തിരക്കിട്ട ജീവിതത്തിനിടയിൽ ആരോഗ്യ ശ്രദ്ധയെന്നത് പലർക്കും വെല്ലുവിളി നിറഞ്ഞതാണ്. മാറിവരുന്ന കാലാവസ്ഥയും, മാനസിക സമ്മർദങ്ങളും, ജീവിതചര്യയിലെ ചിട്ടയില്ലായ്മയും നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ചിട്ടയായ ഡയറ്റിലൂടെ ഇതൊക്കെ മറികടക്കാനാകുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്‌ധരുടെ അഭിപ്രായം. ആരോഗ്യകരമായ ഭക്ഷണം ശരീരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയും രോഗങ്ങൾ അകറ്റുകയും ചെയ്യും.

ആരോഗ്യകരമായ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് നാരങ്ങ വെളളം. നാരങ്ങ വെളളത്തിന് നിരവധി ഗുണങ്ങളുണ്ട്. അതിന് നിങ്ങളുടെ ആരോഗ്യം വർധിപ്പിക്കാനുള്ള ശേഷിയുണ്ട്. നാരങ്ങ വെളളം ശീലമാക്കിയാലുളള ഗുണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ജലാംശം കൂട്ടും

ശരീര ആരോഗ്യത്തിന് വെളളം കുടിക്കണം. നാരങ്ങ പിഴിഞ്ഞ് അതിൽ വെളളം ചേർത്ത് കുടിക്കുന്നതിലൂടെ ശരീരത്തിൽ ജലാംശം കൂടുകയും ശരീര ആരോഗ്യം കൂട്ടുകയും ചെയ്യും. ശീതകാലത്ത് പലരും വെളളം കുടിക്കുന്നത് കുറയ്ക്കും. ഇത് നിർജലീകരണത്തിന് ഇടയാക്കും. എന്നാൽ നാരങ്ങ വെളളം ബോട്ടിലിൽ നിറച്ച് ദിവസത്തിൽ ഇടവിട്ട് ഇടവിട്ട് കുടിക്കുന്നത് നിർജലീകരണം തടയുകയും ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും.

ചർമ സംരക്ഷണം

ദിവസവും നാരങ്ങ വെളളം കുടിക്കുമ്പോൾ നിങ്ങളുടെ ചർമ്മത്തിലെ മാറ്റങ്ങൾ നിങ്ങൾക്ക് കാണാനാവും. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചുളിവുകൾ, വരണ്ട ചർമ്മം തുടങ്ങിയവയൊക്കെ മറികടക്കാൻ നാരങ്ങ സഹായിക്കും.

ശരീര ഭാരം കുറയ്ക്കും

നാരങ്ങ ഉപയോഗിക്കുന്നതിലൂടെ ശരീര ഭാരം കുറയ്ക്കാനാവുമെന്ന് നേരത്തെ പടനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് നാരങ്ങ വെളളം കുടിക്കുക. നിങ്ങളുടെ ശരീര ഭാരം കുറയുന്നത് ഏതാനും ദിവസം കഴിയുമ്പോൾ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.

മലബന്ധം അകറ്റും

നാരങ്ങ വെളളം ദഹന പ്രക്രിയയെ സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് നാരങ്ങ വെളളം കുടിക്കുന്നത് മലബന്ധം അകറ്റും.

വൃക്കയിലെ കല്ലുകൾ നീക്കും

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡിന്റെ ഘടകമായ സിട്രേറ്റിന് മൂത്രത്തിലെ അസിഡിറ്റി കുറയ്ക്കാനും അതിലൂടെ ചെറിയ കല്ലുകളെ ഇല്ലാതാക്കാനും കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് അവയെ പുറന്തള്ളാൻ വെള്ളം സഹായിക്കും. വൃക്കയിൽ കല്ലുണ്ടാകുന്നത് ഇതുവഴി തടയാനാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook