scorecardresearch
Latest News

രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാം, സിംപിൾ ടിപ്സുകൾ

ശരീരഭാരം കുറയ്ക്കാൻ ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കാൻ ശ്രമിക്കണം

food, health, ie malayalam
പ്രതീകാത്മക ചിത്രം

പ്രഭാത ഭക്ഷണം ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ്. രാവിലെയുള്ള സമയങ്ങളിൽ ശരീരം ഏറ്റവും സജീവമായതിനാൽ പ്രഭാതഭക്ഷണം വലിയ അളവിൽ കഴിച്ചാലും വേഗത്തിൽ ദഹിക്കും. ഉച്ചഭക്ഷണം എപ്പോഴും മിതമായിരിക്കണം. രാത്രിയിലെ അത്താഴം വളരെ ചെറിയ അളവിലായിരിക്കണം. എന്നാൽ നമ്മളിൽ പലരും ഇത് വിപരീത രീതിയിലാണ് ചെയ്യാറുള്ളത്. രാവിലെ പ്രഭാത ഭക്ഷണം ഒഴിവാക്കുകയും രാത്രിയിൽ വലിയ അളവിൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഇത് ശരീര ഭാരം അനാവശ്യമായി കൂട്ടും.

ശരീരഭാരം കുറയ്ക്കാൻ ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കാൻ ശ്രമിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് രൂപാലി ദത്ത നിർദേശിച്ചു. ഇതിലൂടെ ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാൻ സമയം അനുവദിക്കുകയും ഉറക്കത്തിൽ കലോറി കൊഴുപ്പായി സംഭരിക്കപ്പെടുന്നത് തടയുകയും ചെയ്യുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കൂട്ടാൻ ഇടയാക്കും.

രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ചില സിംപിൾ ടിപ്സുകൾ സഹായിക്കും.

  1. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ ദിവസം മുഴുവൻ വിശപ്പുള്ളതായി അനുഭവപ്പെടുകയും ദിവസാവസാനം ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. മാത്രമല്ല, അത്താഴസമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകും. പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം കഴിക്കുന്നത് പകൽ മുഴുവൻ ഊർജസ്വലമായി നിലനിർത്തുകയും രാത്രിയിൽ മിതമായ അളവിൽ ഭക്ഷണം കഴിക്കാൻ സഹായിക്കുകയും ചെയ്യും.

  1. ഭക്ഷണം ഇടവേളകളായി കഴിക്കുക

ദിവസം മുഴുവൻ ഇടവേളകളായി ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് വയർ നിറഞ്ഞ സംതൃപ്തി നൽകാൻ സഹായിക്കും. രാത്രിയിൽ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നതിനും ഇത് സഹായിക്കും. ഭക്ഷണം കഴിക്കാൻ ചെറിയ പാത്രം തിരഞ്ഞെടുക്കുന്നത് അളവ് നിയന്ത്രിക്കാൻ സഹായിക്കും.

  1. ധാരാളം വെള്ളം കുടിക്കുക

ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കും. ദിവസത്തിലെ അവസാന ഭക്ഷണത്തിന് മുമ്പ് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് സംതൃപ്തി നൽകാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ഭക്ഷണ സമയത്ത് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക, ഇത് ദഹനത്തെ തടസപ്പെടുത്തും.

  1. പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്തുക

പ്രോട്ടീന് സംതൃപ്തി നൽകാനുള്ള കഴിവുണ്ട്. ദിവസം മുഴുവനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പൂർണത അനുഭവപ്പെടാൻ സഹായിക്കും. ക്ഷീണം അകറ്റാനും രാത്രിയിലെ വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ധാരാളം ഊർജം നൽകും.

  1. പതിയെ കഴിക്കുക

വളരെ പതിയെ ഭക്ഷണം ചവച്ചരച്ച് കഴികുന്നത് വയർ നിറഞ്ഞുവെന്ന സിഗ്നൽ തലച്ചോറിന് നൽകാനും അമിതമായി കഴിക്കുന്നത് തടയാനും സഹായിക്കും. വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ, വയർ നിറഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയാതെ കൂടുതൽ കഴിക്കാനിടയാക്കും.

രാത്രിയിൽ നമ്മുടെ ദഹനവ്യവസ്ഥ ഏറ്റവും ദുർബലമായിരിക്കുമെന്ന് അറിയുക. അത്താഴത്തിന് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂടാനുള്ള പ്രധാന കാരണമാണ്. ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ സ്വീകരിക്കുകയും വയറിന്റെ ശേഷിക്കനുസരിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How to stop overeating at night follow these simple tips