സുരക്ഷിതമായ ഗർഭകാലത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യമാണ്. അതായത്, ഈ സമയത്ത് നിങ്ങൾക്ക് എന്തൊക്കെ കഴിക്കാം, കഴിക്കാൻ പാടില്ല എന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഗർഭകാലത്ത് പപ്പായ കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നതിനെക്കുറിച്ച് ആശങ്കയുണ്ടോ?. ഗർഭകാലത്ത് പപ്പായ കഴിക്കുന്നത് സുരക്ഷിതമാണോ എന്ന് മനസിലാക്കാൻ കല്യാണിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ വന്ധ്യതാ വിദഗ്ധയും എൻഡോസ്കോപ്പിക് സർജനുമായ ഡോ.സുഷമ തോമർ സഹായിക്കും.
ഗർഭകാലത്ത് പപ്പായ കഴിക്കാമോ?
പഴുത്ത പപ്പായ കഴിക്കുന്നതുകൊണ്ട് യാതൊരു ദോഷവുമില്ല. എന്നാൽ, പകുതി പഴുത്തതോ പഴുക്കാത്തതോ ആയ പപ്പായ ഗർഭകാലത്ത് ഒഴിവാക്കണം. കാരണം, അവയിൽ ലാറ്റക്സ് അടങ്ങിയിട്ടുണ്ട്, ഇത് പ്രോസ്റ്റാഗ്ലാൻഡിൻ സ്രവിക്കുന്നതോടെ ഗർഭാശയത്തിൽ സങ്കോചത്തിന് കാരണമാകും. അതുവഴി ഗർഭം അലസാനുള്ള സാധ്യത കൂടുതലാണ്.
എന്താണ് ലക്ഷണങ്ങൾ?
ഗർഭാശയ സങ്കോചം മൂലം ഗർഭിണിയായ സ്ത്രീക്ക് അടിവയറ്റിൽ വേദന അനുഭവപ്പെടാം.
ഗർഭകാലത്ത് പഴുത്ത പപ്പായ കഴിക്കാമോ?
പഴുത്ത പപ്പായയിൽ ലാറ്റക്സ് അടങ്ങിയിട്ടില്ല, അതിനാൽ തന്നെ കഴിക്കാം. ആദ്യത്തെ മൂന്നു മാസങ്ങളിൽ അപകടസാധ്യത കൂടുതലുണ്ട്. അതിനാൽ, പഴുക്കാത്തതോ പകുതി പഴുത്ത പപ്പായയോ കഴിക്കുന്നത് ഗർഭാശയത്തിൽ അകാല വേദനയ്ക്ക് കാരണമാകും. ഗർഭകാലത്ത് ഇത് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ഗർഭകാലത്ത് എത്ര അളവ് പപ്പായ കഴിക്കാം?
ഔരു ബൗൾ പഴുത്ത പപ്പായ കഴിക്കാം. ഗർഭകാലത്ത് ഏത് ഭക്ഷണം കഴിച്ചാലും, ദഹിക്കാൻ കഴിയുന്നത്ര മാത്രമേ കഴിക്കാവൂ. മറിച്ചായാൽ, ദഹനക്കേട് ഉണ്ടാവുകയും ഛർദി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
പപ്പായയുടെ ഗുണങ്ങൾ
വിറ്റാമിൻ എ, സി എന്നിവയുടെ സമ്പന്നമായ ഉറവിടമെന്ന നിലയിൽ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പപ്പായ സഹായിക്കുന്നു. ഇത് രോഗങ്ങളെയും അണുബാധയെയും അകറ്റി നിർത്താൻ സഹായിക്കുന്നു. ശരീര ഭാരം കുറയ്ക്കാൻ പ്ലാൻ ചെയ്യുന്നവർ ദിവസവും രാവിലെ ഒരു കപ്പ് പപ്പായ ജ്യൂസ് കുടിക്കുക. കുറഞ്ഞ കലോറിയും ഫൈബറുമുളള പപ്പായ വിശപ്പ് കുറയ്ക്കും.
പപ്പായയിലെ വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവയുടെ സാന്നിധ്യം ധമനികളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദ്രോഗങ്ങൾക്കും ഹൃദയാഘാതത്തിനുമുളള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഒരു കപ്പ് പപ്പായ ജൂസ് വെറും വയറിൽ കഴിക്കുന്നത് ദഹനനാളത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും ദഹന എൻസൈമുകളുടെ സാന്നിധ്യം മൂലം മലവിസർജ്ജനം സുഗമമാക്കാനും സഹായിക്കും. ശരീരഭാരം, വയറുവേദന, മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങളെ അകറ്റി നിർത്തുകയും ചെയ്യും.