ന ആവൃത്തിയിൽ സംഭവിക്കുന്ന സ്ഥലമാണിതെന്ന് അദ്ദേഹം പറയുന്നു.

”വിദഗ്ധരുടെ അഭിപ്രായത്തിൽ, ടോയ്‌ലറ്റിൽവച്ച് പെട്ടെന്നുള്ള ഹൃദയാഘാതത്തിന്റെ കാരണം മലമൂത്രവിസർജ്ജനം / മൂത്രമൊഴിക്കുമ്പോൾ രക്തസമ്മര്‍ദ്ദം കുറയുന്നതുമൂലമുണ്ടാകുന്നതിന്റെ അനന്തരഫലമാണ്. ഈ സമയത്ത് രക്തസമ്മർദ്ദം കുറയുന്നു, ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതിനും ബോധം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. ഇത് പെട്ടെന്ന് രക്തസമ്മർദ്ദം ഉയരുന്നതിനും, ഹൃദയാഘാതം, ടോയ്‌ലറ്റിലും കുളിമുറിയിലുംവച്ച് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും കാരണമായേക്കാം,” അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും അസുഖം, ഓക്കാനം / ഛർദ്ദി, തളർച്ച എന്നിവ അനുഭവപ്പെട്ടതിന് ശേഷം ടോയ്‌ലറ്റിലേക്ക് ഓടുന്നതാണ് മറ്റ് കാരണങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. ”തണുത്തതോ ചൂടുള്ളതോ ആയ വെള്ളത്തിൽ കുളിക്കുന്നത് ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, രക്തപ്രവാഹം എന്നിവയെ ബാധിക്കും. വളരെ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് തലയിലേക്ക് രക്തപ്രവാഹത്തിന് ഇടയാക്കും, ധമനികളിലും സൂക്ഷ്മരക്തവാഹിനികളിലും സമ്മർദം വർധിപ്പിക്കും, ഇത് ഹൃദയാഘാതത്തിന് കാരണമായേക്കാം.”

എപ്പോഴും ഓർത്തിരിക്കേണ്ട ചില കാര്യങ്ങൾ

  • മലമൂത്ര വിസർജന സമയത്തോ മൂത്രമൊഴിക്കുമ്പോഴോ അധികം ആയാസപ്പെടാൻ പാടില്ല. ആവശ്യമുള്ളത്ര സമയമെടുക്കുക.
  • കുളിക്കാൻ വളരെ ചൂടുള്ളതോ തണുത്തതോ ആയ വെള്ളം ഒഴിവാക്കുക. തലയിൽ നേരിട്ട് വെള്ളം ഒഴിക്കാൻ തുടങ്ങരുത്. കാലുകൾ അല്ലെങ്കിൽ തോളിൽ ഒഴിച്ച് തുടങ്ങുക, ക്രമേണ മുകളിലേക്ക് നീങ്ങുക.
  • കുളിമുറിയിലോ ടോയ്‌ലെറ്റിലോ തണുത്ത അന്തരീക്ഷത്തിൽ സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് ശൈത്യകാലത്ത്, ഇത് ഹൃദയാഘാതത്തിന് കാരണമായേക്കാം.
  • മുൻപ് ഹൃദയാഘാതമോ അല്ലെങ്കിൽ ഒന്നിലധികം രോഗാവസ്ഥകളോ ഉള്ള വ്യക്തിയാണെങ്കിൽ, ടോയ്‌ലറ്റ് / ബാത്ത്റൂം ഉപയോഗിക്കുമ്പോൾ വാതിൽ പൂട്ടാതിരിക്കുന്നതാണ് ബുദ്ധി. .
  • അപകടസാധ്യതയുള്ളവർ ഉപയോഗിക്കുന്ന ടോയ്‌ലറ്റുകൾ/കുളിമുറികളിൽ അലാറങ്ങൾ ഉണ്ടായിരിക്കണം, അതുവഴി സഹായം കൃത്യസമയത്ത് ലഭിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണങ്ങൾ ഇവയാണ്

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Is there a reason why cardiac arrests often happen in the bathroom