ശരിയായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ പ്രമേഹമുള്ളവർക്ക് പല സങ്കീർണതകളും ഒഴിവാക്കാം. സമീകൃതാഹാരവും കൊഴുപ്പ് കുറഞ്ഞതും നാരുകൾ കൂടുതലുള്ളതുമായ ഭക്ഷണക്രമമാണ് എപ്പോഴും തിരഞ്ഞെടുക്കേണ്ടത്. പ്രമേഹമുള്ള ആളുകൾക്ക് കുറഞ്ഞ ജിഐ ഭക്ഷണങ്ങളാണ് സാധാരണയായി ശുപാർശ ചെയ്യുന്നത്.
വിവിധതരം ധാന്യങ്ങൾ, പച്ച ഇലക്കറികൾ, മെലിഞ്ഞ പ്രോട്ടീൻ, നട്സ്, വിത്തുകൾ എന്നിവയെല്ലാം പ്രമേഹ സൗഹൃദ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പാലുൽപ്പന്നങ്ങൾ പ്രമേഹമുള്ളവരെ ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ്. പാലിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ കഴിയുന്ന കൊഴുപ്പുകളുണ്ടെന്ന് പറയപ്പെടുന്നു. അതേസമയം, പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ പ്രധാന പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും.
പാൽ പ്രമേഹത്തിന് കാരണമാകുമെന്നോ അല്ലെങ്കിൽ പ്രമേഹം വഷളാക്കുമെന്നതിനോ തെളിവുകളൊന്നുമില്ല. വാസ്തവത്തിൽ ഇത് ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. ഗർഭിണികൾക്കും വളരുന്ന കുട്ടികൾക്കും കാൽസ്യത്തിന്റെ നല്ല ഉറവിടമാണ് പാൽ. അതിനാൽ, ആളുകൾ പാൽ കുടിക്കുന്നത് തുടരുകയും അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.
ഒരു ഗ്ലാസ് പാൽ കുടിക്കുന്നതാണ് ഉത്തമം. പ്രമേഹമുള്ള ഒരാൾ ഒന്നിലധികം ഗ്ലാസ് പാൽ കുടിക്കുന്നത് ഒഴിവാക്കണം. പാലും മറ്റ് പാലുൽപ്പന്നങ്ങളും കഴിക്കുന്നവർക്ക് പ്രമേഹത്തിന്റെ വ്യാപ്തി കുറവായിരുന്നുവെന്ന് ചെന്നൈ അർബൻ റൂറൽ എപ്പിഡെമിയോളജിക്കൽ (CURE) പഠനം പറയുന്നു. പാൽ ടൈപ്പ് 2 പ്രമേഹത്തിൽ നിന്ന് സംരക്ഷിക്കുമെന്നതിന്റെ ആദ്യ തെളിവാണിത്.
പ്രമേഹമുള്ളവർക്ക് പാൽ ഗുണം ചെയ്യുമെന്നതിന് ശക്തമായ തെളിവുകളുണ്ട്. അതിനാൽ പാൽ കുടിക്കുന്നത് പ്രമേഹത്തിന് കാരണമാകുമെന്നതും അല്ലെങ്കിൽ പ്രമേഹം നിയന്ത്രിക്കാൻ കഴിയില്ലായെന്നതും മിഥ്യയാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.