ഇന്ത്യയിൽ ഇപ്പോൾ മാമ്പഴക്കാലമാണ്. മാര്‍ക്കറ്റുകളിലും റോഡരികിലുമെല്ലാം പഴുത്ത മാമ്പഴം കച്ചവടത്തിനായി നിരത്തിവച്ചിരിക്കുന്ന കാഴ്ചകൾ കാണാം. നന്നായി പഴുത്ത മാമ്പഴം കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ മാമ്പഴം വാങ്ങുന്ന കാര്യം വരുമ്പോൾ ഒന്നു ചിന്തിക്കുന്നത് നല്ലതാണ്.
ഫൈബർ, വിറ്റാമിൻ സി, വിറ്റാമിൻ എ, ധാരാളം ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മാമ്പഴം. എന്നാൽ ഈ പഴുത്ത മാമ്പഴം ജൈവരീതിയിൽ പാകമായതാണോ അതോ രാസവസ്തുക്കൾ വച്ച് പാകപ്പെടുത്തിയതാണോ എന്ന് എങ്ങനെ അറിയാൻ സാധിക്കും? രാസവസ്തുക്കൾ വച്ച് പാകപ്പെടുത്തി മാമ്പഴത്തിൽനിന്നു ഈ ഗുണങ്ങൾ ഒന്നും ലഭിക്കില്ല.
സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങളാണ് ആരോഗ്യത്തിന് നല്ലതെങ്കിലും ഇവ ലഭിക്കുന്നത് അത്ര എളുപ്പമല്ല. കാരണം വിൽപനയ്ക്ക് എത്തുന്നതിൽ അധികവും കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ ആയിരിക്കും. സുരക്ഷിതമായ മാർഗങ്ങളിലൂടെ പഴുപ്പിച്ച മാമ്പഴം ഉപഭോഗത്തിന് നല്ലതാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) പ്രസ്താവനയിൽ പറയുന്നു.
മാമ്പഴം പാകപ്പെടുത്താൻ സാധാരണയായി ഉപയോഗിക്കുന്ന ‘മസാല’ എന്നും അറിയപ്പെടുന്ന കാൽസ്യം കാർബൈഡ്, എഫ്എസ്എസ്എഐയുടെ വിൽപ്പന നിയന്ത്രണങ്ങൾ, 2011 പ്രകാരം കർശനമായി നിരോധിച്ച ഒന്നാണ്. കാൽസ്യം കാർബൈഡ്, ഹാൻഡ്‌ലർമാർക്ക് അപകടകരവും ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
മാമ്പഴം ഉപഭോഗത്തിന് സുരക്ഷിതമാണോയെന്ന് എങ്ങനെ അറിയാനാകും?
മാമ്പഴത്തിന്റെ ഉറവിടം അറിയില്ലെങ്കിൽ അവയുടെ മണം വഴി ആദ്യം പരിശോധിച്ചു നോക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
“മാമ്പഴം ഓവൽ, ബീൻസ് ആകൃതിയിലുള്ളതായിരിക്കണം. അതിനാൽ തണ്ടിന് ചുറ്റും തടിച്ചതും വൃത്താകൃതിയിലുള്ളതുമായ മാങ്ങകൾ തിരഞ്ഞെടുക്കണം. മണക്കുമ്പോൾ തന്നെ മധുരം അനുഭവിക്കാൻ കഴിയും. കൂടാതെ, രാസപരമായി പഴുപ്പിച്ച മാമ്പഴങ്ങളിൽ, ഉപരിതലത്തിൽ മഞ്ഞയും പച്ചയും കലർന്ന പാച്ചുകൾ ഉണ്ട്. എന്നാൽ സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങളിൽ ഇത് പച്ചയും മഞ്ഞയും ഏകീകൃത മിശ്രിതമായിരിക്കും,” മുംബൈയിലെ റെജുവ എനർജി സെന്ററിലെ പ്രകൃതിചികിത്സകൻ ഡോ. സന്തോഷ് പാണ്ഡെ പറഞ്ഞു.
മാമ്പഴം സ്വാഭാവികമായി പാകമായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
- മാങ്ങകൾ ഒരു ബക്കറ്റ് വെള്ളത്തിൽ ഇടുക.
- മാങ്ങകൾ മുങ്ങുകയാണെങ്കിൽ, അവ സ്വാഭാവികമായി പാകമായതാണ്.
- അവ പൊങ്ങിക്കിടക്കുകയാണെങ്കിൽ, അവ കൃത്രിമമായി പഴുപ്പിച്ചതാണ്.
ഇതാണ് ഏറ്റവും ജനപ്രിയമായ ഹോം ഹാക്ക്. എന്നാൽ അത് ശരിക്കും പ്രവർത്തിക്കുന്നുണ്ടോ? അത് പ്രവർത്തിക്കുമെന്ന് ഡോ. സന്തോഷ് പറയുന്നു. “കൂടാതെ, കൃത്രിമമായി പഴുത്ത മാമ്പഴത്തിൽ നിന്ന് വളരെ കുറച്ച് നീര് മാത്രമേ ലഭിക്കൂ എന്നാൽ ജൈവ മാമ്പഴത്തിൽനിന്നു ധാരാളം നീര് ലഭിക്കും,” ഡോ. സന്തോഷ് പറയുന്നു.
മാമ്പഴം മുറിച്ചുകഴിഞ്ഞു നോക്കുകയാണെങ്കിൽ കൃത്രിമമായി പഴുപ്പിച്ച മാമ്പഴത്തിന്റെ അകവും തൊലിയുടെ അടുത്തുള്ള ഭാഗവും തമ്മിൽ നിറം വ്യത്യാസം ഉണ്ടാകും. എന്നാൽ സ്വാഭാവികമായി പഴുത്തവയ്ക്ക് എല്ലായിടത്തും ഒരേ മഞ്ഞ നിറമായിരിക്കും.
എഫ്എസ്എസ്എഐ പ്രകാരം ശരിയായ മാമ്പഴം എങ്ങനെ അറിയാം?
- ദോഷകരമായ/നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ച് പഴങ്ങൾ പാകമാകുന്നില്ലെന്ന് അവകാശപ്പെടുന്ന അറിയപ്പെടുന്ന വിൽപ്പനക്കാരിൽ നിന്ന് / പ്രശസ്ത സ്റ്റോറുകളിൽ / ഡീലർമാരിൽ നിന്ന് പഴങ്ങളും പച്ചക്കറികളും വാങ്ങുക.
- പഴങ്ങൾ കഴിക്കുന്നതിനുമുമ്പ് വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക.
- കാൽസ്യം കാർബൈഡിൽ നിന്ന് ഉത്പാദിപ്പിക്കുന്ന അസറ്റിലീൻ വാതകത്താൽ പഴങ്ങൾ പാകമാകാൻ സാധ്യതയുള്ളതിനാൽ കറുത്ത പാടുകളുള്ള പഴങ്ങൾ ഒഴിവാക്കുക.