scorecardresearch

മസ്തിഷ്കത്തിന് പ്രായമാകുന്നത് തടയാം; ഒരു ന്യൂറോളജിസ്റ്റ് പിന്തുടരുന്ന ആറ് ലളിതമായ ശീലങ്ങൾ

നമുക്കും നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താവുന്ന ലളിതമായ കാര്യങ്ങളാണിവ

നമുക്കും നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താവുന്ന ലളിതമായ കാര്യങ്ങളാണിവ

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Brain Health

Image Source: Freepik

പ്രായം കൂടുന്തോറും നമ്മുടെ ശരീരത്തിനൊപ്പം മസ്തിഷ്കത്തിനും മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഓർമ്മശക്തി കുറയുന്നതും ചിന്തകൾക്ക് മന്ദത സംഭവിക്കുന്നതും ഒരു വിധിപോലെ അംഗീകരിക്കേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്. പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ബിപ്ലബ് ദാസ് തന്റെ മസ്തിഷ്ക ആരോഗ്യം നിലനിർത്താൻ ദിവസവും പിന്തുടരുന്ന ആറ് ശീലങ്ങൾ പങ്കുവെക്കുന്നു. നമുക്കും നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താവുന്ന ലളിതമായ ആ കാര്യങ്ങൾ ഇവയാണ്.

Advertisment

എന്റെ ശരീരത്തെ ഞാൻ എന്നും ചലിപ്പിക്കുന്നു (എനിക്ക് മടി തോന്നുമ്പോൾ പോലും)

വ്യായാമം എന്നത് പേശികൾക്കും ശരീരഭാരത്തിനും വേണ്ടിയുള്ളതാണെന്നാണ് ഞാൻ പണ്ട് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ ഞാൻ അതിനെ തലച്ചോറിന്റെ സംരക്ഷണമായിട്ടാണ് കാണുന്നത്. ചലനം തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും ഓർമ്മശക്തിയെ സഹായിക്കുകയും പുതിയ നാഡീബന്ധങ്ങൾ വളരാൻ സഹായിക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളും പൂർണതയോടെ ചെയ്യാനല്ല, മറിച്ച് അത് മുടങ്ങാതെ ചെയ്യാനാണ് ഞാൻ ശ്രദ്ധിക്കുന്നത്. ചില ദിവസങ്ങളിൽ അത് ദീർഘനേരത്തെ നടത്തമായിരിക്കും, മറ്റു ദിവസങ്ങളിൽ വ്യായാമമോ യോഗയോ അല്ലെങ്കിൽ തിരക്കുകൾക്കിടയിൽ കിട്ടുന്ന കുറഞ്ഞ സമയത്തെ വർക്കൗട്ടോ ആയിരിക്കും.

കൂടുതൽ ദിവസങ്ങൾ വ്യായാമം ചെയ്യാതെ ഇരിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരീരം അനങ്ങാതെ ഇരിക്കുമ്പോൾ എന്റെ ചിന്തകളിൽ അവ്യക്തത അനുഭവപ്പെടുന്നതായി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഞാൻ വ്യായാമം ചെയ്യുമ്പോൾ എന്റെ മനസ് ഉന്മേഷഭരിതമാവുകയും ചിന്തകൾക്ക് വ്യക്തത ലഭിക്കുകയും ചെയ്യുന്നു. മാനസികമായി ചെറുപ്പം നിലനിർത്താൻ എനിക്കറിയാവുന്ന ഏറ്റവും വേഗമേറിയ വഴികളിലൊന്നാണിത്.

Also Read: താൻ ഡയറ്റിങ്ങിലല്ല, ഫിറ്റായിരിക്കാൻ ചെയ്യുന്നത് ഇത് മാത്രം; ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി ഹൻസിക

ഉറക്കം എനിക്ക് വിട്ടുവീഴ്ചയില്ലാത്ത ഒന്നാണ്

ഇത് പഠിച്ചെടുക്കാൻ എനിക്ക് വർഷങ്ങളെടുത്തു. ഉറക്കം എന്നത് മടിയല്ല, അത് തലച്ചോറിന്റെ അറ്റകുറ്റപ്പണിയാണ്. ഞാൻ ഉറങ്ങുമ്പോൾ, എന്റെ തലച്ചോർ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ഓർമ്മകളെ ദൃഢമാക്കുകയും വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉറക്കത്തിൽ കുറവ് വരുത്തുമ്പോൾ എനിക്കത് പെട്ടെന്ന് തന്നെ അനുഭവപ്പെടാറുണ്ട്: മന്ദഗതിയിലുള്ള ചിന്തകൾ, ക്ഷമയില്ലായ്മ, ശ്രദ്ധക്കുറവ് എന്നിവയാണവ.

