സാമൂഹികമായി ഒറ്റപ്പെട്ട് നിൽക്കുന്നത് ഒരു ദിവസം 15 സിഗരറ്റ് വലിക്കുമ്പോൾ ഉണ്ടാകുന്ന മരണസാധ്യതയ്ക്ക് തുല്യമാണെന്ന് യുഎസ് സർജൻ ജനറൽ വിവേക് മൂർത്തി അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വളരെ ശ്രദ്ധ പിടിച്ചുപറ്റുകയും വാഷിംഗ്ടൺ പോസ്റ്റ്, ടൈംസ്, ഡെയ്‌ലി മെയിൽ എന്നിവ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ഈ പ്രസ്താവന വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.
സമൂഹത്തിൽനിന്നു ഒറ്റപ്പെട്ട് ജീവിക്കുന്നത് മാനസികനിലയെ ബാധിക്കുമെന്ന് നമ്മൾക്ക് അറിയാം. എന്നാൽ ഒരു ദിവസം 15 സിഗരറ്റ് എന്ന കണക്ക് എവിടെനിന്നു ലഭിച്ചു?
സാമൂഹിക ബന്ധങ്ങളും മരണനിരക്കും പര്യവേക്ഷണം ചെയ്യുന്ന 2010-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തെയാണ് ഡോ. വിവേക് പരാമർശിക്കുന്നത്. “മെറ്റാ അനാലിസിസ്” എന്നറിയപ്പെടുന്ന വിഷയത്തെക്കുറിച്ചുള്ള 148 പഠനങ്ങളിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിച്ച് ഗവേഷകർ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നു.
300,000 ആളുകളിൽ ശരാശരി ഏഴര വർഷം നടത്തിയ നീരീക്ഷണത്തിലെ കണ്ടെത്തലാണിത്. സാമൂഹിക ബന്ധങ്ങൾ അകാലമരണത്തിന്റെ അപകടസാധ്യതയെ എത്രത്തോളം സ്വാധീനിക്കും, നേരത്തെയുള്ള മരണം പ്രവചിക്കാൻ സാധ്യതയുള്ള സാമൂഹിക ബന്ധങ്ങളുടെ വശങ്ങൾ, അപകടസാധ്യത ലഘൂകരിക്കുന്ന ഘടകങ്ങൾ എന്നിവ ഗവേഷകർ പര്യവേക്ഷണം ചെയ്തു.
ദൃഢമായ സാമൂഹിക ബന്ധമുള്ളവരേക്കാൾ ഏകാന്തരായ ആളുകൾ അകാലത്തിൽ മരിക്കാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്ന് വിവേക് നിഗമനം ചെയ്തു. “റാൻഡം ഇഫക്റ്റ് മോഡലുകൾ” എന്ന സ്റ്റാറ്റിസ്റ്റിക്കൽ ടൂളാണ് അവർ ഉപയോഗിച്ചത്. സുസ്ഥിരമായ അപകട ഘടകങ്ങളായ സിഗരറ്റ് ഉപയോഗം പോലെയുള്ളവയുമായിട്ടാണ് താരതമ്യം ചെയ്തത്.
ഗവേഷകർ ഉപയോഗിച്ച രീതി നല്ലതാണെങ്കിലും ഏകാന്തതയെ ഒരു ദിവസം 15 സിഗരറ്റുകൾക്ക് തുല്യമായി പറഞ്ഞ വാദം സംഭ്രമജനകമാണ്. ഏകാന്തത തീർച്ചയായും ആരോഗ്യത്തിന് ഹാനികരമാണ്.
ഏകാന്തതയുടെ ആരോഗ്യപ്രശ്നങ്ങൾ മദ്യപാനത്തിന് സമാനമാണെന്നും (പ്രതിദിനം ആറിലധികം ഗ്ലാസ് മദ്യം) ശാരീരിക നിഷ്‌ക്രിയത്വം, അമിതശരീരഭാരം പോലുള്ള മറ്റ് അപകട ഘടകങ്ങളെ മറികടക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. എന്നിട്ടും ഈ താരതമ്യങ്ങൾ മാധ്യമങ്ങളിലോ മുഖ്യ പ്രസംഗങ്ങളിലോ അപൂർവ്വമായി മാത്രമേ പരാമർശിക്കപ്പെടുകയുള്ളൂ, കാരണം അവ പുകവലിയുടെ അതേ സ്വാധീനം ചെലുത്തുന്നില്ല.
തലക്കെട്ടുകളിൽ ഇടം പിടിക്കാത്ത പഠനങ്ങൾ
സമാനമായ മറ്റു ചില പഠനങ്ങൾ തലക്കെട്ടുകളിൽ ഇടം നേടുന്നതിൽ പരാജയപ്പെട്ടു. ഹൃദ്രോഗം, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, കാൻസർ എന്നിവയുൾപ്പെടെയുള്ള അസുഖങ്ങൾ ഏകാന്തത, സാമൂഹിക ഒറ്റപ്പെടലുമായി ബന്ധപ്പെട്ടിരുന്നു. ഏകാന്തത മൂലം മറ്റു മാനസികാരോഗ്യ അവസ്ഥകൾ ഉണ്ടാകാം. പ്രതീക്ഷ നഷ്ടപ്പെടൽ, വിഷാദം, ഉറക്കത്തിലെ പ്രശ്നങ്ങൾ, മദ്യപാനം, മറ്റ് മാനസിക വൈകല്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഡിമെൻഷ്യ വരാനുള്ള സാധ്യതയും ഏകാന്തതയും
പാൻഡെമിക് സമയത്ത് യുവാക്കൾ ഉൾപ്പെടെ, ഏകാന്തത അനുഭവിക്കുന്ന ആളുകളുടെ എണ്ണം കുത്തനെ വർധിച്ചു. വിദൂര ജോലിയും ഓൺലൈൻ ഷോപ്പിംഗും പോലുള്ള സാമൂഹിക പരിവർത്തനങ്ങളും ഈ മഹാമാരി ത്വരിതപ്പെടുത്തി. ആരോഗ്യ സേവനങ്ങൾ, ബിസിനസ്സുകൾ, സമ്പദ്‌വ്യവസ്ഥകൾ എന്നിവയ്ക്കുള്ള ചെലവുകൾ ഏകാന്തതയെ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകത കൂടുതൽ വർധിപ്പിക്കുന്നു.
അതിനാൽ, ഡോ വിവേക് പറയുന്നത് ശരിയാണ്. പുകവലി പോലെ തന്നെ ഏകാന്തതയും നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങൾ അളക്കാൻ മറ്റ് നിരവധി മാർഗങ്ങളുണ്ട്.