പഞ്ചസാരയ്ക്കു പകരം തേൻ മികച്ച ഓപ്ഷനാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ, ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കോശങ്ങളുടെ നാശത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന സസ്യ രാസവസ്തുക്കൾ തേനിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പ്രമേഹമുള്ളവർക്ക് തേൻ കഴിക്കാമോ?. കഴിക്കാം, പക്ഷേ മിതമായ അളവിൽ മാത്രം.
പ്രമേഹമുള്ളവർ പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും വേണം. മധുരപലഹാരങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകുമെങ്കിലും, അവ പൂർണമായും ഒഴിവാക്കേണ്ടതില്ല. മിതമായ അളവിൽ അവ കഴിക്കാവുന്നതാണ്. ടൈപ്പ്-2 പ്രമേഹ രോഗികൾക്ക് മിതമായ അളവിൽ തേൻ കഴിക്കുന്നത് ആരോഗ്യകരമാണെന്ന് ആരോഗ്യ വിദഗ്ധർ വിശ്വസിക്കുന്നു.
പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോൾ തേനിൽ ഗ്ലൂക്കോസിനേക്കാൾ കൂടുതൽ ഫ്രക്ടോസ് അടങ്ങിയിരിക്കുന്നു. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയിലെക്കാൾ തേനിലെ കാർബോഹൈഡ്രേറ്റ് അളവ് കൂടുതലാണ്. തേനിന് വെളുത്ത പഞ്ചസാരയേക്കാൾ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്.
പ്രമേഹമുള്ളവർ തേൻ കഴിച്ചാലുള്ള ഗുണങ്ങൾ
പ്രമേഹമുണ്ടെങ്കിൽ പഞ്ചസാരയ്ക്ക് പകരം തേൻ കഴിച്ചാലുള്ള ചില ഗുണങ്ങൾ ഇവയാണ്:
കോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കുന്നു
തേൻ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നതിനാൽ മിതമായ അളവിൽ കഴിക്കുന്നത് കോശങ്ങളുടെ കേടുപാടുകൾ തടയാനോ മന്ദഗതിയിലാക്കാനോ സഹായിക്കും. തേനിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ പ്രമേഹ രോഗികൾക്ക് മുറിവ് വേഗത്തിൽ ഉണക്കാൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു. എങ്കിലും, പഴങ്ങളും പച്ചക്കറികളും പോലുള്ള കൂടുതൽ പോഷകങ്ങളും ഉള്ള മറ്റ് ഉറവിടങ്ങളിൽ നിന്ന് ആന്റിഓക്‌സിഡന്റുകൾ ലഭിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.
ആന്റി ഇൻഫ്ലാമേറ്ററി
തേനിന് ആന്റി-ഇൻഫ്ലാമേറ്ററി ഗുണങ്ങളുണ്ട്, ഇത് പ്രമേഹത്തിന്റെ സങ്കീർണതകൾ കുറയ്ക്കുന്നു.
കുടലിലെ സൂക്ഷ്മാണുക്കളുടെ ആരോഗ്യം
കുടലിലെ സൂക്ഷ്മാണുക്കളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ഒലിഗോസാക്രറൈഡുകൾ തേനിൽ ധാരാളമുണ്ട്.
പ്രമേഹരോഗി തേൻ കഴിച്ചാലുള്ള അപകടങ്ങൾ
തേൻ കഴിക്കുന്നത് ചില അപകടസാധ്യതകളുണ്ടാക്കാ, പ്രത്യേകിച്ച് നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ.
രക്തത്തിലെ പഞ്ചസാരയുടെ വർധനവ്: തേൻ ധാരാളം അളവിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയർത്തും.
പഞ്ചസാര ചേർത്തിരിക്കാം: പല തവണ സംസ്കരിച്ച തേനിൽ പഞ്ചസാരയോ സിറപ്പോ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിനെ ബാധിക്കും.
അണുബാധകൾ: ഗർഭിണികൾക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും അസംസ്കൃത തേൻ അഭികാമ്യമല്ല, കാരണം ഇത് ശുദ്ധീകരിച്ചതല്ല. അസംസ്കൃതവും സംസ്കരിക്കാത്തതുമായ തേൻ കഴിക്കുന്നത് അപകടകരമായ അണുബാധകൾക്ക് കാരണമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.