scorecardresearch

World Fatty Liver Day: ശ്രദ്ധിക്കുക, കരള്‍ രോഗം വരുന്നത് മദ്യപാനികള്‍ക്ക് മാത്രമല്ല

World Fatty Liver Day : അമിതാഹാരം ഒഴിവാക്കി ചിട്ടയായ കായികാദ്ധ്വാനത്തിന് സമയം കണ്ടെത്തിയില്ലെങ്കിൽ, ചിക്കൻ വാങ്ങാൻ 2000 കോടി രൂപയും മദ്യം വാങ്ങാൻ 14,000 കോടിയും ചെലവാക്കുന്ന മലയാളി കരൾരോഗ ചികിത്സയ്കക്കായി ചെലവാക്കാൻ പോകുന്ന തുക ഭീമമായിരിക്കും

world fatty liver day, international nash day, fatty liver disease, chronic liver disease, liver disease treatment, kerala diabetes capital of india, obesity in Kerala, kerala health index, kerala health minister, ieMalayalam, ഐ ഇ മലയാളം

ലോകജനസംഖ്യയിൽ 25 തൊട്ട് 30 ശതമാനം വരെ ആളുകൾക്ക് ഫാറ്റി ലിവർ ഉണ്ട് എന്ന് സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ടു ദശകങ്ങൾക്കു മുമ്പ് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം കണ്ടിരുന്ന കരൾ വ്യാധി ഇന്ന് വികസിത രാജ്യങ്ങളിലും വന്നു ചേർന്നിരിക്കുന്നു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ പുരോഗതിയുടെ പാതയിലാണ്. ജീവിത നിലവാരം ഉയർന്നിരിക്കുന്നു, ജീവിതരീതികളിൽ പ്രകടമായ മാറ്റം നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വന്നുകഴിഞ്ഞിരിക്കുന്നു. വിരോധാഭാസമെന്നു പറയട്ടെ, ഈ സാമ്പത്തിക പുരോഗതി ചില ജീവിതശൈലി കേന്ദ്രീകൃതമായ രോഗങ്ങളും നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ജീവിതശൈലിയിലെ വ്യത്യാസം, ജങ്ക് ഫുഡുകളുടെ അമിത ഉപയോഗം, പൊണ്ണത്തടി, പ്രമേഹം എന്നിവയെല്ലാം ഈ ജീവിതശൈലി കേന്ദ്രീകൃതമായ അനാരോഗ്യത്തിന് ആക്കം കൂട്ടുന്നു. ഇതോടൊപ്പം ശാരീരിക അധ്വാനത്തിന് തീരെ പ്രാധാന്യം ഇല്ലാത്ത വൈറ്റ് കോളർ ജോബ് തേടിയുള്ള യാത്രയും കുറച്ചൊന്നുമല്ല നമുക്ക് അനാരോഗ്യം നേടി തന്നത്.

കരളിന്റെ ആരോഗ്യത്തെ വലിയൊരു അളവോളം ഈ ജീവിതശൈലി വ്യതിയാനങ്ങൾ ബാധിച്ചിട്ടുണ്ട്. നൂറിലധികം സുപ്രധാനമായ പ്രവർത്തനങ്ങൾ- ശുദ്ധീകരണം, ദഹനം, വിഷ നിർമാർജനം, പ്രോട്ടീനുകൾ ഹോർമോണുകൾ തുടങ്ങിയവ ഉണ്ടാക്കുക എന്നിങ്ങനെ പല പ്രവർത്തനങ്ങളും കരളിൽ നടക്കുന്നുണ്ട്. അത്ഭുതകരമാം വണ്ണം കരൾ കോശങ്ങൾക്ക് പുനരുജ്ജീവനവും സാധ്യമാണ്.

world fatty liver day, international nash day, fatty liver disease, chronic liver disease, liver disease treatment, kerala diabetes capital of india, obesity in Kerala, kerala health index, kerala health minister, ieMalayalam, ഐ ഇ മലയാളം

65 ശതമാനം കരൾ മുറിച്ചു മാറ്റിയാലും വീണ്ടും പൂർവസ്ഥിതിയിൽ ആകാനുള്ള അത്ഭുത ശക്തി ഈ അവയവത്തിന് ഉള്ളതുകൊണ്ടാണല്ലോ കരൾ ദാതാക്കൾക്ക് “ലിവിങ് ഡോണർ ലിവർ ട്രാൻസ്പ്ലാന്റ്” എന്നചികിത്സാ സങ്കേതത്തിലേക്ക് ഉള്ള വഴി തുറക്കാൻ സാധിച്ചത്. ഈ ശക്തിമത്തായ പുനരുജ്ജീവനത്തിന്റെ കഴിവുണ്ടായിട്ടു കൂടി ജീവിതശൈലി വ്യതിയാനങ്ങൾ ജനസംഖ്യയുടെ 30 ശതമാനമോ അതിലധികമോ കരൾ രോഗത്തിലേക്ക് തള്ളി വിടപെട്ടിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. ഇത് പ്രധാനമായും ഫാറ്റി ലിവർ രോഗത്തിലൂടെ ആണ്.

ലോക ജനസംഖ്യയുടെ 30 ശതമാനമാണ് ഫാറ്റി ലിവർ ബാധിക്കപ്പെട്ട് ഇരിക്കുന്നത് എങ്കിൽ, 2019 ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് തിരുവനന്തപുരത്ത് 49  ശതമാനം ആളുകൾക്കും ഫാറ്റി ലിവർ ഉണ്ട് എന്നാണ്. കണ്ണൂരിൽ നടത്തിയ ഒരു പഠനം, അമിതവണ്ണമുള്ള സ്കൂൾ കുട്ടികളിൽ 60 ശതമാനത്തിനും ഫാറ്റിലിവർ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇത് വളരെ കൂടുതലാണ്- ഹരിയാനയിൽ 30 ശതമാനം, ഒഡിഷയിൽ 30 ശതമാനം എന്നാൽ ചണ്ഡീഗഡിൽ ഇത് 53 ശതമാനം ആണ്.

ചരിത്രപരമായി നോക്കുകയാണെങ്കിൽ പാശ്ചാത്യരാജ്യങ്ങളിൽ 20- 30 വർഷം മുമ്പാണ് ആദ്യമായി ഫാറ്റി ലിവർ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്; അതും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന വരിൽ മാത്രം. എന്നാൽ ഇന്ന് ഏഷ്യയിലും മറ്റ് വികസിത രാജ്യങ്ങളിലും ഈ രോഗം കാണപ്പെടുന്നു എന്നു മാത്രമല്ല സാമൂഹിക, സാമ്പത്തിക തരംതിരിവുകൾ ഇതിനു ബാധകമല്ല എന്നുള്ളത് എടുത്തുപറയേണ്ടതുമാണ്.

അതിനർത്ഥം ഫാറ്റി ലിവർ രോഗം ആധുനികതയുടെ ബാക്കിപത്രം ആണെന്നാണോ? അല്ല എന്നാണ് ഉത്തരം. നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസസ് (NAFLD) പലപ്പോഴും പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളുമായി ചേർന്നു നിൽക്കുന്നു; ഇവയെ ഒറ്റവാക്കിൽ “മെറ്റബോളിക് സിൻഡ്രോം” എന്നാണ് വിളിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണ ഊർജ്ജം വിവിധ തരത്തിലുള്ള ശാരീരിക അധ്വാനത്തിലൂടെ കത്തിച്ചു കളഞ്ഞില്ലെങ്കിൽ ഈ ഊർജ്ജം കൊഴുപ്പായി രൂപാന്തരപ്പെട്ട് കരളിൽ അടിയുന്നു. ഇത് ആധുനികകാലത്ത് അല്ല ബിസി രണ്ടാം നൂറ്റാണ്ടിൽ തന്നെ പുരാതന ഭാരതത്തിലെ വൈദ്യശാസ്ത്ര ഗ്രന്ഥമായ ചരകസംഹിതയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

“മന്ദോത്സാഹമതിസ്ഥൂലമതിസ്നിഗ്ദ്ധം മഹാശാനം
മൃത്യുഃപ്രമേഹരൂപേണ ക്ഷിപ്രമാദായ ഗച്ഛദി
യസ്ത്വാഹാരം ശരീരസ്യ ധാതുസമാമ്യകരം നരഃ
സേവതേ വിവിധാശ്ചാന്യാശ്ചേഷ്ടഃ സസുഖമശ്നുതേ”

“ഉത്സാഹം മന്ദീഭവിച്ച ആളുകൾ, അമിതമായ ആഹാരം, അതും കൊഴുപ്പ് കൂടിയ ആഹാരം നിരന്തരം ഭക്ഷിക്കുമ്പോൾ മൃത്യു പ്രമേഹത്തി ന്റെ രൂപത്തിൽ വന്ന ലോകത്തു നിന്ന് വിളിച്ചു കൊണ്ടു പോകുന്നു. ഏത് വ്യക്തിയാണോ സമീകൃതാഹാരം ഭക്ഷിക്കുന്നത്, പാകപ്പിഴകൾ ഇല്ലാത്ത ജീവിതശൈലി പിന്തുടരുന്നത്, അവർ ആരോഗ്യകരമായ ജീവിതം നയിക്കുന്നവർ എന്നുപറയാം.”

ഇന്ത്യയിൽ കാർഷിക സമ്പദ്‌വ്യവസ്ഥ നിന്നുപോയ പ്രദേശങ്ങളിലാണ് ഈ രോഗം അധികമായി കാണുന്നത്. ശാരീരികാധ്വാനത്തിന്റെ തോത് കുറയുന്നതും, ജങ്ക് ഫുഡ് ശീലങ്ങൾ, അമിത വണ്ണം എന്നിവയും ഫാറ്റി ലിവറിന് പ്രേരകങ്ങൾ ആയി ഫലിക്കുന്നു. ജീവിത ശേലീ കേന്ദ്രീകൃതമായ ആരോഗ്യ പ്രതിസന്ധി കേരളത്തിൽ പിടിമുറുക്കിയിട്ട് രണ്ടു ദശകത്തിലധികമായിരിക്കുന്നു.

world fatty liver day, international nash day, fatty liver disease, chronic liver disease, liver disease treatment, kerala diabetes capital of india, obesity in Kerala, kerala health index, kerala health minister, ieMalayalam, ഐ ഇ മലയാളം

ക്രമവിരുദ്ധമായ ജീവിത ശൈലി ഏറ്റവും അധികമായി ബാധിക്കപ്പെടുന്നത് കരളിനെ ആണ്. ഫാറ്റി ലിവറിൽ തുടങ്ങി, നിശ്ശബ്ദമായി വീക്കം, വടുക്കൾ ഉണ്ടാകൽ എന്നിവ അവസാനം ചെന്നെത്തുക കരൾ സിറോസിസിലും കരൾ ക്യാൻസറിലുമാണ്. പത്തോ മുപ്പതോ വർഷം വരെ എടുക്കും ഈ ഘട്ടം ഘട്ടമായുള്ള കരൾ നശീകരണ പ്രക്രിയ. നിശബ്ദമായാണ് ഈ പ്രക്രിയ നടക്കുന്നതും. രോഗിയുടെ തിരിച്ചറിവിലേക്ക് ഈ രോഗം എത്തുന്നത് തിരിച്ചുവരാൻ പറ്റുന്ന ഘട്ടത്തിന് അപ്പുറം എത്തിയതിനു ശേഷം മാത്രം, ഒരുവേള അന്തിമ ഘട്ടത്തിലും ആവാം. അതുകൊണ്ടുതന്നെ നിശബ്ദമായി നിൽക്കുന്ന അവസ്ഥയിൽ ഇതു കണ്ടെത്തുന്നതിന് പ്രാധാന്യം ഏറെയുണ്ട്.

ഫാറ്റി ലിവർ രണ്ടു തരം- എഎഫ്എൽഡി, എൻഎഎഫ്എൽഡി

കരളിൽ സ്വാഭാവികമായി അൽപം കൊഴുപ്പ് തന്മാത്രകൾ അടിയാം. അഞ്ചു ശതമാനത്തിനു മുകളിൽ കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ രോഗമായി കണക്കാക്കുന്നത്.

മദ്യം സ്ഥിരമായി ഉപയോഗിക്കുമ്പോൾ കരളിലെ കൊഴുപ്പിന്റെ തോത് വർധിക്കുന്നു (എഎഫ്എൽഡി). മദ്യം ഉപയോഗിക്കാത്തവർക്കും ഫാറ്റി ലിവർ വരും. അമിത വണ്ണം, അമിതാഹാരം, ശാരീരികാദ്ധ്വാനം ഇല്ലാതിരികക്കുക എന്നിവയാണ് കാരണം, ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡീസിസ് (എൻഎഎഫ്എൽഡി) എന്നു പറയുന്നു. പ്രമേഹം, രക്താതി സമ്മർദ്ദം, രക്തത്തിൽ കൊളസ്ട്രോളിന്റെ ഉയർന്ന തോത് തുടങ്ങിയവയും എൻഎഎഫ്എൽഡി ഉള്ളവരിൽ കാണാറുണ്ട്. ജീവിതശൈലിയിലെ പാകപ്പിഴകൾ കൂടാതെ, എൻഎഎഫ്എൽഡിയ്ക്ക് ജനിതക കാരണങ്ങളും ഉണ്ട് എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. PNPLA3 തുടങ്ങിയ ജീനുകൾ ഫാറ്റി ലിവറും, പ്രമേഹവും ഉണ്ടാവാൻ കാരണമാകാം.

നിശ്ശബ്ധമായ കരൾ അപചയം

മദ്യം മൂലമോ ജീവിതശൈലിയിലെ പാകപ്പിഴകൾ മൂലമോ കരളിൽ കൊഴുപ്പ് അടിയുന്നു. നാം കഴിക്കുന്ന ഭക്ഷണം ആന്തരിക പ്രക്രിയകളിലൂടെ ചെലവഴിക്കപ്പെടണം. അങ്ങനെ സംഭവിക്കാത്ത പക്ഷം, ബാക്കിയാകുന്ന എല്ലാ തരം ഭക്ഷണങ്ങളും കൊഴുപ്പായി രൂപാന്തരപ്പെട്ട് കരളിൽ അടിയുന്നു. വർഷങ്ങൾക്കു ശേഷം ഈ അമിതമായ കൊഴുപ്പ്, കരൾ കോശങ്ങളുടെ നീർ വീക്കത്തിലേക്ക് നയിക്കുന്നു (Steatohepatitis). നീരുവീക്കം വന്ന കരളിന്റെ അവസ്ഥ മിക്കവാറും നിശ്ശബ്ദമാണ്. രോഗിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ കൊടുക്കുന്നില്ല. നീർവീഴ്ച ക്രമേണ കരളിൽ വടുക്കൾ ഉണ്ടാവുന്നതിന് കാരണമാവുന്നു. വടുക്കൾ അഥവാ ഫൈബ്രോസിസ് (Fibrosis) പത്തോ പതിനഞ്ചോ വർഷമെടുത്ത് കരൾ സിറോസിസ് എന്ന മാരക രോഗത്തിൽ ചെന്നെത്തും.

ഈ വടുക്കൾ (Fibrosis) ഉണ്ടാകുന്ന അവസ്ഥയും നിശബ്ദമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. സിറോസിസിൽ (Cirrhosis) എത്തിക്കഴിഞ്ഞാൽ പിന്നെ തിരിച്ചുപോക്ക് സാധ്യമല്ല. എന്നാൽ നിശ്ശബ്ദമായി നീർവീക്കം നടക്കുന്ന അവസ്ഥയിലും, വടുക്കൾ (Fibrosis) ഉണ്ടാകുന്ന അവസ്ഥയിലും രോഗം തിരിച്ചറിഞ്ഞാൽ പരിപൂർണമായി ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും. എന്നാൽ നിശ്ശബ്ദാവസ്ഥയിൽ ഈ രോഗങ്ങളെ കണ്ടെത്തുന്നത് തുലോം വിരളമായതുകൊണ്ട്, പരിപൂർണമായി ചികിത്സിച്ചു ഭേദമാക്കൽ ഒരു വെല്ലുവിളി തന്നെ.

കേരളത്തിലെ കണക്കുകൾ

കേരളം ആരോഗ്യ രംഗത്ത് വളരെ മുൻപന്തിയിലാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. 93 ശതമാനം സാക്ഷരതയുള്ള കേരളത്തിലെ സാമൂഹിക വികസന സൂചികകളും, ചില അടിസ്ഥാന ആരോഗ്യ വികസന സൂചികകളും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്നതാണ്. കുറഞ്ഞ മാതൃ-ശിശു മരണനിരക്ക്, ചില വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്നതും ആണ്.

world fatty liver day, international nash day, fatty liver disease, chronic liver disease, liver disease treatment, kerala diabetes capital of india, obesity in Kerala, kerala health index, kerala health minister, ieMalayalam, ഐ ഇ മലയാളം

എന്നാൽ മേൽപ്പറഞ്ഞ മെച്ചപ്പെട്ട അവസ്ഥകളെ മറികടന്ന് ജീവിതശൈലീ രോഗങ്ങൾ നമ്മെ രോഗഗ്രസ്ഥരാക്കുന്നതാണ് കഴിഞ്ഞ ഒരു ദശകത്തിലേറെയായി നാം കാണുന്നത്. കാർഷിക സമ്പദ്‌വ്യവസ്ഥ അന്യം നിന്നതോടു കൂടി സമ്പന്ന ജീവിതശൈലിയുടെ ഉപോൽപന്നങ്ങളായ പൊണ്ണത്തടി, പ്രമേഹം, ജങ്ക് ഫുഡ് ആധിക്യം എന്നിവ ഫാറ്റി ലിവർ ഉൾപ്പെടെയുള്ള രോഗാവസ്ഥയിലേക്കുള്ള വഴി മരുന്നായി.

പ്രമേഹം, രക്താതിസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവ ഫാറ്റി ലിവറിനു പശ്ചാത്തലമൊരുക്കുന്നു. കേരളത്തിൽ ഗ്രാമങ്ങളിൽ പോലും- പ്രമേഹം 20 ശതമാനം, ഉയർന്ന രക്തസമ്മർദ്ദം 42 ശതമാനം,  ഉയർന്ന കൊളസ്ട്രോൾ 40 ശതമാനം, അലസത അഥവാ കായിക നിഷ്ക്രിയത 41 ശതമാനം എന്നിങ്ങനെയാണ് കണക്ക്. പ്രമേഹത്തിന്റെ കാര്യത്തിൽ ദേശീയ ശരാശരിയയുടെ (എട്ട് ശതമാനം) ഇരട്ടിയിലധികമാണ് കേരളത്തിൽ (20 ശതമാനം). തിരുവനന്തപുരത്ത് നടത്തിയ ഒരു പഠനത്തിൽ ഫാറ്റി ലിവർ 50 ശതമാനത്തോളം കണ്ടെത്തിയപ്പോൾ ലോകത്തെമ്പാടും അത് 30-35 ശതമാനം ആണെന്നത് ഗൗരവമായി കാണേണ്ടതുണ്ട്. കണ്ണൂരിൽ നടത്തിയ മറ്റൊരു പഠനം പ്രകാരം അമിതവണ്ണമുള്ള കുട്ടികളിൽ 60 ശതമാനം ഫാറ്റി ലിവറിന്റെ പിടിയിലാണെന്നതും ആശങ്കാജനകമാണ്.

ഫാറ്റി ലിവറും മറ്റു രോഗങ്ങളും

ഫാറ്റി ലിവർ ഉള്ളവരിൽ ഹൃദ്രോഗം അധികമായി കാണപ്പെടുന്നു. പ്രമേഹം, രക്താതി സമ്മർദം എന്നിവ ഫാറ്റി ലിവർ എന്നതുപോലെ ഹൃദ്രോഗത്തിനും കാരണമാവുന്നു. പൊതുവെ രക്തക്കുഴലുകളുടെ ആരോഗ്യം കുറവായി കാണപ്പെടുന്നു, വ്യാസം കുറയുകയും രക്ത ചംക്രമണത്തെ ബാധിക്കുകയും ചെയ്യുന്നു. ഇതുമൂലം പക്ഷാഘാതം (Brain Stroke), ഹൃദയാഘാതം (Heart Attack) എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നു.

ക്യാൻസർ: ഫാറ്റി ലിവർ ഉള്ളവരിൽ കരൾ ക്യാൻസർ അധികമാണെന്നത് പ്രതിപാദിച്ചല്ലോ. മറ്റവയവങ്ങളിൽ ഉള്ള കാൻസറും അധികമായി കാണപ്പെടുന്നു. പാൻക്രിയാസിന്റെയും വൻകുടലിന്റെയും ക്യാൻസർ അമിതവണ്ണമുള്ളവരിൽ അധികമാണ്.

മെലിഞ്ഞ വ്യക്തികളിൽ ഫാറ്റിലിവർ കാണാമോ?

തീർച്ചയായും. “ലീൻ ഫാറ്റിലിവർ” എന്നുപറയുന്ന ഈ അവസ്ഥ കൂടുതലും ഏഷ്യയിലാണ് കാണുന്നത്. ജനിതകമായ പിൻബലം ഇതിനുണ്ട്. മെലിഞ്ഞിരുന്നാലും ശരീരം ഉപാപചയ പ്രക്രിയ നടത്തുന്ന രീതിയിൽ പോരായ്മ ഉള്ളതിനാൽ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ വരാൻ സാധ്യതയുണ്ട്. അമിതവണ്ണം ഇല്ലാത്തതിനാൽ തനിക്ക് ആരോഗ്യമുണ്ട് എന്ന് ധരിച്ച് പരിശോധനകൾക്ക് വിധേയരാകാര്‍ ഇല്ല.

ഫാറ്റിലിവർ കുട്ടികളിൽ വരാമോ?

വരാം, ഇതിന്റെ തോത് കൂടി വരുന്നതായും കാണുന്നു. മുൻ പ്രതിപാദിച്ചത് പോലെ കണ്ണൂരിൽ അമിതവണ്ണമുള്ള സ്കൂൾ വിദ്യാർത്ഥികളിൽ 60 ശതമാനത്തിനും ഫാറ്റിലിവർ ഉണ്ട് എന പഠനങ്ങൾ സൂചിപ്പിക്കുന്നു.

പഞ്ചാബ് കഴിഞ്ഞാൽ കേരളമാണ് കുട്ടികളിലെ അമിത വണ്ണത്തിൽ മുൻപന്തിയിൽ. പഞ്ചസാര കലർന്ന പാനീയങ്ങൾ, ജങ്ക് ഫുഡുകൾ, കൊഴുപ്പുകൂടിയ ബർഗർ, പിസ്സ തുടങ്ങിയവ ഇതിന് ആക്കം കൂട്ടുന്നു. കളികളിൽ ഏർപ്പെടുന്നതിനുള്ള സമയവും താൽപര്യവും കുട്ടികളിൽ കുറഞ്ഞു വരുന്നതും ഫാറ്റി ലിവറിന്കാരണമാണ്.

പ്രമേഹവും മദ്യപാനവും ചേർന്നാൽ -എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ!

അമിതമായ മദ്യപാനത്തിന് ഒരുപാട് സാമൂഹികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ട്. എന്നാൽ കരളാണ് മദ്യത്തെ വിഘടിച്ച് വിഷാംശം കുറച്ച് പുറംതള്ളുന്നു എന്നതിനാൽ മദ്യപാനത്തിൽ ഏറ്റവും ബാധിക്കപെടുന്ന അവയവവും കരൾ തന്നെയാണ്. കേരളത്തിൽ ഏറ്റവുമധികം കരൾ രോഗം ഉണ്ടാകുന്നത് മദ്യപാനം മൂലം തന്നെ. മദ്യത്തിന്റെ വിഷ നിർമ്മാർജ്ജന പ്രക്രിയയിൽ ഉണ്ടാകുന്ന അസറ്റാൽഡിഹൈഡ്, കരൾ കോശങ്ങൾക്ക് ക്ഷതം ഉണ്ടാക്കുകയും ക്രമേണ കരൾ സിറോസിസ് എന്ന രോഗാവസ്ഥ സംജാതമാവുകയും ചെയ്യുന്നു. കരളിന്റെ പ്രവർത്തനം കുറയുകയും, കരൾ സമ്മർദ്ദം അധികരിക്കുകയുംചെയ്യുന്നു. പ്രമേഹമുള്ളവരിലും എൻഎഎഫ്എൽഡി മൂലം കരളിൽ കൊഴുപ്പടിഞ്ഞ് അവസാനം സംഭവിക്കുന്ന രോഗവും ഇതേ സിറോസിസ് തന്നെയാണ്.

 പ്രമേഹരോഗികൾ മദ്യപാനത്തിൽ ഏർപ്പെടാമോ? മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ കരൾരോഗ സാധ്യത ഉണ്ടോ?

ഉണ്ട് എന്നാണ് ഉത്തരം! മെറ്റബോളിക് സിൻഡ്രോം ഉള്ളവർ, അതായത് പ്രമേഹം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോളിന്റെ അളവ് തുടങ്ങിയവ ഉള്ളവർ ഫാറ്റിലിവർ രോഗത്തിനും അതേത്തുടർന്നുള്ള സിറോസിസിനും സാധ്യത കൂടിയവരാണ്, മദ്യപാനം ഈ സാധ്യതയെ അധികരിപ്പിക്കുന്നു. ചെറുപ്പക്കാരിൽ കാണുന്ന സിറോസിസ് രോഗികളിൽ പലർക്കും മെറ്റബോളിക് സിൻഡ്രോം ഉണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ജീവിതശൈലി കേന്ദ്രീകൃതമായ കരൾരോഗം: നമ്മെ കാത്തിരിക്കുന്ന നിശബ്ധ മഹാമാരി!

മുൻ പ്രതിപാദിച്ചതിന്റെ രത്നചുരുക്കം മദ്യപാനം കാരണവും ജീവിതശൈലി അപചയം മൂലമുള്ള മെറ്റബോളിക് സിൻഡ്രോം കാരണവും രണ്ടോ മൂന്നോ പതിറ്റാണ്ട് കാലത്തോളം നിശബ്ദമായ് കരൾക്ഷതം സംഭവിക്കുന്നു. ഇന്ത്യ പോലത്തെ രാജ്യങ്ങളിൽ ഹെൽത്ത് സ്ക്രീനിങ് പ്രോഗ്രാമുകൾ ഇല്ലാത്ത അവസ്ഥയിൽ പലപ്പോഴും ഈ കരൾരോഗം അവസാനഘട്ടത്തിലാണ് കണ്ടുപിടിക്കപ്പെടുക. അവസാന ഘട്ടത്തിൽ, കരൾ സിറോസിസും കരൾ കൻസറും വന്നതിനുശേഷം ചികിത്സക്കായിവേണ്ടി വരാവുന്ന കരൾ മാറ്റിവെക്കൽ പോലെയുള്ള ചികിത്സാരീതികൾ ഭാരിച്ച ചെലവ് നിറഞ്ഞതും, കുടുംബത്തിന്റെ സാമ്പത്തികഭദ്രത തകർക്കുന്നതുമായി ഭവിക്കാം.

ഇത് അടിവരയിടുന്നത് നിശബ്ദമായ അവസ്ഥയിൽ തന്നെ രോഗം കണ്ടു പിടിക്കുന്നതിന്റെ പ്രാധാന്യമാണ്. കരളിൽ വടുക്കൾ ഉണ്ടാകുന്നത് ഒരു പരിധിക്കപ്പുറത്തേക്ക് പോയി കരൾ സിറോസിസ് വന്നുകഴിഞ്ഞാൽ പിന്നെ തിരിച്ചു പോക്ക് ഇല്ല. നിശബ്ധ അവസ്ഥയിൽ കണ്ടുപിടിച്ചാൽ ചികിത്സ സാധ്യമാണ് എന്ന് അർത്ഥം. മുളയിലെ നുള്ളുക എന്ന സമ്പ്രദായം കരൾ രോഗത്തെ സംബന്ധിച്ച് അന്വർത്ഥം.

പ്രതിവിധി എന്ത്?

കരളിൽ കൊഴുപ്പ് അടിയുന്നതിനെ പ്രതിരോധിക്കാനോ അടിഞ്ഞതിനു ശേഷം ഉണ്ടാവുന്ന കരൾ വീക്കം, കരൾ സീറോസിസ്, കരൾ ക്യാൻസർ എന്നിവയെ തടയുന്നതിനോ ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല നാളിതുവരെയും. പത്തോളം മരുന്നുകൾ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്, വരും വർഷങ്ങളിൽ ചികിത്സക്കായി ഉപയോഗിക്കാവുന്ന ഘട്ടം വരും എന്ന് പ്രതീക്ഷിക്കാം.

ജീവിതശൈലി ക്രമപ്പെടുത്തുകയാണ് പ്രധാന ചികിത്സാ രീതി. അമിതാഹാരം ഒഴിവാക്കി ചിട്ടയായ കായികാദ്ധ്വാനത്തിന് സമയം കണ്ടെത്തിയില്ലെങ്കിൽ, ചിക്കൻ വാങ്ങാൻ 2000 കോടി രൂപയും മദ്യം വാങ്ങാൻ 14,000 കോടിയും ചെലവാക്കുന്ന മലയാളി കരൾരോഗ ചികിത്സയ്കക്കായി ചെലവാക്കാൻ പോകുന്ന തുക ഭീമമായിരിക്കും.

ഫാറ്റി ലിവർ നിശ്ശബ്ദമായി നിൽക്കുന്ന ആരംഭ ഘട്ടങ്ങളിൽ കണ്ടെത്തിയാൽ ചികിത്സയ്ക്ക് നാമമാത്രമായ ചെലവേ വരുന്നുള്ളൂ. പ്രതിരോധമാണ് ചികിത്സയേക്കാളും പ്രധാനം എന്നത് ഫാറ്റി ലിവറിനെ സംബന്ധിച്ച് അന്വർത്ഥമാണ്. സാമൂഹിക വിദ്യാഭ്യാസ മാർഗങ്ങൾ, സ്കൂൾ തലത്തിൽ തന്നെ തുടങ്ങുന്ന ജീവിതശൈലീ ക്രമീകരണം എന്നിവ അതീവ പ്രാധാന്യം അർഹിക്കുന്നു. മുളയിലേ നുള്ളുമ്പോഴാണ് സ്ഥായിയായ ഫലം ലഭിക്കുക.

കുട്ടികളിൽ കായികാഭ്യാസം ജീവിതചര്യയുടെ ഭാഗമാക്കുക. എത്ര തിരക്കിട്ട ജോലിയായാലും 40 മിനുറ്റ് എയ്റോബിക് എക്സർസൈസിന് മാറ്റിവച്ചേ മതിയാവൂ. വേഗത്തിലുള്ള നടപ്പ്, സൈക്ലിങ്ങ്, ജോഗ്ഗിങ്ങ്, നീന്തൽ- ഇവയിൽ സൗകര്യപ്രദമായവ തിരഞ്ഞെടുക്കാം.

ആഹാരത്തിൽ അന്നജത്തിന്റെ അളവ് കുറച്ച്, കൊഴുപ്പ് അമിതമാകാതെ, മാംത്സ്യം മതിയായി അനുപാതത്തിൽ ക്രമീകരിക്കാം. സമീകൃത ആഹാരത്തിന്റെ പ്രാധാന്യം തെല്ലൊന്നുമല്ല.

ഗ്ലോബൽ കൺസ്യൂമറിസത്തിന്റെ ഭാഗമായി നമ്മുടെ ഭക്ഷ്യ കമ്പോളത്തിൽ ഇന്ന് ലഭ്യമല്ലാത്തതൊന്നുമില്ല. ഷോപ്പിങ്ങ് മാളിൽനിന്ന് ഇവ വാങ്ങുമ്പോൾ ന്യൂട്രീഷ്യനൽ വാല്യൂവിനെപ്പറ്റി ബോധവാൻമാരാവുക. പാക്കേജ് ഇൻസെർട്ട് വായിക്കുന്നത് ശീലമാക്കണം. കൊഴുപ്പ്, അന്നജം, മാംത്സ്യം എന്നിവയുടെ അനുപാതം രേഖപ്പെടുത്തിയിരിക്കും. ഈ ഫുഡ് ഓഡിറ്റിങ്ങ് പരിശീലനം സ്കൂൾ തലത്തിൽ ആരംഭിക്കാവുന്നതേയുള്ളൂ.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: International nash day fatty liver disease silent epidemic