ഒരാളുടെ ആരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും പരിഗണിക്കുമ്പോൾ ചർച്ചാവിഷയമാകുന്ന പ്രമേഹത്തിൽ ആദ്യം ആലോചിക്കുന്നത് ഷുഗറിനെക്കുറിച്ചാണ്. ശരീരത്തിൽ പഞ്ചസാരയുടെ ദോഷഫലങ്ങൾ ഉയർത്തിക്കാട്ടുന്ന പഠനങ്ങൾക്കിടയിൽതന്നെ, ഷുഗർ അഡിക്ഷൻ മാറിക്കടക്കാൻ ഒരു മാസം കൊണ്ട് സാധിക്കുമെന്ന്, ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.
ചായയിൽ പഞ്ചസാരയ്ക്ക് പകരം ഷുഗർ ഫ്രീ ഉപയോഗിക്കാനാക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. “പഞ്ചസാരയേക്കാൾ സുരക്ഷിതമാണ്. പക്ഷേ പഞ്ചസാരയോ ഷുഗർ ഫ്രീയോ ചേർക്കാതെ ചായ കുടിക്കുന്നതാണ് നല്ലത്. ഷുഗർ അഡിക്ഷനിൽനിന്നു കരകയറാൻ ഏകദേശം ഒരു മാസമെടുക്കും. അതിനുശേഷം ചായയിൽ പഞ്ചസാര ചേർക്കാൻ ആ വ്യക്തി ആഗ്രഹിക്കുകയില്ല, ” ഡോ. സുധീർ പറയുന്നു. ഇതിനായി ഒരു മാസം മതിയോ? വിദഗ്ധർ പറയുന്നു.
എന്താണ് ഷുഗർ അഡിക്ഷൻ?
മധുരമുള്ള ഭക്ഷണങ്ങളോടോ പാനീയങ്ങളോടോ വൈകാരികമോ മാനസികമോ ആയ ആശ്രിതത്വത്തെയാണ് ഷുഗർ അഡിക്ഷൻ എന്ന് പറയുന്നതെന്ന്, വെബ്‌എംഡി അഭിപ്രായപ്പെട്ടു. പ്ലാൻ ചെയ്യുന്നതിനെക്കാൾ കൂടുതൽ മധുരം കഴിക്കുന്നതും ഇതിൽപ്പെടുന്നു.
ഒരാൾ ഷുഗറിന് അടിമയാകുമ്പോൾ എന്ത് സംഭവിക്കും?
“ഓരോ തവണ കഴിക്കുമ്പോഴും തലച്ചോറിലെ റിവാർഡ് സർക്യൂട്ടിൽ” പ്രവർത്തിക്കുന്നതിനാൽ ഷുഗറിനോടുള്ള ഈ അഡിക്ഷൻ മറ്റു ലഹരിയോടുള്ള അഡിക്ഷൻ പോലെയാണെന്ന്, ബെംഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ഡയബറ്റീസ്, എൻഡോക്രൈനോളജി കൺസൾട്ടന്റുമായ ഡോ. അഭിജിത്ത് ഭോഗ്രാജ് പറഞ്ഞു.
ഭക്ഷണത്തിലെ ഷുഗർ കഴിക്കുമ്പോൾ, മസ്തിഷ്കം ഡോപാമൈൻ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് ആ വ്യക്തിയെ ഷുഗറിന് അടിമയാക്കുന്നു, ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. തുഷാർ തയാൽ പറഞ്ഞു.
“ഈ ഡോപാമൈൻ പ്രതികരണം പതിയെ മങ്ങുന്നു. അപ്പോൾ പഞ്ചസാരയുടെ ഉയർന്ന അളവ് കൈവരിക്കാൻ വ്യക്തികൾ അതിലും ഉയർന്ന അളവിൽ ഷുഗർ കഴിക്കേണ്ടിവരും. കൂടാതെ, ഷുഗർ അഡിക്ഷൻ പ്രമേഹത്തിന്റെ സൂചനയായിരിക്കാം. ശരീരത്തിന് രക്തത്തിലെ പഞ്ചസാര ഉപയോഗപ്പെടുത്താൻ കഴിയാതെ വരുമ്പോൾ അത് കൂടുതൽ പഞ്ചസാര കഴിക്കാനുള്ള സിഗ്നൽ തലച്ചോറിന് നൽകുന്നു, ”ഡോ ഡോ തുഷാർ വിശദീകരിക്കുന്നു.
