scorecardresearch

ശരീര ഭാരം കുറയ്ക്കാനും വീണ്ടും കൂടാതിരിക്കാനും ഈ കാര്യങ്ങൾ ചെയ്യൂ

ശരീര ഭാരം കുറച്ചശേഷം അവ വീണ്ടും കൂടാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ?

health, weight loss, ie malayalam
Representtive Imge

ശരീര ഭാരം കുറയ്ക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ, കുറച്ച ശരീരഭാരം അതുപോലെ നിലനിർത്തുകയെന്നത് അതിലേറെ ബുദ്ധിമുട്ടാണ്. ശരീര ഭാരം നിയന്ത്രിക്കാൻ ആളുകൾ വ്യത്യസ്ത ഭക്ഷണക്രമങ്ങളും ഫിറ്റ്നസ് ദിനചര്യകളും പരീക്ഷിക്കുന്നതിൽ അതിശയിക്കാനില്ല. പലപ്പോഴും ഒരു വിദഗ്ദ്ധനെ സമീപിക്കാതെയാണ് പലരും ഇക്കാര്യങ്ങൾ ചെയ്യുന്നത്. ചില ഡയറ്റുകൾ കുറച്ചു കാലത്തേക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് കണക്കുകളും പഠനങ്ങളും കാണിക്കുന്നുണ്ട്. പക്ഷേ, അവയുടെ ഫലം ദീർഘനാൾ നിലനിൽക്കുന്നില്ല. അപ്പോൾ പിന്നെ, ശരീര ഭാരം കുറച്ചശേഷം അവ വീണ്ടും കൂടാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ?.

കുറച്ച ശരീര ഭാരം സ്ഥിരമായി നിലനിർത്തുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു. ദീർഘകാലം നിലനിർത്താൻ കഴിയുന്ന ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നത് ഇതിൽ ഉൾപ്പെടുന്നു, അതിന്റെ ഫലമായി ആരോഗ്യകരമായ രീതിയിൽ ശരീര ഭാരം കുറച്ച് അവ നിലനിർത്താൻ കഴിയുമെന്ന് ഗുരുഗ്രാമിലെ പരസ് ഹെൽത്തിലെ ചീഫ് ഡയറ്റീഷ്യൻ നേഹ പതാനിയ പറഞ്ഞു.

”സുരക്ഷിതമായ രീതിയിൽ ശരീര ഭാരം കുറയ്ക്കുകയാണ് ലക്ഷ്യം, ആഴ്ചയിൽ ഒന്നോ രണ്ടോ പൗണ്ട് വരെ. ആരോഗ്യകരമായ ഭക്ഷണക്രമം, സജീവമായി തുടരുക, സമ്മർദ്ദം നിയന്ത്രിക്കുക തുടങ്ങിയ സ്ഥിരമായ ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. വേഗത്തിൽ ശരീരഭാരം കുറയ്ക്കുക മാത്രമല്ല, കാലക്രമേണ നിലനിർത്താൻ കഴിയുന്ന ശീലങ്ങൾ സൃഷ്ടിക്കുക എന്നതാണ് പ്രധാനം,” അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. ഈ ലക്ഷ്യം നേടാൻ ചില ടിപ്സുകളും അവർ പറഞ്ഞിട്ടുണ്ട്.

സമ്പൂർണ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: പഴങ്ങൾ, പച്ചക്കറികൾ, മെലിഞ്ഞ പ്രോട്ടീൻ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ കുറയ്ക്കുക: അധികം പഞ്ചസാര അടങ്ങിയവ, അനാരോഗ്യകരമായ കൊഴുപ്പുകൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, മധുര പാനീയങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ എന്നിവ പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.

ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കുക: അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ അളവ് നിയന്ത്രണം പരിശീലിക്കുക. ഭക്ഷണം കഴിക്കുന്നതിന് ചെറിയ പ്ലേറ്റുകൾ ഉപയോഗിക്കുക.

ജലാംശം നിലനിർത്തുക: ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും വയർ നിറഞ്ഞ പ്രതീതി അനുഭവപ്പെടുന്നതിനും ധാരാളം വെള്ളം കുടിക്കുക. ശരീരഭാരം വർധിപ്പിക്കുന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.

പതിവായി വ്യായാമം ചെയ്യുക: വ്യായാമം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം അല്ലെങ്കിൽ 75 മിനിറ്റ് കഠിനമായ വ്യായാമം ചെയ്യുക.

മതിയായ ഉറക്കം: രാത്രിയിൽ 7-9 മണിക്കൂർ ഉറങ്ങുക. ഉറക്കക്കുറവ് ഉപാപചയപ്രവർത്തനത്തെ തടസപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടാക്കുകയും ചെയ്യും.

സമ്മർദം നിയന്ത്രിക്കുക: ധ്യാനം, യോഗ അല്ലെങ്കിൽ ശ്വസന വ്യായാമങ്ങൾ പോലുള്ള സമ്മർദം നിയന്ത്രിക്കാൻ ആരോഗ്യകരമായ വഴികൾ കണ്ടെത്തുക. സമ്മർദം ഭക്ഷണം കൂടുതൽ കഴിക്കുന്നതിനും ശരീരഭാരം വർധിപ്പിക്കുന്നതിനും ഇടയാക്കും.

ശരീര ഭാരം വീണ്ടും കൂടാതെ എങ്ങനെ കുറയ്ക്കാം?

ഡയറ്റിനുശേഷം വീണ്ടും പഴയപടി ഭക്ഷണം കഴിക്കുന്നതുമൂലമാണ് ശരീര ഭാരം കൂടുന്നതെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു. ഡയറ്റിലായിരിക്കുമ്പോൾ നമ്മൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നു, പിന്നീട് ഇവയെല്ലാം കഴിക്കുന്നു. അതിലൂടെ കുറഞ്ഞ ശരീരഭാരം പെട്ടെന്ന് തന്നെ തിരിച്ചുവരുന്നു. ധാരാളം ആളുകൾ ശരീരഭാരം കുറയ്ക്കുന്നു, പക്ഷേ അവരിൽ 20 ശതമാനം പേർക്ക് പോലും ആ ഭാരം നിലനിർത്താൻ കഴിയുന്നില്ലെന്ന് അവർ അഭിപ്രായപ്പെട്ടു.

ഒരു വർഷത്തിനുള്ളിൽ 5 മുതൽ 10% വരെ ശരീരഭാരം കുറയ്ക്കാനാണ് പലരും ലക്ഷ്യമിടുന്നത്. നിങ്ങളുടെ ഭാരം 70 കിലോ ആണെങ്കിൽ, ഒരു വർഷത്തിനുള്ളിൽ നിങ്ങൾ 3.5 കിലോ മുതൽ 7 കിലോഗ്രാം വരെ കുറയ്ക്കാൻ ശ്രമിക്കണം. ഈ രീതിയിൽ, ശരീരഭാരം കുറയുന്നത് ആരോഗ്യകരമായിരിക്കും, ഡയറ്റ് പ്ലാൻ ഉപേക്ഷിച്ചതിന് ശേഷവും വളരെ പെട്ടെന്ന് ശരീര ഭാരം കൂടില്ലെന്ന് അവർ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How to lose the extra kilos and not gain them back