scorecardresearch
Latest News

FATTY LIVER: മലയാളി ഇനി നേരിടാന്‍ പോകുന്ന മഹാവ്യാധി

ഏറി വരുന്ന സമ്പത്ത്, ജീവിതശൈലിയില്‍ വരുന്ന മാറ്റങ്ങള്‍, ജങ്ക് ഫുഡ്‌ ശീലങ്ങള്‍, അമിതവണ്ണം, ഡയബെറ്റീസ് അഥവാ പ്രമേഹം ഇവയെല്ലാം തന്നെ ഇപ്പോഴത്തെ ജീവിതശൈലീകേന്ദ്രീകൃത ആരോഗ്യപ്രതിസന്ധിയ്ക്ക് കാരണങ്ങളാണ്

FATTY LIVER: മലയാളി ഇനി നേരിടാന്‍ പോകുന്ന മഹാവ്യാധി

FATTY LIVER IN KERALA: സമ്പദ്‌വ്യവസ്ഥയിലെ കുതിപ്പുകള്‍ വളര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്, സമ്പത്തും, ജനങ്ങള്‍ വ്യയം ചെയ്യപ്പെടുന്ന പണവും അധികരിച്ചു, തന്മൂലം ജീവിതശൈലീ മാറ്റങ്ങളും ഉണ്ടായി. ജീവിതത്തിന്റെ നിലവാരത്തില്‍ ഉണ്ടായ മാറ്റങ്ങളുടെ പരിണിതഫലങ്ങളാകട്ടെ, നമ്മുടെ ആരോഗ്യ പരിപാലന വ്യവസ്ഥയെ ദോഷകരമായ രീതിയില്‍ ബാധിക്കുകയും ചെയ്തു.

ഏറി വരുന്ന സമ്പത്ത്, ജീവിതശൈലിയില്‍ വരുന്ന മാറ്റങ്ങള്‍, ജങ്ക് ഫുഡ്‌ ശീലങ്ങള്‍, അമിതവണ്ണം, ഡയബെറ്റീസ് അഥവാ പ്രമേഹം ഇവയെല്ലാം തന്നെ ഇപ്പോഴത്തെ ‘lifestyle health crisis’ അല്ലെങ്കില്‍ ജീവിതശൈലീകേന്ദ്രീകൃത ആരോഗ്യപ്രതിസന്ധിക്ക് കാരണങ്ങളാണ്.

ക്രമവിരുദ്ധമായ ഈ ജീവിതശൈലിയാല്‍ ഏറ്റവും അധികമായി ബാധിക്കപ്പെടുന്നത് ലിവര്‍ അല്ലെങ്കില്‍ കരള്‍ ആണ്. മനുഷ്യ ശരീരത്തിന്റെ ദഹനവുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട അഞ്ഞൂറോളം പ്രക്രിയകള്‍ നടക്കുന്നത് കരളിലാണ്. 75 ശതമാനത്തോളം മുറിച്ചു മാറ്റപ്പെട്ടാലും വീണ്ടും അതിന്റെ ഒറിജിനല്‍ സൈസിലേക്ക് വളരാന്‍ പ്രാപ്തിയും കഴിവുമുള്ള അവയവമായിട്ടും, അനാരോഗ്യകരമായ ജീവിതശൈലി ഇപ്പോള്‍ ആയിരക്കണക്കിന് ആളുകളുടെ കരളുകളെ തകര്‍ച്ചയുടെ വക്കില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. നിശബ്‌ദമായി പടരുന്ന കരള്‍രോഗമെന്ന മഹാവ്യാധി (silent epidemic of liver disease) എന്നാണ് വിദഗ്‌ധര്‍ ഇതിനെ വിലയിരുത്തുന്നത്.

nash, nash liver, nonalcoholic steatohepatitis, steatohepatitis, nash cirrhosis, nash disease, what is nash, alcohol-related liver disease, കരള്‍, കരള്‍ രോഗം, കരള്‍ രോഗങ്ങള്‍, കരള്‍ വീക്കം, കരള്‍ മാറ്റം
Fatty Liver : a growing problem is linked to the socio-economic scenario of Kerala

വളർന്നു വരുന്ന ഈ പ്രശ്നം കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സാമൂഹ്യ വികസന സൂചികകളിൽ കേരളം ഏറെക്കാലമായി മുന്നിലാണ് എങ്കിലും, ജീവിതശൈലീരോഗങ്ങളുടെ ഉയര്‍ന്നു വരുന്ന തോത് സംസ്ഥാനത്തെ ഒരു ആരോഗ്യപ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാം.

