ദിവസവും 7-8 മണിക്കൂർ ഉറങ്ങേണ്ടത് ശരീര ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഉറങ്ങുന്നതുപോലെ പ്രധാനമാണ് ഉറങ്ങുന്ന പൊസിഷനും. ശരിയായ രീതിയിൽ ഉറങ്ങാൻ കിടന്നില്ലെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തു വേദന, തലവേദന, തോൾവേദന തുടങ്ങിയവയൊക്കെ അനുഭവപ്പെടാം.
ചിലർ ഇടതുവശമോ വലതുവശമോ ചരിഞ്ഞാണു കിടന്നുറങ്ങുക. മറ്റു ചിലർ നിവർന്നു കിടന്നാണ് ഉറങ്ങുക. ചുരുക്കം ചിലർ കമിഴ്ന്നു കിടന്നുറങ്ങാറുണ്ട്. എന്നാൽ, ഈ ശീലം ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയുകയാണ് ഡോ.ഖനിത സുവർണസുധി.
കമിഴ്ന്നു കിടക്കുന്നത് നട്ടെല്ലിന് അമിതമായ സമ്മർദം നൽകുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ നട്ടെല്ലിന് കേടുപാടുകൾ വരുത്തും. അതുപോലെ തന്നെ, മുഖം ഒരു വശത്തേക്ക് വച്ച് കിടന്നുറങ്ങരുത്. ഇത് ഭാവിയിൽ കഴുത്ത് വേദനയിലേക്ക് നയിച്ചേക്കാം.
കമിഴ്ന്നു കിടന്നുറങ്ങുമ്പോൾ ശരീരത്തിന്റെ മധ്യഭാഗത്തായിട്ടാണ് പരമാവധി ഭാരം വരിക. ഇത് നട്ടെല്ലിന് സമ്മർദമുണ്ടാക്കുന്നു. നട്ടെല്ലിലെ സമ്മർദം ശരീരത്തിന്റെ വിവിധ സിസ്റ്റങ്ങളിൽ സമ്മർദം വർധിപ്പിക്കുമെന്ന് കൊൽക്കത്ത ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ.ജോയ്ദീപ് ഘോഷ് പറഞ്ഞു. കമിഴ്ന്നു കിടക്കുന്നത് കഴുത്തിനും ബുദ്ധിമുട്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ ശീലം മാറ്റാൻ കഴിയാത്തവർക്ക് ഇടുപ്പിനു അടിഭാഗത്തായി തലയണ വച്ച് കിടക്കാമെന്ന് ഡോ.ഖനിത പറഞ്ഞു. നട്ടെല്ലിന്റെ ആരോഗ്യത്തിന് ഏതെങ്കിലും വശത്തേക്കോ അല്ലെങ്കിൽ നിവർന്നു കിടക്കുന്നതോ ആണ് നല്ലതെന്ന് അവർ അഭിപ്രായപ്പെട്ടു.
ആയുർവേദ വിദഗ്ധൻ ഡോ ദിക്സ ഭാവ്സർ സാവാലിയയുടെ അഭിപ്രായത്തിൽ, ആഴത്തിലുള്ള ഉറക്കം ലഭിക്കാനായി ഒരാള്‍ തെക്കോട്ടു തല വച്ചു കിടക്കണമെന്നാണ്.’ തെക്കു ദിശയില്‍ നെഗറ്റീവ് ഊര്‍ജവും, നിങ്ങളുടെ തല പോസിറ്റീവ് ഊര്ജമുളളവയുമാണ്. അതിനാല്‍ നിങ്ങളുടെ തലയും ഈ ദിശയും തമ്മില്‍ ആകര്‍ഷണം ഉണ്ടാകുന്നു. ഇതു ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവും വന്നുചേരാന്‍ കാരണമാകുന്നു.” പുരാണങ്ങളിൽ ഇത് യമദേവന്റെ ദിശയാണെന്ന് വിശ്വസിക്കപ്പെടുന്നു, അതായത് ഈ ദിശയിൽ നിങ്ങൾക്ക് തടസമില്ലാത്ത ഉറക്കവും ദീർഘായുസും ലഭിക്കും” കേരള ആയുർവേദയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.അരുൺ ഗോപിനാഥ് പറഞ്ഞു.
ഉറങ്ങാൻ ഏറ്റവും മോശമായ ദിശയുണ്ടോ? തെക്ക് ഉറങ്ങാൻ ഏറ്റവും നല്ല ദിശയായി കണക്കാക്കുന്നത് പോലെ, ഉറങ്ങുമ്പോൾ വടക്കോട്ട് അഭിമുഖീകരിക്കുന്നത് ഒഴിവാക്കണമെന്ന് ആയുർവേദ വിദഗ്ധർ നിർദേശിക്കുന്നു. കാരണം, “വടക്കോട്ട് ഉറങ്ങുന്നത് ഭൂമിയുടെ പോസിറ്റീവ് ധ്രുവം നമ്മുടെ ശരീരത്തിലെ പോസിറ്റീവ് ധ്രുവവുമായി പൊരുത്തപ്പെടുന്നു. അത് നിങ്ങൾക്ക് പേടിസ്വപ്നങ്ങളും ഉറക്കത്തില്‍ അസ്വസ്ഥതയുമുണ്ടാകും,” ഡോ.ഗോപിനാഥ് വിശദീകരിച്ചു.