ഓരോ വർഷം കഴിയുന്തോറും പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, 1980 മുതൽ 2014 വരെ പ്രമേഹബാധിതരുടെ എണ്ണം 300 ശതമാനം ഉയർന്നു. ജനിതകശാസ്ത്രം, ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പാരിസ്ഥിതിക ഘടകങ്ങൾ തുടങ്ങി പ്രമേഹത്തിലേക്ക് നയിക്കുന്ന നിരവധി കാരണങ്ങളുണ്ട്. ചില ഭക്ഷണ ടിപ്‌സുകൾ പ്രമേഹ സാധ്യത കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.
- ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം മുഴുവൻ ധാന്യങ്ങൾ കഴിക്കുക
ശുദ്ധീകരിച്ച ധാന്യങ്ങളെ അപേക്ഷിച്ച് മുഴുവൻ ധാന്യങ്ങളിൽ നാരുകൾ കൂടുതലാണ്. പ്രമേഹവും മറ്റ് ജീവിതശൈലീ രോഗങ്ങളും തടയാൻ സഹായിക്കുന്ന ധാതുക്കളും ഫൈറ്റോകെമിക്കലുകളും ഇവ ശരീരത്തിന് നൽകുന്നു. ഭക്ഷണം കഴിച്ചതിനുശേഷമുള്ള പഞ്ചസാരയുടെ വർധനവ് നാരുകൾ കുറയ്ക്കുന്നു.
- കാർബോഹൈഡ്രേറ്റ് വിവേകത്തോടെ തിരഞ്ഞെടുക്കുക
കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുമെന്ന് അറിയപ്പെടുന്നു, എന്നാൽ ഇവ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് മിതമായ അളവിൽ കഴിക്കുക.
- ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തുക
ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ നല്ലതാണ്. ഓർഗാനിക് എ2 നെയ്യ്, തേങ്ങ, അവോക്കാഡോ, ഒലിവ്, നട്സ്, വിത്തുകൾ എന്നിവ പോലുള്ള ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- പഞ്ചസാര ഒഴിവാക്കുക
അമിതമായ പഞ്ചസാരയുടെ ഉപയോഗമാണ് പ്രമേഹം വരാതിരിക്കാൻ ആദ്യം ഒഴിവാക്കേണ്ടത്. സോഡകൾ, പഴച്ചാറുകൾ, മധുര പലഹാരങ്ങൾ ഇവയെല്ലാം പ്രമേഹ സാധ്യത വർധിപ്പിക്കും. എല്ലാ ദിവസവും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന അളവിൽ കഴിക്കുകയാണെങ്കിൽ, പ്രമേഹത്തിനുള്ള സാധ്യത 32% വർധിക്കുമെന്ന് സ്ത്രീകൾ നടത്തിയ ആരോഗ്യ പഠനത്തിൽ കണ്ടെത്തി.
- ശരീര ഭാരം നിയന്ത്രിക്കുക
അമിത വണ്ണം പ്രമേഹ സാധ്യത കൂട്ടും. അമിതഭാരം പ്രമേഹ സാധ്യത 20 മടങ്ങ് വർധിപ്പിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് രൂപാലി ദത്ത പറഞ്ഞു. ഒരാൾ 7-10% ഭാരം കുറയുകയാണെങ്കിൽ, പ്രമേഹ സാധ്യത 50% വരെ കുറയ്ക്കാൻ കഴിയും.
- ഭക്ഷണത്തിൽ പ്രോട്ടീനുകൾ ഉൾപ്പെടുത്തുക
പ്രോട്ടീനുകൾ സംതൃപ്തി നൽകുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹം തടയാൻ സഹായിക്കുന്നു. ആഴ്ചയിൽ മൂന്നു തവണ ഒരുപിടി നട്സും വിത്തുകളും കഴിക്കുന്നത് നല്ലതാണ്.
- സമ്മർദം കുറയ്ക്കുക
സമ്മർദം ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും, ഇത് പ്രമേഹത്തിലേക്ക് നയിച്ചേക്കാം.
- ശാരീരികമായി സജീവമായിരിക്കുക
വ്യായാമം ചെയ്യുകയും സജീവമായ ജീവിതം നയിക്കുകയും ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാൻ മാത്രമല്ല, ഊർജമായി മാറാൻ ശരീരത്തെ കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കാനും സഹായിക്കുന്നു. ജീവിതശൈലി രോഗങ്ങളെ അകറ്റാൻ ശാരീരികമായി സജീവമായി തുടരുന്നത് പ്രധാനമാണ്.
- പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കും. സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴം, കിവി, ആപ്രിക്കോട്ട് തുടങ്ങിയ പഴങ്ങളും ബ്രോക്കോളി, തക്കാളി തുടങ്ങിയ പച്ചക്കറികളും നല്ല ഓപ്ഷനുകളാണ്.
- സമീകൃതാഹാരം കഴിക്കുക
ശരീരം ശരിയായി പ്രവർത്തിക്കാൻ എല്ലാ പോഷകങ്ങളും ആവശ്യമാണ്. ആരോഗ്യകരമായ എല്ലാ ഭക്ഷണങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയും മിതമായ അളവിൽ കഴിക്കുകയും ചെയ്യുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.