വേനൽക്കാലമായതോടെ ജലലഭ്യത കുറഞ്ഞുവരുന്നതിനാൽ കുടിവെളള സ്രോതസ്സുകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. വെളളം കലങ്ങിയതായി ശ്രദ്ധയിൽപ്പെട്ടാൽ കലക്കലിന്റെ തോത് മനസിലാക്കുന്നതിനായി കുപ്പിഗ്ലാസ്സിൽ വെളളം എടുത്ത് നേരിട്ട് നോക്കുകയോ ഉപകരണങ്ങളുടെയോ ലാബുകളുടെയോ സഹായം തോടാവുന്നതുമാണ്.

കുടിവെളളത്തിന്റെ കലക്കൽ മാറ്റുന്നതിന് ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗം വെളളം ശേഖരിച്ച് വച്ച് തെളിച്ചെടുക്കുകയും അത് ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുന്നതുമാണ്. കിണറുകളിലെ ജലം പൂർണ്ണമായി വറ്റിച്ച് വൃത്തിയാക്കുന്നതിന് ശക്തമായ പമ്പിങ് രീതികൾ ഉപയോഗിക്കുന്നത് അഭിലഷണീയമല്ല.

Read Also: കോവിഡ്-19: ശ്രദ്ധിക്കുക, മാസ്‌ക് ധരിക്കേണ്ടത് ആരൊക്കെ?

കിണറും ടാങ്കും സൂപ്പർ ക്ലോറിനേഷൻ ചെയ്യേണ്ട വിധം

1000 ലിറ്റർ വെളളത്തിന്, 5 ഗ്രാം എന്ന കണക്കിൽ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കാം. ഒരു ബക്കറ്റിൽ ആവശ്യമായ ബ്ലീച്ചിങ് പൗഡർ അളന്നെടുത്ത് കുറച്ചു വെളളം ചേർത്തത് ഒരു പേസ്റ്റ് പരുവത്തിലാക്കുക. ബക്കറ്റിന്റെ മുക്കാൽഭാഗം വെളളം നിറച്ച് നന്നായി കലക്കിയശേഷം 10-15 മിനിറ്റ് വരെ ബക്കറ്റ് അനക്കാതെ വയ്ക്കുക. മുകളിലെ തെളിഞ്ഞ വെളളം കിണറിലെ തൊട്ടിയിലേക്ക് ഒഴിച്ച് അത് താഴേക്കിറക്കി വെളളത്തിൽ താഴ്ത്തി നന്നായി ഇളക്കി ചേർക്കണം. ഒരു മണിക്കുറിനുശേഷം മാത്രം ഈ കിണർ വെളളം ഉപയോഗിക്കുക.

ശേഖരിച്ച് വച്ച വെളളം ശുദ്ധമാക്കുന്ന വിധം

ശേഖരിച്ച് വച്ച വെളളം ശുദ്ധമാക്കാൻ ആദ്യം അഞ്ചു ശതമാനം വീര്യമുളള ക്ലോറിൻ ലായിനി തയ്യാറാക്കുക. 15 ഗ്രാം ബ്ലീച്ചിങ് പൗഡർ അര ഗ്ലാസ്സ് വെളളത്തിൽ കലർത്തി 15 മുതൽ 20 മിനിറ്റ് നേരം അനക്കാതെ വയ്ക്കണം. തെളിഞ്ഞ് വരുന്ന വെളളം ക്ലോറിൻ ലായിനിയായി ഉപയോഗിക്കാം. കുടിവെളളം അണുവിമുക്തമാക്കാൻ ഒരു ലിറ്റർ വെളളത്തിന് 8 തുളളി (0.5 മില്ലി) ക്ലോറിൻ ലായിനി ഉപയോഗിക്കാം. ക്ലോറിൻ ഇരുപത് ലിറ്റർ വെളളത്തിന് ഒരു ക്ലോറിൻ ഗുളിക എന്ന രീതിയിലും ഉപയോഗിക്കാം. ഒരു മണിക്കുറിനു ശേഷം ഈ വെളളം കുടിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook