ചർമ്മപ്രശ്നങ്ങൾക്കുളള വിവിധ പരിഹാരങ്ങൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. എന്നാൽ അതെല്ലാം ശരിയാകണമെന്നില്ല. ശരീരത്തിലെ ജലാംശം നിലനിർത്താനും നിർജ്ജലീകരണം തടയാനും വെള്ളം കുടിക്കണമെന്ന് നമ്മൾക്ക് അറിയാം. എന്നാൽ ചൂടുവെള്ളം കുടിക്കുന്നത് ചർമ്മപ്രശ്നങ്ങളെ തടയുമോ?
“ചർമ്മത്തിന് പ്രശ്‌നങ്ങൾ ഉണ്ടെങ്കിലോ മുഖത്തിന് സ്വാഭാവിക തിളക്കം കൊണ്ടുവരുന്നതിനോ ചൂടുവെള്ളം ഏറ്റവും ഗുണം ചെയ്യുമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. ചൂടുവെള്ളം കുടിക്കുന്നത് ചർമ്മം തിളങ്ങുന്നതിനും മുഖക്കുരു കുറയുന്നതിനും സഹായിക്കുന്നു,” ഇന്ത്യൻ വെജ് ഡയറ്റ് എന്ന ഇൻസ്റ്റാഗ്രാം പേജ് പോസ്റ്റിൽ പറയുന്നു. എന്താണ് ഇതിലെ സത്യാവസ്ഥ?
ചൂടുവെള്ളം കുടിക്കുന്നത് വിയർപ്പിലേക്ക് നയിക്കുന്നു, ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനുള്ള സ്വാഭാവിക സംവിധാനമാണ്. “ചൂടുവെള്ളം കൺജെഷൻ മെച്ചപ്പെടുത്തുകയും കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ചെറുചൂടുള്ള വെള്ളം പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നതിലൂടെ ദഹനത്തെ വേഗത്തിലാക്കുന്നു. കുടൽ ശുദ്ധമാണെങ്കിൽ, ചർമ്മവും വൃത്തിയായി തുടരും,” കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റായ ഡോ. ജയ്ശ്രീ ശരദ് പറഞ്ഞു.
എന്നിരുന്നാലും, ചെറുചൂടുള്ള വെള്ളം ചർമ്മത്തിന് നേരിട്ട് ഗുണം ചെയ്യുമെന്നതിന് ശാസ്ത്രീയ തെളിവുകൾ വളരെ കുറവാണെന്ന് വിദഗ്ധ പറയുന്നു. ശരീരത്തിൽനിന്നു ടോക്സിക് വസ്തുക്കൾ പുറത്തുകളയാൻ ചൂടുവെള്ളം സഹായിക്കുന്നു എന്ന വസ്തുത നിഷേധിക്കാനാവില്ല.
“ചൂടുവെള്ളം ചർമ്മത്തിന് ജലാംശം നൽകുന്നു. ചർമ്മത്തിന്റെ വരൾച്ചയും ഒഴിവാക്കി സ്വാഭാവിക ഈർപ്പം നൽകുന്നു. ഇത് ചർമ്മത്തിനു തിളക്കം നൽകുന്നു,” കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റും ഡെർമറ്റോ സർജനുമായ ഡോ.റിങ്കി കപൂർ ഇന്ത്യൻ എക്സപ്രസ്ഡോട്ട കോമിനോട് പറയുന്നു.
“ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കും. ശരിയായ രക്തപ്രവാഹം ചർമ്മകോശങ്ങളിലേക്ക് ആവശ്യമായ പോഷകങ്ങൾ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കും. അങ്ങനെ നിങ്ങൾക്ക് ആരോഗ്യമുള്ള ചർമ്മം ലഭിക്കുന്നു,” ഡോ. റിങ്കി പറഞ്ഞു.
എത്രമാത്രം വെള്ളം കുടിക്കണം?
“കുടൽ ശുദ്ധമാണെങ്കിൽ ചർമ്മം ആരോഗ്യകരമായി തുടരും,” ഡോ. ജയ്ശ്രീ പറയുന്നു. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോൾ, ചർമ്മത്തിൽനിന്നും ജലാംശം നഷ്ടപ്പെടുന്നു. വെള്ളം അമിതമായി കുടിക്കാൻ പാടില്ലാത്ത വൃക്കരോഗങ്ങളോ ഹൃദയസംബന്ധമായ അസുഖങ്ങളോ ഇല്ലെങ്കിൽ പ്രതിദിനം രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കേണ്ടതുണ്ട്. ചർമ്മത്തിന്റെ മുകളിലെ പാളികൾക്ക് ചർമ്മകോശങ്ങളിൽ നിന്ന് വെള്ളം ലഭിക്കുന്നില്ല. പകരം, ചുറ്റുമുള്ളവയിൽനിന്നാണ് വെള്ളം വലിച്ചെടുക്കുന്നത്. അതിനാൽ കുടിവെള്ളത്തോടൊപ്പം ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യേണ്ടതും പ്രധാനമാണ്,” ഡോ. ജയ്ശ്രീ പറഞ്ഞു.
യുഎസ് നാഷണൽ അക്കാദമിസ് ഓഫ് സയൻസസ്, എഞ്ചിനീയറിംഗ്, മെഡിസിൻ, ദിവസേന കുടിക്കേണ്ട വെള്ളത്തിന്റെ അളവിനെകുറിച്ച് പറയുന്നു. പുരുഷന്മാർ ഒരു ദിവസം ഏകദേശം 15.5 കപ്പ് (3.7 ലിറ്റർ) വെള്ളവും സ്ത്രീകൾ പ്രതിദിനം 11.5 കപ്പ് (2.7 ലിറ്റർ) വെള്ളവും കുടിക്കണം.
കാലാവസ്ഥ, നിങ്ങളുടെ ശരീരഭാരം, വ്യായാമം എന്നിവയെ ആശ്രയിച്ച് ശരീരത്തിന് ആവശ്യമായ ജലത്തിന്റെ അളവിൽ വ്യത്യാസം വരും. അമിതമായ വെള്ളം സോഡിയത്തിന്റെ അളവ് കുറയ്ക്കാൻ ഇടയാക്കും. ഇത് ഹൈപ്പോനാട്രീമിയയ്ക്ക് കാരണമാകുന്നു, ഡോ ജയ്ശ്രീ മുന്നറിയിപ്പ് നൽകുന്നു.
ചൂടുവെള്ളമാണോ കുടിക്കേണ്ടത്?
വെള്ളം കുടിക്കുന്നത് കൊണ്ട് മാത്രം ചർമ്മത്തിൽ ഫലം ഉണ്ടാകണമെന്നില്ല, കാണിക്കില്ല. “കടും നിറമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. പഞ്ചസാര, ഉപ്പ് , മദ്യം, പുകവലി എന്നിവ ഒഴിവാക്കുക അല്ലെങ്കിൽ പരിമിതപ്പെടുത്തണം ഇവയ്‌ക്കൊപ്പം വ്യായാമവും മതിയായ ഉറക്കവും നൽകണം,” ഡോ ജയ്ശ്രീ പറഞ്ഞു.