ഏകദേശം ഒരാഴ്ച മുൻപ് പതിനാലുകാരൻ മാതാപിതാക്കൾക്കൊപ്പം ക്ലിനിക്കിൽ എന്നെ കാണാൻ വന്നു. അമിതവണ്ണവും വർധിച്ച കൊളസ്‌ട്രോളും കാരണം ആരോഗ്യപരമായി മോശം അവസ്ഥയിലായിരുന്നു ആ കുട്ടി. അവന്റെ ഭക്ഷണരീതികളാണ് അവനെ ഈ നിലയിൽ എത്തിച്ചത്. പഠിക്കാൻ മിടുക്കനായ കുട്ടിക്ക് പഠന സമയത്ത് ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്ന ശീലമുണ്ടായിരുന്നു.
തുടർന്ന്, അനാരോഗ്യകരമായ ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കുട്ടിക്ക് മനസിലാക്കി കൊടുത്തു. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ മാതാപിതാക്കൾ അവനെ പ്രോത്സാഹിപ്പിച്ചു. ഐപിഎൽ മത്സരങ്ങളോടുള്ള മകന്റെ താൽപര്യം മനസിലാക്കി മാതാപിതാക്കൾ അവനെ കായികരംഗത്ത് പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചു. എന്റെ ക്ലിനിക്കിൽ വരുന്ന കേസുകളിൽ അപൂർവമല്ല ഇത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുട്ടികളിലും യുവാക്കളിലും പൊണ്ണത്തടിയും കൊളസ്ട്രോൾ വർധിക്കുന്നതിനും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. സമൂഹത്തിൽ സംഭവിച്ച മാറ്റങ്ങളാണ് ഇതിനു കാരണം. മോഡേൺ ജീവിതശൈലി ആളുകളുടെ ഭക്ഷണരീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. സമയം ലാഭിക്കുന്നതിനായി പലരും ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നു. ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ വർധനയോടെ ആളുകൾക്ക് സ്വന്തം വീട്ടിലിരുന്ന് ഭക്ഷണം അനായാസം ഓർഡർ ചെയ്യാൻ സാധിക്കുന്നു. ഇത് അണുകുടുംബങ്ങൾക്കുള്ളിൽ അനാരോഗ്യകരമായ ജങ്ക് ഫുഡിന്റെ ഉപഭോഗം വർധിപ്പിച്ചു.
തിരക്കേറിയ ഷെഡ്യൂളുകൾ കാരണം ആളുകൾക്ക് വ്യായാമം ചെയ്യാനോ മറ്റു സജീവ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ കഴിയുന്നില്ല. ഇത് അമിതവണ്ണത്തിലേക്കും ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളിലേക്കും നയിക്കുന്നു. ഈ പ്രശ്നം ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യത്തെയും ബാധിക്കുന്നു. പൊണ്ണത്തടിയുള്ള കുട്ടികൾ സ്കൂളുകളിൽ കളിയാക്കലുകൾ നേരിടുന്നു, ഇത് അവർക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നു.
40 വയസ്സിന് താഴെയുള്ള കുട്ടികൾക്കും മുതിർന്നവർക്കും പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെയും പതിവ് വ്യായാമത്തിലൂടെയും കൊളസ്ട്രോളിനെ നേരിടാനാകും. ചെറുപ്പം മുതലേ നല്ല ഭക്ഷണശീലങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടത് പ്രധാനമാണ്. ധാന്യങ്ങൾ, നാരുകളുള്ള ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ആസ്വദിക്കാനും പഞ്ചസാരയും കൊഴുപ്പുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാനും പഠിപ്പിക്കുകയാണ് ഇതിനർത്ഥം. പിസയോ ബർഗറോ പൂർണമായും ഒഴിവാക്കണമെന്നല്ല, ഇടയ്ക്ക് വല്ലപ്പോഴും അവ ആസ്വദിക്കാം.
ഭക്ഷണം തിരഞ്ഞെടുക്കുന്നതിനു പുറമേ, അമിതമായി കഴിക്കുന്നതും ആശങ്കപ്പെടേണ്ട കാര്യമാണ്. ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നതും ഇടയ്ക്കിടെയുള്ള ലഘുഭക്ഷണം കുറയ്ക്കുന്നതും പ്രധാനമാണ്. കുട്ടികളിൽ ആരോഗ്യകരമായ ശീലങ്ങൾ രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദിവസവും 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വ്യായാമം എല്ലാ വ്യക്തികൾക്കും ആവശ്യമാണ്. കുട്ടികളിൽ സ്ക്രീൻ സമയം കുറയ്ക്കുന്നത് സന്തുലിതമായ ജീവിതശൈലിക്ക് സഹായിക്കും.
അമിതവണ്ണമുള്ള പല യുവാക്കളിലും കൊളസ്ട്രോളിന്റെ അളവ് കൂടുതലാണ്. പുകവലി, മദ്യപാനം തുടങ്ങിയവ അവരുടെ ജീവിതശൈലിയിൽ നിന്ന് ഒഴിവാക്കണം. പിസിഒഡി പോലുള്ള ജനിതകമോ ഹോർമോണുമായി ബന്ധപ്പെട്ടതോ ആയ അവസ്ഥകൾ കാരണം ചിലർക്ക് അമിതവണ്ണമുണ്ടാകാം. സാധാരണരീതിയിൽ, ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ 40 വയസ്സിന് താഴെയുള്ള വ്യക്തികളിൽ കൊളസ്ട്രോളിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും. അളവ് അമിതമായി ഉയർന്നതാണെങ്കിൽ, അവ കുറയ്ക്കാൻ മരുന്നുകൾ കഴിക്കാം.
പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നീ രോഗാവസ്ഥകളുടെ കുടുംബ ചരിത്രമുള്ള, പുകവലി, മദ്യപാനം എന്നീ ശീലങ്ങളുള്ള മുപ്പതോ നാൽപ്പതോ വയസുള്ള ഒരു വ്യക്തിയാണെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണാൻ ഞാൻ അവരെ നിർദേശിക്കുന്നു. അത്തരം വ്യക്തികൾക്ക്, ജീവിതശൈലിയിലെ മാറ്റങ്ങൾ മാത്രമല്ല, അവരുടെ ചികിത്സയുടെ ഭാഗമായി ചില മരുന്നുകൾ കഴിക്കേണ്ടതായും വന്നേക്കാം.
ഉയർന്ന കൊളസ്‌ട്രോളിനുള്ള മരുന്ന് കഴിക്കുന്ന ചെറുപ്പക്കാർക്ക് കൊളസ്ട്രോൾ കുറയുന്നതോടെ അവ നിർത്താം. എന്നിരുന്നാലും, 40 വയസ്സിന് മുകളിലുള്ള ഒരാൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ, അവർ അനാരോഗ്യകരമായ ജീവിതശൈലി നിർത്തിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടതായി വരും.
ലേഖനം എഴുതിയത് ഡോ.റൊമ്മൽ ടിക്കൂ