ഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത്, പ്രത്യേകിച്ച് ഉച്ചഭക്ഷണത്തിനുശേഷം വളരെ സാധാരണയായി കണ്ടുവരുന്ന കാര്യമാണ്. എന്നാൽ ലളിതമായ മാർഗങ്ങളിലൂടെ ഈ അലസതയെ ചെറുക്കാൻ കഴിയും. എന്താണ് ഈ അവസ്ഥയ്ക്ക് കാരണം?
ഉയർന്ന പ്രോട്ടീനും കൊഴുപ്പ് കൂടിയ ഭക്ഷണവും മയക്കം സൃഷ്ടിക്കാമെന്ന് സ്പർഷ് ഹോസ്പിറ്റലിലെ ലീഡ് ന്യൂറോ സർജൻ ഡോ. അരവിന്ദ് ഭട്ടേജ വിശദീകരിച്ചു. “ഉച്ചഭക്ഷണത്തിന് ബിരിയാണി കഴിച്ചോ? എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഉറക്കം വരും, ”ഡോ .അരവിന്ദ് ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു, ഭക്ഷണത്തിന് ശേഷം ഉറക്കം തോന്നുന്നതിന്റെ കാരണം, ഉയർന്ന പ്രോട്ടീനോ കൊഴുപ്പുള്ള ഭക്ഷണമോ ആണ്, അദ്ദേഹം പറയുന്നു.
ദിവസത്തിന്റെ രണ്ടാം പകുതിയിൽ സെറം കോർട്ടിസോളിന്റെ അളവ് സ്വാഭാവികമായി കുറയുന്നു. ഇത് ഉച്ചഭക്ഷണവുമായി പൊരുത്തപ്പെടുമ്പോൾ, “ഇത് അവസ്ഥയെ ഇരട്ടിയാക്കും. നിങ്ങളുടെ ഉച്ചതിരിഞ്ഞുള്ള മീറ്റിംഗുകളിൽ ശരിക്കും മയങ്ങിപോകുന്നതിന് കാരണമായേക്കാം, ” ഡോ.അരവിന്ദ് പറയുന്നു.
ഉച്ചഭക്ഷണത്തിനു ശേഷമുള്ള മയക്കത്തെ എങ്ങനെ മറികടക്കാം?
ഉച്ചഭക്ഷണം ലളിതമാക്കാനും, നന്നായി ദഹിപ്പിക്കപ്പെടാനും
ഖരപദാർഥങ്ങളേക്കാൾ ദ്രാവകങ്ങൾക്ക് മുൻഗണന നൽകാൻ ഡോ. അരവിന്ദ് നിർദേശിക്കുന്നു.
ലളിതമായ കാർബോഹൈഡ്രേറ്റുകളിൽ നിന്ന് വ്യത്യസ്തമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കാൻ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ കുറച്ച് സമയമെടുക്കുമെന്നതിനാൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ കഴിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ഇതാണ് ഭക്ഷണത്തിന് ശേഷമുള്ള ഈ മയക്കത്തിനുള്ള പ്രധാന കാരണം.
“അതിനാൽ ഉച്ചഭക്ഷണസമയത്ത് കുറച്ച് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. അത് സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളാൽ സമ്പന്നമായിരിക്കും. കൂടുതൽ ദ്രാവകങ്ങൾ അടങ്ങിയ ഭക്ഷണമാണ് നല്ലത്,” അദ്ദേഹം കൂട്ടിച്ചേർത്തു
ഉച്ചഭക്ഷണത്തിന് ശേഷം മയക്കം അനുഭവപ്പെടുന്നത് സാധാരണ അനുഭവമാണ്, ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലെ കെയർ ഹോസ്പിറ്റൽസിലെ സീനിയർ ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ സമീന അൻസാരി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
താഴെപ്പറയുന്ന കാരണങ്ങൾ കൊണ്ടാണ് ഉച്ചഭക്ഷണത്തിനുശേഷം മയക്കം വരുന്നതെന്ന് സമീന പറയുന്നു.
നമ്മുടെ സർക്കാഡിയൻ റിഥം: നമ്മുടെ ശരീരത്തിന് സ്വാഭാവികമായ ഒരു റിഥം ഉണ്ട്. അത് നമ്മുടെ ഉറക്കത്തെയും ഉണർവിനെയും നിയന്ത്രിക്കുന്നു. ഉച്ചകഴിഞ്ഞ്, നമ്മുടെ ശരീര താപനില കുറയുന്നു, ഇത് മയക്കത്തിനു കാരണമാകുന്നു.
ദഹനം: ദഹനത്തിന് ധാരാളം ഊർജ്ജം ആവശ്യമാണ്. ഭക്ഷണത്തിന് ശേഷം നമ്മുടെ ശരീരം ദഹനവ്യവസ്ഥയിലേക്ക് രക്തപ്രവാഹം തിരിച്ചുവിടുന്നു. ഇത് ഊർജ്ജ നിലകളിൽ താത്കാലികമായ കുറവുണ്ടാക്കുകയും നമുക്ക് ഉറക്കം വരുകയും ചെയ്യും.
ഭക്ഷണത്തിലെ തിരഞ്ഞെടുപ്പ്: കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതും പ്രോട്ടീനും കൊഴുപ്പും കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള വർധനവിന് കാരണമാകുന്നു. അതിനാൽ ക്ഷീണം അനുഭവപ്പെടാം.
ഈ മയക്കവും ക്ഷീണവും ഒഴിവാക്കാൻ ചില ടിപ്പുകൾ:
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം തിരഞ്ഞെടുക്കുക: പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, സങ്കീർണ്ണ കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും ഉച്ചഭക്ഷണത്തിന് ശേഷമുള്ള ക്ഷീണം തടയാനും സഹായിക്കും. ദഹിപ്പിക്കാൻ പ്രയാസമുള്ള ഭാരമേറിയതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
ജലാംശം നിലനിർത്തുക: നിർജ്ജലീകരണം നിങ്ങളെ ക്ഷീണിപ്പിക്കും, അതിനാൽ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക. അമിതമായ അളവിൽ കഫീനോ പഞ്ചസാരയോ കഴിക്കരുത്, കാരണം അവ ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടസ്സപ്പെടുത്തുകയും ഊർജ്ജം കുറയ്ക്കുകയും ചെയ്യുന്നു.
നടക്കുക: വ്യായാമം ഊർജ നില വർധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിനാൽ ഉച്ചഭക്ഷണത്തിന് ശേഷം കുറച്ച് നടക്കുന്നത് ക്ഷീണം കുറയാൻ സഹായിക്കുന്നു.
നല്ല ഉറക്ക ശീലം: രാത്രിയിൽ മതിയായ ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ സർക്കാഡിയൻ റിഥം നിയന്ത്രിക്കാനും പകൽ ഉറക്കം കുറയ്ക്കാനും സഹായിക്കും.