കായികാധ്വാനം തീരെക്കുറഞ്ഞ ജീവിതശൈലി, അമിതമദ്യപാനം എന്നിവ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും  കാരണമാകും – പ്രമേഹം തുടങ്ങി അവയവനഷ്ടം വരെ സംഭവിച്ചേക്കാം. കരളിന് സംഭവിക്കുന്ന ഈ അപചയം ‘fatty liver disease’ എന്ന് അറിയപ്പെടുന്നു.

What is fatty liver disease ?: എന്താണ് ഫാറ്റി ലിവര്‍ രോഗം ?

ആഗോള ജനസംഖ്യയിൽ 25 ശതമാനം പേർക്ക് മദ്യപാനവുമായി ബന്ധമില്ലാത്ത ഫാറ്റി ലിവര്‍ രോഗം (Non Alchoholic Fatty Liver Disease – NAFLD) ഉണ്ട്. കരളിന്റെ മുഖ്യഭാഗത്തിന്റെ അഞ്ചു ശതമാനത്തിലേറെ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണിത്. അമിത മദ്യപാനം ഉള്ളവരിലും സാധാരണയായി ഫാറ്റി ലിവര്‍ രോഗം കണ്ടുവരുന്നുണ്ട്.

മദ്യം കഴിക്കാത്തവര്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത് കായികാധ്വാനമില്ലാത്ത ജീവിതരീതി (sedentary lifestyle), അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ (unhealthy food habits) എന്നിവ കാരണമാണ്. അളവിലേറെ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യാതെയിരിക്കുകയും ചെയ്യുമ്പോള്‍, ശരീരത്തില്‍ അമിതമായുള്ള കലോറികള്‍ കൊഴുപ്പായി മാറുകയും കരളില്‍ അടിഞ്ഞു കൂടുകയും ചെയ്യുന്നു.

കാലക്രമേണ NAFLD ‘ഗുരുതരമായ കരള്‍ വീക്കമായി മാറുകയും പിന്നീട് Non-Alcoholic Steato Hepatitis (NASH) എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. കരള്‍ വീക്കം കൂടി കരൾ മുറിപ്പെടുകയും കരളിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് ഇത് ലിവര്‍ സിറോസിസ് ( liver cirrhosis) ആയി മാറുന്നു. ഈ ഘട്ടത്തില്‍ കരള്‍ മാറ്റിവയ്ക്കല്‍ മാത്രമാണ് ഒരു പോംവഴി.

 

ഫാറ്റി ലിവര്‍ രോഗം പാരമ്പര്യവുമായി ബന്ധപ്പെട്ടതോ?

NAFLD പൂർണമായും ജീവിതശൈലിയുമായി മാത്രം ബന്ധപ്പെട്ട ഒരു പ്രശ്നമല്ല. ഭക്ഷണരീതിയും വ്യായാമവും തമ്മിലുള്ള വൈരുധ്യം മാത്രമല്ല ഇത്. പാരമ്പര്യത്തിനു ഇതില്‍ വലിയ പങ്കുണ്ട്. PNPLA3 പോലുള്ള ജീനുകള്‍ വ്യക്തികളെ പ്രമേഹത്തിലേക്കും ഫാറ്റി ലിവര്‍ രോഗത്തിലേക്കും നയിക്കുകയും ചെയ്യും എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ നില, രക്തസമ്മർദം തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് NAFLD ഉണ്ടാകുന്നത്.

ജനിതകമായി പ്രമേഹരോഗം രോഗം ബാധിക്കാന്‍ ഏറെ സാധ്യതയുള്ളവരാണ് ഏഷ്യാക്കാര്‍. NAFLDയിലേക്ക് നയിക്കുന്ന നാല് പ്രധാന കാര്യങ്ങള്‍ – പൊണ്ണത്തടി, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദം – ഒരേ മെറ്റബോളിക് തകരാറുകളെ (ഒരേ ജനിതക പ്രവണതയുടെ വ്യത്യസ്ത രോഗപ്രകടനങ്ങള്‍) സൂചിപ്പിക്കുന്നു. ശാരീരിക പ്രയത്നം സാധാരണ മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു കാലത്ത്, ഏഷ്യയിലും ഇന്ത്യയിലും, പാരമ്പര്യമായി വന്നു ചേരുന്ന ഈ ദുഷിച്ച രോഗങ്ങള്‍ അത്ര കണ്ടു തലപൊക്കിയിരുന്നില്ല.

ഏഷ്യൻ സമ്പദ്‌വ്യവസ്ഥകൾ വളർന്ന്, ഉദാസീനമായ ജീവിതശൈലി, അമിതഭക്ഷണം, മദ്യപാനം എന്നിവ ഉണ്ടായപ്പോള്‍ ഏഷ്യന്‍ ജെനറ്റിക്സിന്റെ ഈ മോശം വശം പുറത്തു വരാന്‍ തുടങ്ങി. മദ്യപാനസംബന്ധമായ ഫാറ്റി ലിവര്‍ രോഗം എന്നത് ജനിതക കാരണങ്ങളാല്‍ ഉണ്ടാവുന്ന NAFLDയ്ക്കൊപ്പം മദ്യപാനം കാരണം ഉണ്ടാകുന്ന കരളിന്റെ കേടുപാടുകള്‍ ചേരുമ്പോള്‍ ഉണ്ടാകുന്നതാണ്.

nash, nash liver, nonalcoholic steatohepatitis, steatohepatitis, nash cirrhosis, nash disease, what is nash, alcohol-related liver disease, കരള്‍, കരള്‍ രോഗം, കരള്‍ രോഗങ്ങള്‍, കരള്‍ വീക്കം, കരള്‍ മാറ്റം

മലയാളിയ്ക്ക് ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ എന്താണ് ?

പ്രമേഹത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന കേരളത്തിലെ ഇരുപതു ശതമാനത്തോളം ആളുകള്‍ പ്രമേഹം ബാധിച്ചവരാണ്. ദേശീയ ശരാശരി എട്ടു ശതമാനമാണ്. തിരുവനന്തപുരത്തിന്റെ ജനസംഖ്യയുടെ ഇരുപതു ശതമാനം പ്രമേഹം ബാധിച്ചവരാണ്. ഹൈദരാബാദിലും ന്യൂഡൽഹിയിലും 15%, നാഗ്പൂരിൽ 4%, ദിബ്രുഗഡിൽ 3% എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ കണക്കുകള്‍.

ശാരീരിക വ്യായാമത്തിൽ ഏർപ്പെടാൻ കൂടുതൽ അവസരമുള്ളതിനാൽ ഗ്രാമീണർക്ക് കുറഞ്ഞ അപകടസാധ്യതയുണ്ടെന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. നഗരപ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാമീണ മേഖലകളിൽ പ്രമേഹം കൂടുതലാണ്. പഠനങ്ങള്‍ പ്രകാരം ഗ്രാമീണ സ്ത്രീകളില്‍ 22%, ഗ്രാമീണ പുരുഷന്മാര്‍ 19%, നഗരത്തിലെ സ്ത്രീകള്‍ 17%, നഗരത്തിലെ പുരുഷന്മാര്‍ 12%, എന്നീ കണക്കില്‍ പ്രമേഹരോഗം രേഖപ്പെടുത്തപ്പെടുന്നു.

ഇന്ത്യയില്‍ കൊളസ്ട്രോൾ ലെവല്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് കേരളത്തില്‍ ആണ് – 197 മുതൽ 229 മില്ലിഗ്രാം /ഡിഎൽ വരെ. ദേശീയ ശരാശരി 157 മുതല്‍ 180 മില്ലിഗ്രാം /ഡിഎൽ വരെയാണ്. ബിപി, പ്രമേഹം എന്നിവയ്ക്കു ശേഷമുള്ള കേരളത്തിലെ അടുത്ത ജീവിതശൈലി രോഗമാണ് കരൾ രോഗം എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

obesity, BMI, body mass index, indian express, indian express news

NAFLD മെലിഞ്ഞവരില്‍

ഏഷ്യ / ഇന്ത്യയിലെ മാത്രം ഒരു പ്രത്യേകതയാണ് Lean NAFLD അല്ലെങ്കില്‍ മെലിഞ്ഞവരിലെ NAFLD. സാധാരണ ശരീരഭാരമുള്ള, മെലിഞ്ഞ ഒരാള്‍ക്കും ഇതുണ്ടാകാം, ശരീരം ഉപാപചയപ്രക്രിയ കൈകാര്യം ചെയ്യുന്ന രീതി അപര്യാപ്തമാണെങ്കില്‍. അങ്ങനെ വരുമ്പോള്‍
പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, തത്ഫലമായി കരളില്‍ കൊഴുപ്പ് എന്നിവ ഉണ്ടായേക്കാം. മെലിഞ്ഞ ശരീരം നല്ല ആരോഗ്യത്തിന്റെ ഒരു ലക്ഷണമായി കണക്കാക്കപ്പെടുന്നതിനാല്‍ ഇവരില്‍ പലരും വളരെ വൈകിയ ഘട്ടത്തിലാവും വൈദ്യസഹായം തേടുക.

