/indian-express-malayalam/media/media_files/2024/11/29/S5ZUCf2sGVLN1HdM8U2n.jpg)
Source: Freepik
അമിതവണ്ണക്കാരിൽ ബീജങ്ങളുടെ എണ്ണം കുറയുന്നതായുള്ള ഒരു പോഡ്കാസ്റ്റ് ക്ലിപ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പൊണ്ണത്തടി വർധിച്ചതോടെ ബീജങ്ങളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ 40 വർഷത്തിനിടെ അമിത വണ്ണമുള്ള പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം 50-60% കുറഞ്ഞതായി കണ്ടന്റ് ക്രിയേറ്റർ സ്രഷ്ടാവ് പ്രശാന്ത് ദേശായി ആ ക്ലിപ്പിൽ അവകാശപ്പെട്ടു. പൊണ്ണത്തടി ബീജങ്ങളുടെ എണ്ണം പൂജ്യമാകാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അമിതവണ്ണമുള്ള പുരുഷന്മാർക്ക് കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. പൊണ്ണത്തടിയുള്ള ഒരാളെ അമിതവണ്ണമില്ലാത്ത ഒരാളുമായി താരതമ്യപ്പെടുത്തുമ്പോൾ, ബീജത്തിന്റെ എണ്ണം പൂജ്യമാകാൻ 80 ശതമാനം സാധ്യതയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം 50-60% കുറഞ്ഞുവെന്ന അവകാശവാദത്തെ ശാസ്ത്രീയ തെളിവുകൾ പിന്തുണയ്ക്കുന്നുവെന്ന് ഡോ. ജഗദീഷ് ഹിരേമത്ത് വ്യക്തമാക്കി. വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ആഗോള ഗവേഷണത്തിന്റെ ഭൂരിഭാഗവും പാശ്ചാത്യ ജനസംഖ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഇന്ത്യൻ പുരുഷന്മാർക്കിടയിലും സമാനമായ പ്രവണത ഉയരുന്നതിനുള്ള തെളിവുകൾ ഉണ്ടെന്ന് ഡോ.ഹിരേമത് പറഞ്ഞു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യൻ പുരുഷന്മാരിലെ ബീജോത്പാദനം 30-40% കുറഞ്ഞു, 1980-കളിൽ ശരാശരി ബീജോത്പാദനം 113 ദശലക്ഷം/mL ആയിരുന്നത് 2010-കളിൽ 50 ദശലക്ഷം/mL ആയി കുറഞ്ഞുവെന്ന് ഇന്ത്യൻ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ (2013) പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നു. നഗരവൽക്കരണം, മോശം ഭക്ഷണക്രമം, സ്ട്രെസ് ഉൾപ്പെടെയുള്ള ജീവിതശൈലി മാറ്റങ്ങൾ ഇന്ത്യൻ പുരുഷന്മാരിൽ ബീജത്തിന്റെ ഉത്പാദനം കുറയുന്നതിന് കാരണമായെന്ന് ഏഷ്യൻ ജേണൽ ഓഫ് ആൻഡ്രോളജിയിലെ (2012) മറ്റൊരു പഠനം പറയുന്നു.
അമിതവണ്ണം വന്ധ്യതയുടെ അപകടസാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുവെന്ന് ഡോ ഹിരേമത്ത് പറഞ്ഞു. വന്ധ്യതയുടെ സാധ്യത വർധിപ്പിക്കുന്നതിനുള്ള പ്രധാന കാരണം പൊണ്ണത്തടിയാണ്. പ്രമേഹം, സ്ലീപ് അപ്നിയ, മോശം ജീവിതശൈലി ശീലങ്ങൾ തുടങ്ങിയ ഘടകങ്ങളും പ്രത്യുൽപാദന ആരോഗ്യ പ്രശ്നങ്ങൾ വർധിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബീജോത്പാദനം കൂട്ടുന്നതിനും വന്ധ്യത സാധ്യത കുറയ്ക്കുന്നതിനും പുരുഷന്മാർ ചെയ്യേണ്ടത് എന്തൊക്കെയാണെന്നും ഡോ.ഹിരേമത്ത് വിശദീകരിച്ചിട്ടുണ്ട്.
ആരോഗ്യകരമായ ഭക്ഷണക്രമം: ഓക്സിഡേറ്റീവ് സമ്മർദത്തെ ചെറുക്കുന്നതിന് പഴങ്ങൾ, പച്ചക്കറികൾ, നട്സ്, സീഡ്സ് തുടങ്ങിയ ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ബീജ ഉൽപാദനത്തെ സഹായിക്കുന്നതിന് സിങ്ക്, സെലിനിയം, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയുടെ അളവ് വർധിപ്പിക്കുക.
ആരോഗ്യകരമായ ഭാരം നിലനിർത്തുക: ഭക്ഷണക്രമത്തിലൂടെയും മിതമായ വ്യായാമത്തിലൂടെയും ശരീരഭാരം കുറയുന്നത് ടെസ്റ്റോസ്റ്റിറോൺ അളവും ബീജ ഉത്പാദനവും മെച്ചപ്പെടുത്തും.
പതിവായി വ്യായാമം ചെയ്യുക: മിതമായ ശാരീരിക പ്രവർത്തനങ്ങൾ ബീജത്തിന്റെ ഉത്പാദനം മെച്ചപ്പെടുത്തുകയും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അമിതമായ വ്യായാമം ടെസ്റ്റോസ്റ്റിറോൺ അളവ് കുറച്ചേക്കാം.
പുകവലിയും മദ്യപാനവും ഒഴിവാക്കുക: ഇവ രണ്ടും ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും വന്ധ്യതയുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.