എത്രമാത്രം അധികമാണ്?
കുട്ടികൾക്ക് പ്രതിദിനം 25 ഗ്രാം, മുതിർന്ന പുരുഷന്മാർക്ക് 36 ഗ്രാം, മുതിർന്ന സ്ത്രീകൾക്ക് 25 ഗ്രാം എന്നിങ്ങനെ ഷുഗർ പരിമിതപ്പെടുത്താൻ ശുപാർശ ചെയ്യുന്നതായി ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റൽസിൽ ഡയറ്റീഷ്യൻ എൻ ലക്ഷ്മി പറഞ്ഞു. “കൂടുതൽ പഞ്ചസാര ചേർത്ത ഭക്ഷണം കഴിക്കുന്നത് അമിത ശരീരഭാരം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും,” ലക്ഷ്മി പറഞ്ഞു.
ഷുഗർ ഉപയോഗം കുറയ്ക്കാൻ ഒരു മാസം മതിയോ?
ഈ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നൽകുന്നത് ബുദ്ധിമുട്ടാണെന്ന് വിദഗ്ധർ സമ്മതിക്കുന്നു. കാരണം അഡിക്ഷൻ തീവ്രത, വ്യക്തിയുടെ മെറ്റബോളിസം, ജനിതക ഘടന, പിന്നെ ജീവിതശൈലിയിൽ മാറ്റം വരുത്താനുള്ള അവരുടെ ആഗ്രഹം, എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ച് അഡിക്ഷൻ മാറ്റിയെടുക്കാൻ സമയമെടുക്കും.
“ഒരു ശീലം തകർക്കാൻ കുറഞ്ഞത് 21 ദിവസമെങ്കിലും എടുക്കുമെന്ന് പൊതുവെ പറയപ്പെടുന്നു, ചില ആളുകളിൽ പഞ്ചസാരയുടെ അഡിക്ഷൻ ശീലം മാത്രമായി കണക്കാക്കാം. അതുകൊണ്ട്, അത്തരം ആളുകളിലെ ഷുഗർ ഉപഭോഗ അളവ് കുറയ്ക്കാൻ ഒരു മാസം കൊണ്ട് കഴിഞ്ഞേക്കും. എന്നിരുന്നാലും, മറ്റ് ചിലരിൽ മാറ്റം ഉണ്ടാകാൻ സമയമെടുത്തേക്കാം,” ഡോ തുഷാർ പറഞ്ഞു.
തുടക്കം എങ്ങനെ?
“ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും നിലനിർത്തുന്നതിനുള്ള നിരന്തരമായ പരിശ്രമവും പ്രതിബദ്ധതയും ഇതിന്റെ ദീർഘകാല വിജയത്തിന് ആവശ്യമാണ്,” ഡോ തുഷാർ പറഞ്ഞു. ഷുഗർ ഡി-അഡിക്ഷൻ ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ ഉപഭോഗം പകുതിയായി കുറയ്ക്കുകയും ക്രമേണ നിർത്തുകയും ചെയ്യുക എന്നതാണ്. “ഓരോ തവണയും മധുരം കഴിക്കാനായി തോന്നുമ്പോൾ ഒരു ഗ്ലാസ് വെള്ളമോ പഴമോ കഴിക്കുന്നത് സഹായകരമാണ്. എല്ലാ ദിവസവും ദൃഢനിശ്ചയം ശക്തിപ്പെടുത്തുന്നത് ലക്ഷ്യത്തിലെത്താൻ സഹായിക്കും,” ഡോ. അഭിജിത്ത് പറഞ്ഞു.
അവരുടെ മൊത്തത്തിലുള്ള ഭക്ഷണക്രമം സന്തുലിതമാണെന്നും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഭക്ഷണങ്ങൾ ഉൾപ്പെടുന്നുവെന്നും ഉറപ്പാക്കണമെന്ന് ലക്ഷ്മി പറയുന്നു.