Paediatric NAFLD in Kerala: NAFLD കുട്ടികളില്‍

കണ്ണൂരില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട്‌ പ്രകാരം കുട്ടികളില്‍ അറുപതു ശതമാനം പേര്‍ക്ക് NAFLD കാണപ്പെടുന്നു. ധനികരായ കുട്ടികള്‍ ശീതളപാനീയങ്ങളും ഫാസ്റ്റ് ഫുഡും ധാരാളമായി കഴിക്കുന്നു. കഴിഞ്ഞ നാഷണൽ ഹെൽത്ത് സർവെ റിപ്പോർട്ടിലെ കണക്കു പ്രകാരം, കുട്ടികളുടെ പൊണ്ണത്തടിയിൽ കേരളം രണ്ടാം സ്ഥാനത്തും, പഞ്ചാബ് ഒന്നാമതുമാണ്.

പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണത്തില്‍ എല്ലാം തന്നെ അധിക കൊഴുപ്പ് ഉണ്ട്. ചീസ് പ്രധാന ചേരുവയായി വരുന്ന ഭക്ഷണം തണുത്ത യൂറോപ്യൻ, വടക്കേ അമേരിക്കൻ കാലാവസ്ഥക്ക് അനുയോജ്യമാണ്. എന്നാൽ ഇന്ത്യ പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ചീസ്, പിസ, ബര്‍ഗര്‍ എന്നിവ കുട്ടികളില്‍ പൊണ്ണത്തടിയ്ക്ക് കാരണമാകും. ജങ്ക് ഫുഡ് സംസ്കാരം നമ്മുടെ കുട്ടികളുടെ കരൾ ആരോഗ്യത്തിന് വലിയൊരു ആഘാതമാണ് നല്‍കുന്നത്. തടി കൂടുതോറും കുട്ടികളില്‍ ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള സാധ്യതളും ഏറുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ജങ്ക് ഭക്ഷ്യസാധനങ്ങളുടെ നിലവാരം വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതാണ്.

 

പ്രമേഹവും മദ്യപാനവും – എരിതീയില്‍ എണ്ണയൊഴിക്കുമ്പോള്‍

അമിതമായ മദ്യപാനത്തിന് ഗുരുതരമായ സാമൂഹ്യവും വൈദ്യശാസ്ത്രപരവുമായ അനന്തരഫലങ്ങൾ ഉണ്ട്. ട്രോമ, അപകടങ്ങള്‍, വരുമാന നഷ്ടം തുടങ്ങി അനേകം പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുമിത്. അമിത മദ്യത്തിനാല്‍ ശരീരത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങളെ കഴുകി വൃത്തിയാക്കുന്ന (Detox) അവയവമാണ് കരള്‍ എന്നിരിക്കെ, അത് മിക്കപ്പോഴും കൂടുതൽ കേടുപാടുകൾ അനുഭവിക്കുന്ന അവയവമായിത്തീരുന്നു.

കേരളത്തിലെ കരൾ രോഗങ്ങളില്‍ ഏറ്റവും സാധാരണയായി കാണുന്ന ഒന്നാണ് Alcoholic liver disease അല്ലെങ്കില്‍ മദ്യപാനം കൊണ്ടുണ്ടാകുന്ന കരള്‍ രോഗം. അമിതമായി മദ്യം കഴിക്കുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന അസറ്റാല്‍ഡിഹൈഡ്‌ (acetaldehyde) കരൾ സിറോസിസിനു കാരണമാകുന്നത്. ഇത് കരളിന്റെ രൂപഘടന, പ്രവര്‍ത്തനം എന്നിവയെ സാരമായി ബാധിക്കുന്നു.

പ്രമേഹരോഗികൾക്ക് മദ്യം കഴിക്കാമോ?

പ്രമേഹമുള്ളവരില്‍ കരളിലെ കൊഴുപ്പ് സിറോസിസ് ആയി മാറാനുള്ള സാധ്യതകള്‍ കൂടുതലാണോ ? അതെ എന്നാണ് ഉത്തരം. Metabolic syndromeമിന്റെ ചരിത്രമുള്ളവരില്‍ (പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ) ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനൊപ്പം മദ്യപാനവും കൂടി ചേര്‍ന്നാല്‍ വഷളാകും. പ്രമേഹമുള്ളവര്‍ മദ്യം കഴിക്കുമ്പോള്‍ തുടക്ക ഘട്ടത്തില്‍ തന്നെ ഫാറ്റി ലിവര്‍ സിറോസിസ് ആയി മാറാനുള്ള സാധ്യത കൂടുന്നു.

