നമ്മുടെ ശരീരത്തിൽ അയണിന്റെ പങ്ക് വളരെ വലുതാണ്. ഇത് ഹീമോഗ്ലോബിൻ ഉണ്ടാക്കാൻ സഹായിക്കുന്നു ( ശ്വാസകോശത്തിൽ നിന്ന് നമ്മുടെ ശരീരത്തിലെ ടിഷ്യൂകളിലേക്ക് ഓക്സിജൻ കൈമാറ്റം ചെയ്യുന്ന പ്രോട്ടീനാണിത്). മെച്ചപ്പെട്ട പ്രതിരോധശേഷിയും ഇത് പ്രദാനം ചെയ്യുന്നു. അയൺ അത്ലറ്റിക് പ്രകടനം മെച്ചപ്പെടുത്തുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ഏകദേശം 1.62 ബില്യൺ ആളുകൾക്കോ ലോക ജനസംഖ്യയുടെ 24.8 ശതമാനത്തിനോ അയണിന്റെ കുറവ് വിളർച്ചയുണ്ടാകുന്നു.
“അയൺ ഹീമോഗ്ലോബിന്റെ (ശ്വാസകോശത്തിൽ നിന്ന് ഓക്‌സിജനെ നിങ്ങളുടെ ടിഷ്യൂകളിലേക്ക് കൊണ്ടുപോകുന്ന ഒരു പ്രോട്ടീൻ) ഒരു പ്രധാന ഘടകമാണെന്ന് നിങ്ങൾക്ക് അറിയാമോ? ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന സാഹചര്യത്തിൽ, ടിഷ്യൂവും പേശികളും ഊർജ്ജം നഷ്ടപ്പെടുകയും അതിന്റെ ഭാഗമായി ശരീരത്തിൽ കൂടുതൽ ഓക്സിജൻ അടങ്ങിയ രക്തം എത്തിക്കാനായി ഹൃദയം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിയുംവരും. ഇത് ക്ഷീണത്തിലേക്കും ഏകാഗ്രതകുറവു പോലുള്ള ബുദ്ധിമുട്ടുകളിലേക്കും നയിച്ചേക്കാം,” അയണിന്റെ പ്രാധാന്യത്തെക്കുറിച്ച് പോഷകാഹാര വിദഗ്ധയായ ഡോ. ഉമാ നൈഡൂ പറയുന്നു.
“അയൺ ന്യൂറോണുകളെ സംരക്ഷിക്കുകയും മാനസികാവസ്ഥയിൽ ഉൾപ്പെടുന്ന രാസവസ്തുക്കളുടെ സമന്വയത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു,” അയണിന്റ ആരോഗ്യ ഗുണങ്ങൾ പങ്കുവെച്ചുകൊണ്ട് ഡോ. ഉമാ കൂട്ടിച്ചേർത്തു.
ലക്ഷണങ്ങൾ
തലകറക്കം, ശ്വാസം മുട്ടൽ, ക്ഷീണം, വിളർച്ച, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ശരീരത്തിൽ അയൺ കുറയുന്നതിന്റെ ലക്ഷണങ്ങൾ.
ബലഹീനത, വിളറിയ ചർമ്മം, ശ്വാസതടസ്സം, തലക്കറക്കം, തലവേദന, കൈകളിലെയും കാൽ പാദങ്ങളും തണുപ്പ് അനുഭവപ്പെടുക, ദുർബലമായ രോഗപ്രതിരോധ സംവിധാനം എന്നിവയാണ് അയൺ കുറവിന്റെ പ്രധാന ലക്ഷണങ്ങളെന്ന് കെയർ ഹോസ്പിറ്റൽസിലെ സീനിയർ ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ സമീന അൻസാരി ഇന്ത്യൻ എക്സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
അയൺ കുറയുന്നതിനു കാരണം എന്താണ്?
സ്ത്രീകൾക്കും പുരുഷന്മാർക്കും അയണിന്റെ കുറവ് അനുഭവപ്പെടുമെങ്കിലും, ആർത്തവ സമയത്ത് രക്തം നഷ്ടപ്പെടുന്നതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ അവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗർഭധാരണവും പ്രസവവും അയണിന്റെ കുറവിന് കാരണമാകും.
“അയണിന്റെ അഭാവത്തിന്റെ പ്രധാന കാരണം, രക്തം നഷ്ടപ്പെടുന്നതാണ്. ആർത്തവം മൂലം ഇത് സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു. കൂടാതെ, ഒരാളുടെ ഭക്ഷണക്രമം വളരെ നിയന്ത്രിതമാണെങ്കിൽ, പ്രത്യേകിച്ച് കർശനമായ സസ്യാഹാര ഭക്ഷണരീതികൾ, അതും അയണിന്റെ കുറവിലേക്ക് നയിച്ചേക്കാം, ശസ്ത്രക്രിയാനന്തരം പോലെയുള്ള മറ്റേതെങ്കിലും തരത്തിലുള്ള രക്തനഷ്ടം, ദഹനനാളത്തിൽ രക്തനഷ്ടം സംഭവിക്കുന്ന സാഹചര്യം എന്നിവയും അയണിന്റെ കുറവിന് കാരണമാകും, ” സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഇന്റേണൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റും ഡയറക്ടറുമായ ഡോ. പ്രീതി ഛാബ്രിയ ഇന്ത്യൻ എക്സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
“അയണിന്റെ അപര്യാപ്തത അല്ലെങ്കിൽ ശരീരത്തിന്റെ അയണിന്റെ ആഗിരണ കുറവ് മൂലമാണ് അയണിന്റെ കുറവ് ഉണ്ടാകുന്നത്. തെറ്റായ ഭക്ഷണക്രമം, അമിതമായ രക്തനഷ്ടം, ഗർഭധാരണം, ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്ന ചില രോഗാവസ്ഥകൾ എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാൽ ഇത് സംഭവിക്കാം, ” സമീന പറയുന്നു.
അയണിന്റെ കുറവാണെങ്കിൽ എന്താണ് ചെയ്യേണ്ടത്?
അയണിന്റെ കുറവ് ഉള്ളതായി സംശയിക്കുന്നുണ്ടെങ്കിൽ, ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച്, അത് ഉറപ്പാക്കാനായി രക്തപരിശോധന നടത്തുക.
“അയണിന്റെ അളവ് വർധിപ്പിക്കാൻ അയൺ സപ്ലിമെന്റുകളോ ഭക്ഷണക്രമത്തിൽ മാറ്റങ്ങളോ നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ചേക്കാം. അയണിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങളായ റെഡ് മീറ്റ്, ബീൻസ്, പയർ, ചീര, ധാന്യങ്ങൾ എന്നിവ കഴിക്കുന്നതും നല്ലതാണ്. എന്നാൽ വളരെയധികം അയൺ നിങ്ങൾക്ക് ഹാനികരമായേക്കാം എന്നതും ശ്രദ്ധിക്കണം. അതിനാൽ വിദഗ്ധരുടെ അഭിപ്രായം തേടിയതിനുശേഷം മാത്രം, അയൺ സപ്ലിമെന്റുകൾ എടുക്കുക. ഡാർക്ക് ചോക്ലേറ്റ്, പയർവർഗ്ഗങ്ങൾ എന്നിവയിലും അയൺ ഉണ്ട്.” ഡോ. അൻസാരി പറയുന്നു.