ഹെപ്പറ്റൈറ്റിസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം ഏത് കാരണം കൊണ്ടും ഉണ്ടാകുന്ന കരൾ കോശങ്ങളുടെ വീക്കമാണ്. ഇത് അക്യൂട്ട് ഹെപ്പറ്റൈറ്റിസ് (ചുരുങ്ങിയ കാലയളവിൽ ഉണ്ടാകുന്ന തീവ്ര രോഗബാധ), അല്ലെങ്കിൽ ക്രോണിക് ഹെപ്പറ്റൈറ്റിസ് (ദീർഘകാലം ശരീരത്തിൽ തങ്ങി നിൽക്കുന്ന രോഗ ബാധ) എന്നിങ്ങനെ തരംതിരിക്കാം. ഈ രണ്ട് രോഗാവസ്ഥകളുടെയും കാരണങ്ങൾ, തീവ്രത, സങ്കീർണതകൾ എന്നിവ വ്യത്യസ്തമാണ്.
എ,ബി, സി,ഡി,ഇ എന്നിങ്ങനെ ഹെപ്പറ്റൈറ്റിസ് വൈറസുകൾ പ്രധാനമായും അഞ്ചു തരമുണ്ട്. ഹെപ്പറ്റൈറ്റിസ് എയും ഇയും മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബിയും സിയും രക്തം, ശരീര സ്രവങ്ങള്‍, യോനീസ്രവം, രേതസ് എന്നിവയിലൂടെയാണ് പകരുന്നത്.
ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
- നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
- ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും, വിളമ്പുമ്പോഴും, കഴിക്കുന്നതിന് മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക
- മലമൂത്ര വിസര്‍ജ്ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
- മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക.
- പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പു വരുത്തുക.
- ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയ്യാറാക്കുക.
ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
- ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമായും നടത്തുക.
- കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുക.
- ·രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നു മാത്രം സ്വീകരിക്കുക.
- ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
- ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.
- കാത്, മൂക്ക് എന്നിവ കുത്തുവാനും പച്ച കുത്തുവാനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.