Lifestyle related chronic liver disease – the silent epidemic waiting to happen: ജീവിതശൈലീ സംബന്ധിയായ കരള്‍ രോഗങ്ങള്‍ – മലയാളി ഇനി നേരിടാന്‍ പോകുന്ന മഹാവ്യാധി

കരള്‍ രോഗങ്ങള്‍ എല്ലാം തന്നെ പ്രത്യേക സൂചനകളോ രോഗലക്ഷണങ്ങളോ ഇല്ലാത്തവയാണ്‌.
ഫാറ്റി ലിവര്‍, ഫാറ്റി ഹെപ്പറ്റൈറ്റിസ്, കരൾ വ്രണങ്ങൾ എന്നിവയിലൂടെ കരൾ ടിഷ്യു തലത്തിൽ സംഭവിക്കുന്ന ദോഷങ്ങള്‍ വളരെക്കാലം പുറത്തു വരാതെയിരിക്കാം. ഒരുപക്ഷേ കരളിന്റെ പ്രവര്‍ത്തനം പാടേ നിലയ്ക്കുന്നത് വരേയും ഒരു ലക്ഷണവും കാട്ടാതെയിരിക്കാം.

പതുക്കെ, വര്‍ഷങ്ങള്‍ കൊണ്ടാണ് കരളിന്റെ ഈ വ്രണങ്ങള്‍ കൂടി വരുന്നത്. സ്ക്രീനിംഗ് പ്രോഗ്രാമുകൾ സജീവമല്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ പലപ്പോഴും, കരൾ ട്രാൻസ്പ്ലാൻറ് ആവശ്യമായി വരുന്ന ഒരു ഘട്ടത്തിലാണ് സിറോസിസ് കണ്ടുപിടിക്കപ്പെടുന്നത്. ഈ നിശബ്ദവ്യാധി കണ്ടെത്താനും അത് പിന്നീട് കരള്‍ വടുക്കളായും കരള്‍ കാന്‍സര്‍ ആയും മാറുന്ന സാഹചര്യം തടയാനുമെല്ലാം ആദ്യഘട്ടങ്ങളില്‍ തന്നെ സ്ക്രീനിംഗ് പ്രോഗ്രാമുകൾ ഉണ്ടാവേണ്ടതാണ്.

Liver Cirrhosis: ലിവര്‍ സിറോസിസ്

ലിവര്‍ സിറോസിസ് ഒരിക്കല്‍ പിടിപെട്ടു കഴിഞ്ഞാല്‍, കരള്‍ പിന്നെ പൂര്‍വ്വാവസ്ഥയിൽ ആകില്ല. ഇതിനെ പ്രതിരോധിക്കലാണ് ചികിത്സയേക്കാളും നല്ലത് എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ – കരളിന് കൂടുതല്‍ തകരാറു സംഭവിക്കുന്നതിന് മുന്‍പ് ഫാറ്റി ലിവര്‍ കണ്ടു പിടിക്കുകയും ചികിത്സ തേടുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടേണ്ടത്.

മുപ്പതുകളില്‍ എത്തി നില്‍ക്കുന്ന ചെറുപ്പക്കാരില്‍ വരെ ലിവര്‍ സിറോസിസ് കാണപ്പെടുക എന്നത് ഇപ്പോള്‍ സാധാരണമാണ്. ക്യാമ്പസ്‌ കാലത്ത്, ചിലപ്പോള്‍ സ്കൂള്‍ കാലത്ത് തന്നെ ആരംഭിക്കുന്ന മദ്യപാനം, NAFLD പോലുള്ള രോഗങ്ങളുമായുള്ള ജനിതക കണക്ഷന്‍, തുടങ്ങിയവയാണ് ഇതിനു പിന്നില്‍. പോഷകാഹാരം, വ്യായാമക്കുറവ്, മദ്യത്തിന്റെ ഉപയോഗം എന്നിവയെക്കുറിച്ച് യുവാക്കളില്‍ ബോധവല്‍ക്കരണം നടത്തുക എന്നത് മാത്രമാണ് ഈ മഹാവ്യാധിയെ ചെറുക്കാനുള്ള ഒരേയൊരു പ്രതിവിധി.

Read More from our Health Section Here

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: International nash day 2019 fatty liver in kerala a smoldering epidemic

Best of Express