ശരീരഭാരം കുറയ്ക്കണോ? ഇനി കാലോറി കാൽകുലേറ്ററുകൾ വേണ്ട, ഫുഡ് ജേണലുകൾ വേണ്ട, ഡയറ്റ് ഷീറ്റുകൾ വേണ്ട. മറിച്ച്, ഭക്ഷണം കഴിക്കുന്ന ഇടവേളകൾ മാത്രം ശ്രദ്ധിച്ചാൽ മതി. ‘എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കാൻ പാടില്ല’ എന്ന് പറഞ്ഞുതന്നിരുന്ന സ്ഥിരം രീതികളിൽനിന്ന് മാറി, ‘എപ്പോൾ കഴിക്കണം’ എന്ന് മാത്രം പരാമർശിക്കുന്ന ഒരു ഭക്ഷണരീതിയാണ് ഇടവിട്ടുള്ള ഉപവാസം അഥവാ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്. ആരോഗ്യനില മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനുമെല്ലാം ഈ രീതി സഹായിക്കുന്നു.
ഇടവിട്ടുള്ള ഉപവാസം എന്നതാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ലളിതമായി പറഞ്ഞാൽ ഒരാൾ 8 മണിക്കൂറിനുള്ളിൽ ആവശ്യമായ ഭക്ഷണം കഴിച്ചിട്ട് ശേഷിക്കുന്ന 16 മണിക്കൂർ ഉപവസിക്കുന്ന രീതിയാണ് ഇത്. ഭക്ഷണം കഴിക്കുന്ന എട്ടുമണിക്കൂർ സൈക്കിൾ എങ്ങനെ വേണമെന്ന് ഓരോ വ്യക്തികൾക്കും അവരുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. രാവിലെ 11 മണിയോടെയാണ് നിങ്ങളുടെ ആദ്യഭക്ഷണം ആരംഭിക്കുന്നതെങ്കിൽ രാത്രി 6 മണിയോടെ ആ ദിവസത്തെ അവസാനത്തെ ഭക്ഷണവും കഴിച്ചിരിക്കണം. പിറ്റേദിവസം രാവിലെ 11 മണി വരെ പിന്നീട് മറ്റൊരു ഭക്ഷണവും കഴിക്കാൻ പാടില്ല, പകരം ധാരാളം വെള്ളമോ ഗ്രീൻ ടീയോ കുടിച്ച് ക്ഷീണമകറ്റാം.

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പ്രധാനമായും സഹായിക്കുന്നത്. ഒപ്പം കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ദഹിക്കാനും ശരീരപ്രവർത്തനങ്ങൾ സുഗമമായി നടക്കാനുമുള്ള സാവകാശവും ഈ ഫാസ്റ്റിംഗ് ശരീരത്തിന് നൽകുന്നു. ഈ ഫാസ്റ്റിംഗ് രീതി ശീലിച്ചാൽ അധികം വൈകാതെ അത് നിങ്ങളുടെ ലൈഫ്സ്റ്റൈലിന്റെയും ഭക്ഷണരീതിയുടെയും ഭാഗമായി മാറുകയും അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ശരീരഭാരം നിയന്ത്രിച്ച് കൊണ്ടുപോവാൻ സാധിക്കുകയും ചെയ്യും.
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിന്റെ ഗുണങ്ങൾ
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് രീതികൾ പിന്തുടരുന്ന നിങ്ങൾ സാധാരണയിലും കുറച്ചു ഭക്ഷണമായിരിക്കും ആത്യന്തികമായി കഴിയ്ക്കുക. ഇങ്ങനെ കുറച്ച് ഭക്ഷണം കഴിയ്ക്കുന്നതിലൂടെ നിങ്ങളുടെ കലോറി ഉപഭോഗം കുറയുകയും ഉപയോഗം കൂടുകയും ചെയ്യും. ഇത് ശരീരഭാരം കുറയുന്നതിന് കാരണമാകും. ഇതിനോടൊപ്പം ഹോർമോണുകളുടെ അളവ് നിയന്ത്രിക്കുന്നതിലും ഇടവിട്ടുള്ള ഉപവാസം സഹായിക്കും. വളർച്ചാ ഹോർമോൺ, ഇൻസുലിൻ, ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്ന നോറെപിനെഫ്രിൻ തുടങ്ങിയ ഹോർമോണുകളുടെ ഉത്പാദനം കൂട്ടാൻ ഈ ഭക്ഷണരീതിയിലൂടെ സാധിക്കും. ശരീരം, തലച്ചോറ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ നല്ല പ്രഭാവമുണ്ടാക്കാനും ഈ രീതികൾക്കാവും. ഇതിലൂടെ ആയുർദൈർഘ്യം കൂടുന്നതായും പഠനങ്ങൾ പറയുന്നു.
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിന്റെ ദോഷങ്ങൾ
ശരീരഭാരം കുറയ്ക്കുന്നതിൽ ഇടവിട്ടുള്ള ഉപവാസം ഫലപ്രദമെങ്കിലും ദീര്‍ഘകാലം ഈ രീതികൾ പിന്തുടരുന്നത് ആരോഗ്യത്തിന് നല്ലതല്ല. കൂടാതെ പ്രമേഹരോഗികൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, ഗര്‍ഭിണികൾ, ദഹനസംബന്ധമായ അസുഖമുള്ളവർ, രോഗപ്രതിരോധശക്തി കുറവുള്ളവർ തുടങ്ങിയവർക്ക് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ആരോഗ്യകരമല്ല. നല്ല രീതിയിലുള്ള കലോറി ഉപഭോഗം അനിവാര്യമായ സമയങ്ങളാണിവ. ആയതിനാൽ മേൽപ്പറഞ്ഞ കാറ്റഗറിയിലുള്ളവർ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് പരമാവധി ഒഴിവാക്കുക.