scorecardresearch

പ്രമേഹത്തിന് കാരണം ഇന്ത്യൻ ഭക്ഷണമല്ല; യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തി ഡോക്ടർ

പ്രമേഹ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ഭക്ഷണശീലങ്ങൾ, പ്രത്യേകിച്ച് ചോറ് പലപ്പോഴും ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്

പ്രമേഹ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ഭക്ഷണശീലങ്ങൾ, പ്രത്യേകിച്ച് ചോറ് പലപ്പോഴും ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്

author-image
Health Desk
New Update
Diabetes 02

ചോറും മധുരപലഹാരങ്ങളും അമിതമായി കഴിക്കുന്നതാണ് ഇന്ത്യക്കാരെ പ്രമേഹരോഗികളാക്കുന്നത് എന്ന വാദം ശക്തമാണ്. Image Source: Freepik

ഇന്ത്യ ഇന്ന് ലോകത്തിന്റെ 'പ്രമേഹ തലസ്ഥാനം' എന്നാണ് അറിയപ്പെടുന്നത്. 2025-ൽ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ അനുസരിച്ച്, 45 വയസും അതിൽ കൂടുതലുമുള്ള ഇന്ത്യക്കാരിൽ, അഞ്ചിൽ ഒരാൾക്ക് പ്രമേഹമുണ്ട്. ഈ അവസ്ഥയ്ക്ക് പ്രധാന കാരണം നമ്മുടെ പരമ്പരാഗത ഭക്ഷണരീതിയാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. ചോറും മധുരപലഹാരങ്ങളും അമിതമായി കഴിക്കുന്നതാണ് ഇന്ത്യക്കാരെ പ്രമേഹരോഗികളാക്കുന്നത് എന്ന വാദം ശക്തമാണ്. എന്നാൽ, ഇന്ത്യൻ ഭക്ഷണമല്ല യഥാർത്ഥ പ്രതിയെന്നും, ഒരു തലമുറയ്ക്കുള്ളിൽ നമ്മുടെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും പ്രമുഖ ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

Advertisment

Also Read: വർഷങ്ങളായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ല, 10 മണിക്കൂർ ഉറങ്ങും; അക്ഷയ് ഖന്നയുടെ ഫിറ്റ്‌നസ് രഹസ്യം

പ്രമേഹ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ഭക്ഷണശീലങ്ങൾ, പ്രത്യേകിച്ച് ചോറ് പലപ്പോഴും ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. വിവിധ പ്രദേശങ്ങളിലെ പ്രധാന ഭക്ഷണമായ ചോറ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി ഉയർത്തുന്നു എന്നാണ് പൊതുവേയുള്ള ആരോപണം. ഈ തെറ്റായ ധാരണയെ തിരുത്തിക്കൊണ്ട്, ഇന്നത്തെ ഈ പ്രമേഹ വ്യാപനത്തിന് കാരണം പരമ്പരാഗത ഇന്ത്യൻ ഭക്ഷണരീതികളാണെന്ന വാദത്തെ ഫിസിഷ്യൻ ഡോ.ശ്രദ്ധേയ കത്യാർ എക്സിലൂടെ ചോദ്യം ചെയ്തു. ഒരു തലമുറയ്ക്കുള്ളിൽ എന്താണ് മാറിയതെന്നും, ഇന്ത്യൻ ഭക്ഷണമല്ല ഇതിന് വില്ലനെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നമ്മുടെ മുൻതലമുറ ദിവസവും ചോറ് കഴിച്ചിരുന്നുവെന്ന് ഡോ. കത്യാർ ചൂണ്ടിക്കാട്ടി. പഴയകാലത്ത് ശാരീരിക അധ്വാനം കൂടുതലായിരുന്നു. നടന്നും പണിയെടുത്തും ശരീരത്തിലെ കാലറി അവർ എരിച്ചു കളഞ്ഞിരുന്നു. അന്നത്തെ ഭക്ഷണരീതി തിടുക്കമില്ലാത്തതായിരുന്നു, മിതമായ അളവിൽ മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ, കൂടാതെ ശാരീരിക അധ്വാനം ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. ആളുകൾ കൂടുതൽ നടക്കുകയും, തറയിലിരുന്ന് ഭക്ഷണം കഴിക്കുകയും, വിശപ്പ് മാറുമ്പോൾ കഴിക്കുന്നത് നിർത്തുകയും ചെയ്തിരുന്നു. അത്തരം സാഹചര്യങ്ങളിൽ പ്രമേഹം അപൂർവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Also Read: മരുന്നും വ്യായാമവും മാത്രം പോരാ; പ്രമേഹമുള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

എന്നാൽ ഇന്ന് നമ്മുടെ ജീവിതം ഇരിപ്പിടങ്ങളിലേക്ക് ഒതുങ്ങി. പഴയകാലത്ത് തവിടുകളയാത്ത അരിയും ധാന്യങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് മൈദ, പോളിഷ് ചെയ്ത അരി, കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ എന്നിവ ഭക്ഷണത്തിന്റെ ഭാഗമായി. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കുന്നു. നാരുകൾ അടങ്ങിയ പച്ചക്കറികളുടെയും പഴങ്ങളുടെയും ഉപയോഗം കുറയുകയും പകരം റെഡി-ടു-ഈറ്റ് ലഘുഭക്ഷണങ്ങൾ കൂടുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ഭക്ഷണം കഴിച്ചതിനു ശേഷമുള്ള വായ്‌നാറ്റം അകറ്റാം, ഇവയിലൊന്ന് എടുത്ത് ചവയ്ക്കൂ

മാത്രമല്ല, നമ്മുടെ പരമ്പരാഗത ഭക്ഷണത്തിൽ പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ഘടകങ്ങൾ ധാരാളമുണ്ടായിരുന്നു. മഞ്ഞൾ, ഉലുവ, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നവയാണ്. പ്രശ്നം ഭക്ഷണത്തിന്റേതല്ല, മറിച്ച് അത് കഴിക്കുന്ന രീതിയും അളവുമാണെന്ന് ഡോക്ടർ പറയുന്നു.

ഇന്ത്യൻ ഭക്ഷണം മോശമായതുകൊണ്ടല്ല നമ്മൾ രോഗികളാകുന്നത്. മറിച്ച്, നമ്മുടെ ഭക്ഷണത്തിലെ ബാലൻസ് നഷ്ടപ്പെട്ടതുകൊണ്ടാണ്. പഴയ തലമുറയുടെ ഭക്ഷണ ക്രമത്തിലെ നല്ല വശങ്ങൾ സ്വീകരിക്കുന്നതോടൊപ്പം വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കിയാൽ മാത്രമേ ഈ പ്രമേഹ വിപത്തിനെ നമുക്ക് മറികടക്കാൻ സാധിക്കൂ.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കും, വ്യായാമം മുടക്കാറില്ല; 40 ലും 'ബ്യൂട്ടി ഗേളായി' കാജൽ അഗർവാൾ

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: