നിരയൊത്ത പല്ലുകളും ചിരിയും എല്ലാവരുടെയും സ്വപ്നമാണ്. നിരതെറ്റിയതും പൊങ്ങിയതുമായ പല്ലുകൾ ശരിയാക്കിയെടുക്കാൻ പല്ലിന് കമ്പിയിടുക എന്നതാണ് ഏറെകാലങ്ങളായി നമ്മൾ പിന്തുടർന്നു വരുന്ന മാർഗ്ഗങ്ങളിലൊന്ന്. എന്നാൽ കമ്പിയിടുക എന്ന പ്രക്രിയ പലർക്കും വേദന സമ്മാനിക്കുന്നതും കാഴ്ചയ്ക്ക് അഭംഗി സമ്മാനിക്കുന്നതുമാണ്. പല്ലിൽ കമ്പിയിടാതെ തന്നെ പല്ല് നേരെയാക്കാൻ സഹായിക്കുന്ന ആധുനികമായ ചികിത്സാ രീതിയാണ് ഇൻവിസിബിൾ അലൈനേർ. പേര് പോലെ തന്നെ പല്ലിന്റെ പുറം ഭാഗത്തേക്ക് ദൃശ്യമാകാത്ത ക്ലിപ്പുകൾ ആണ് ഇവ.
പല്ലിന് അനുയോജ്യമായ രൂപത്തിലാണ് ഈ ക്ലിപ്പുകൾ പുറത്തിറക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ അളവില്‍ തയ്യാറാക്കുന്ന ഇന്‍വിസിബിള്‍ അലൈനേര്‍സ് പല്ലിന് സാധാരണ നല്‍കുന്ന കമ്പിയേക്കാളും മികച്ച റിസൽറ്റ് നൽകുമെന്ന് ഡെന്‍ന്റിസ്റ്റുകൾ പറയുന്നു. “സൗന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്ന ആളുകള്‍ ഇപ്പോൾ കൂടുതലും ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള ക്ലിപ്പുകളെയാണ്. ഇത് ആഹാര സമയത്തും ബ്രഷുപയോഗിക്കുമ്പോഴും അഴിച്ച് മാറ്റി കൃത്യമായ രീതിയില്‍ വായ കഴുകി വ്യത്തിയാക്കിയതിന് ശേഷം തിരികെ വെക്കാനാവും എന്നതാണ് മറ്റൊരു ആകർഷണം,” തീർത്ഥാസ് ടൂത്ത് അഫയറിലെ ചീഫ് ഡെന്റൽ സർജനായ ഡോക്ടർ തീർത്ഥ ഹേമന്ത് പറയുന്നു.
അനായാസമായി ഊരി വെക്കാനും തിരിച്ച് വെക്കാനും എളുപ്പത്തിൽ വൃത്തിയാക്കാനും സാധിക്കുന്ന ഒന്നാണ് ഇൻവിസിബിൾ അലൈനേർ . വേദന ഉണ്ടാകുമെന്ന പേടിയും വേണ്ട. മിനുസമാർന്ന പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.
ഡെന്തല്‍ സ്‌പെഷ്യലിസിറ്റ് രോഗിയുടെ പല്ലിന്റെയും മോണയുടെയും സ്‌കാന്‍ എടുത്തതിന് ശേഷം ആ സ്‌കാന്‍ റിപ്പോര്‍ട്ട് ലാബിലേക്ക് അയക്കുകയും ലാബില്‍ ലാബ് ടെക്‌നീഷ്യനും ഓര്‍ത്തോഡോണ്ടിസ്റ്റും ചേര്‍ന്ന് ഡിസൈന്‍ ചെയ്ത് ഒരു സെറ്റ് ഓഫ് ട്രേ തയ്യാറാക്കുകയുമാണ് ചെയ്യുന്നത്. എത്ര സെറ്റ് ഓഫ് ട്രേ വേണമെന്നത് റിസൽട്ടിൽ നിന്നും ഡോക്ടറാണ് തീരുമാനിക്കുന്നത്. ഒരു സെറ്റ് ഓഫ് ട്രേ ഉപയോഗിക്കുന്നത് രണ്ടാഴ്ച്ചത്തേക്കാണ്. എത്ര ട്രേ വേണമെന്നും എത്ര ട്രേ ഉപയോഗിച്ചാല്‍ അവരുടെ പല്ല് ഭംഗിയാകുമെന്നും ഡോക്ടർക്ക് നേരത്തെ പറയാനാകും. മെറ്റാലിക് ബ്രേസുകളുമായി ( metallic braces) താരതമ്യപ്പെടുത്തുമ്പോള്‍ വായ വളരെ വൃത്തിയായി സൂക്ഷിക്കാന്‍ അലൈനേഴ്‌സ് ഉപയോഗിച്ച് സാധിക്കും.
“ഏതു പ്രായക്കാര്‍ക്കും ഈ രീതി ഉപയോഗിച്ച് പല്ലുകളെ ഭംഗിയാക്കാന്‍ സാധിക്കും. പല്ലും മോണയും എല്ലും ആരോഗ്യകരമായ ഇരിക്കുന്ന അവസ്ഥയാണെങ്കില്‍ 14 വയസുമുതല്‍ തുടങ്ങി അങ്ങോട്ടുള്ള എല്ലാ പ്രായക്കാര്‍ക്കും ഈ ചികിത്സാരീതി ഉപയോഗിക്കാവുന്നതാണ്. ആഴ്ച്ചയില്‍ കൃത്യമായ ഇടവേളകളില്‍ മാറ്റിയിടുന്ന ഇന്‍വിസിബിള്‍ അലൈനേര്‍സ് ഒരു ഡെന്‍ന്റിസ്റ്റുമായിട്ടുള്ള കൂടിയാലോചനക്ക് ശേഷം മാത്രം വേണം ആവശ്യക്കാര്‍ തെരഞ്ഞെടുക്കാന്‍,” തീർത്ഥ കൂട്ടിച്ചേർത്തു.