ഇപ്പോൾ ഒരു അപ്പോയിന്റ്‌മെന്റ് പോലെ ഞാൻ എന്റെ ഉറക്കത്തെ ഗൗരവമായി കാണുന്നു. കൃത്യമായ സമയത്ത് ഉറങ്ങാനും, രാത്രിയിൽ സ്ക്രീനുകളുടെ ഉപയോഗം കുറയ്ക്കാനും ഞാൻ ശ്രദ്ധിക്കാറുണ്ട്. എല്ലാ ദിവസവും ഇത് പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞെന്നു വരില്ല, എങ്കിലും ഞാൻ ഇതിന് മുൻഗണന നൽകുന്നു. അടുത്ത ദിവസം എന്റെ തലച്ചോർ അതിന് നന്ദി പറയുകയും ചെയ്യുന്നു.

ഞാൻ അൽപം ബുദ്ധിമുട്ടുള്ള കാര്യങ്ങൾ എപ്പോഴും പഠിച്ചുകൊണ്ടിരിക്കും

പ്രായം കൂടുന്തോറും പഠിക്കാനുള്ള കഴിവ് കുറയും എന്നത് ഒരു തെറ്റായ ധാരണയാണ്. ആ ചിന്താഗതിയെ തിരുത്താൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. എനിക്ക് പരിചിതമല്ലാത്തതോ അല്ലെങ്കിൽ ചെയ്യാൻ അല്പം പ്രയാസമുള്ളതോ ആയ കാര്യങ്ങൾ പഠിക്കാൻ ഞാൻ താൽപര്യപ്പെടുന്നു, അത് ഒരു പുതിയ നൈപുണ്യമോ, പുതിയൊരു ഭാഷയോ, അപരിചിതമായ വിഷയങ്ങളോ അല്ലെങ്കിൽ ദൈനംദിന കാര്യങ്ങൾ ചെയ്യുന്ന രീതിയിൽ വരുത്തുന്ന മാറ്റങ്ങളോ ആകാം. ഇത്തരത്തിൽ മനസിനുണ്ടാകുന്ന ചെറിയ അസ്വസ്ഥതകളാണ് തലച്ചോറിനെ കൂടുതൽ ഉന്മേഷത്തോടെ നിലനിർത്തുന്നത്.

Also Read: ഇൻസുലിൻ എടുത്തിട്ടും ബ്ലഡ് ഷുഗർ കുറയുന്നില്ലേ? എന്തുകൊണ്ട്?

കാര്യങ്ങൾ ഗ്രഹിക്കാനുള്ള പ്രയാസം പ്രായം കൂടുന്നതിന്റെ ലക്ഷണമായി ഞാൻ കാണുന്നില്ല; മറിച്ച് അത് വളർച്ചയുടെ ലക്ഷണമാണ്. ഒരു പുതിയ കാര്യം മനസിലാക്കാൻ ഞാൻ ബുദ്ധിമുട്ടുമ്പോഴെല്ലാം, എന്റെ തലച്ചോറിൽ പുതിയ പാതകൾ രൂപപ്പെടുകയാണെന്ന് ഞാൻ സങ്കൽപ്പിക്കാറുണ്ട്. ഈയൊരു ചിന്താഗതി എന്നെ ഭയപ്പെടുത്തുന്നതിന് പകരം മാനസികമായി കൂടുതൽ സജീവമായിരിക്കാൻ സഹായിക്കുന്നു.

തലച്ചോറിന്റെ ആരോഗ്യം കൂടി ലക്ഷ്യമിട്ടുള്ള ഭക്ഷണരീതി (മിക്കവാറും സമയങ്ങളിൽ)

ഞാൻ കർശനമായ ഒരു ഡയറ്റ് പിന്തുടരുന്നില്ലെങ്കിലും, വളരെ ബോധപൂർവ്വമാണ് ഭക്ഷണം കഴിക്കുന്നത്. തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ഭക്ഷണങ്ങളിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പച്ചക്കറികൾ, പഴങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, നട്‌സുകൾ, വിത്തുകൾ, മത്സ്യം, ധാരാളം വെള്ളം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷണത്തിന്റെ രുചിക്ക് മാത്രമല്ല, അത് കഴിക്കുമ്പോൾ എനിക്ക് എങ്ങനെയുള്ള അനുഭവം നൽകുന്നു എന്നതിനും ഞാൻ മുൻഗണന നൽകുന്നു. കൃത്രിമമായി സംസ്കരിച്ച ഭക്ഷണങ്ങൾ ചിന്തകളെ മന്ദീഭവിപ്പിക്കുമ്പോൾ, പോഷകഗുണമുള്ള ലഘുഭക്ഷണങ്ങൾ എന്നെ കൂടുതൽ ഉന്മേഷവാനും ജാഗ്രതയുള്ളവനുമായിരിക്കാൻ സഹായിക്കുന്നു.

അതേസമയം തന്നെ, ഞാൻ ഭക്ഷണത്തെ ആസ്വദിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ നിന്നുള്ള സന്തോഷവും പ്രധാനമാണ്. അതുകൊണ്ട് തന്നെ കടുത്ത നിയന്ത്രണങ്ങൾക്ക് പകരം ഒരു തുലനാവസ്ഥ നിലനിർത്താനാണ് ഞാൻ ശ്രമിക്കുന്നത്. കാരണം ഭക്ഷണത്തെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ തലച്ചോറിനെ സംബന്ധിച്ചിടത്തോളം മറ്റൊരു വിഷാംശമാണ്.

Also Read: അത്താഴം വൈകിയാൽ എന്ത് സംഭവിക്കും? രാത്രിഭക്ഷണം എപ്പോൾ കഴിക്കണം?

ഞാൻ എന്റെ മാനസിക സമാധാനം സംരക്ഷിക്കുന്നു

വിട്ടുമാറാത്ത മാനസിക സമ്മർദം മറ്റെന്തിനേക്കാളും വേഗത്തിൽ തലച്ചോറിന് വാർധക്യം ബാധിപ്പിക്കുന്നു. എന്റെ മാനസിക ഊർജം എന്തിനൊക്കെ ചെലവഴിക്കണം എന്ന കാര്യത്തിൽ ഞാൻ ഇപ്പോൾ അതീവ ശ്രദ്ധാലുവാണ്. വ്യക്തമായ അതിർവരമ്പുകൾ നിശ്ചയിക്കുക, എപ്പോഴും വാർത്തകൾ കാണുന്നത് പരിമിതപ്പെടുത്തുക, അനാവശ്യമായി എന്നെ തളർത്തുന്ന സാഹചര്യങ്ങളിൽ നിന്ന് പിന്മാറുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. യാതൊരുവിധ ശല്യങ്ങളോ ബഹളങ്ങളോ ഇല്ലാത്ത, ഫോൺ നോക്കാത്ത ശാന്തമായ നിമിഷങ്ങൾക്കായി ഞാൻ സമയം കണ്ടെത്തുന്നു.

ആഴത്തിലുള്ള ശ്വസനം, തനിച്ചുള്ള ചെറിയ നടത്തങ്ങൾ, അല്ലെങ്കിൽ മറ്റ് ശ്രദ്ധാശൈഥില്യങ്ങളില്ലാതെ വെറുതെ ഇരിക്കുക തുടങ്ങിയ ശീലങ്ങൾ എന്റെ നാഡീവ്യൂഹത്തെ ശാന്തമാക്കാൻ സഹായിക്കുന്നു. ശാന്തമായ തലച്ചോറാണ് ആരോഗ്യകരമായ തലച്ചോർ. നന്നായി വാർധക്യത്തെ നേരിടുന്നതിന് ഓർമ്മശക്തിയെപ്പോലെ തന്നെ പ്രധാനമാണ് വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും.

ചിന്തിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുമായി ഞാൻ ബന്ധം നിലനിർത്തുന്നു

ഏകാന്തത തലച്ചോറിന് വലിയ ആഘാതമുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ അർത്ഥവത്തായ ബന്ധങ്ങൾ തലച്ചോറിന് ഒരു കവചം പോലെയാണ്. യഥാർത്ഥ സംഭാഷണങ്ങൾ സാധ്യമാകുന്ന സൗഹൃദങ്ങൾക്ക് ഞാൻ മുൻഗണന നൽകുന്നു. നമ്മൾ ചിരിക്കുകയും തർക്കിക്കുകയും കഥകൾ പറയുകയും പരസ്പരം ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്ന നിമിഷങ്ങൾ. സാമൂഹിക ഇടപെടലുകൾ ഒരേസമയം നമ്മുടെ ഓർമ്മശക്തി, ഭാഷ, സഹാനുഭൂതി, വൈകാരിക ബുദ്ധി എന്നിവയെ ഉത്തേജിപ്പിക്കുന്നു. ഇത് സൗഹൃദത്തിന്റെ രൂപത്തിലുള്ള ഒരു സമ്പൂർണ 'ബ്രെയിൻ വർക്കൗട്ട്' പോലെയാണ്.

എനിക്ക് വലിയൊരു സുഹൃദ്‌വലയം ആവശ്യമില്ല. എന്നെ ചിന്തിപ്പിക്കുകയും മാനസികമായി പിന്തുണയ്ക്കുകയും ചെയ്യുന്ന കുറച്ച് ആളുകൾ മാത്രം മതി. ഈ ബന്ധങ്ങളാണ് എന്റെ തലച്ചോർ ഇപ്പോഴും സജീവമാണെന്നും വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്നും എന്നെ ഓർമ്മിപ്പിക്കുന്നത്. ഈ ശീലങ്ങളെല്ലാം ചേർന്ന് എന്റെ തലച്ചോറിനെ സജീവവും പ്രതിരോധശേഷിയുള്ളതും ഏത് സാഹചര്യത്തോടും പൊരുത്തപ്പെടുന്നതുമാക്കി മാറ്റുന്നു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മലബന്ധം അകറ്റാനും ഹൃദയാരോഗ്യത്തിനും; ദിവസവും 10 ഉണക്കമുന്തിരി കഴിച്ചു തുടങ്ങാം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: