scorecardresearch
Latest News

വിഷാദരോഗ ചികിത്സ ഹൃദയാഘാത സാധ്യതയും കുറയ്ക്കുമോ? പഠനങ്ങളിൽ പറയുന്നത്

വിഷാദരോഗത്തിൽ നിന്ന് മടങ്ങിവന്ന ആളുകളിൽ ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയുന്നതായി പുതിയ പഠനം.അനുരാധ തയാറാക്കിയ റിപ്പോർട്ട്

alking and listening for reducing depression and heart attack risk, Psychological interventions and cardiovascular disease prevention, Heart and mind link: role of psychotherapeutic interventions

വിഷാദരോഗമുള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ (സിവിഡി) ഉണ്ടാകാനുള്ള സാധ്യത 72 ശതമാനം കൂടുതലാണ്. എന്നാൽ മനഃശാസ്ത്രപരമായ ഇടപെടലുകളിലൂടെ വിഷാദരോഗം നിയന്ത്രിച്ച ആളുകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യതയുമായി കുറയുന്നതായി യൂറോപ്യൻ ഹാർട്ട് ജേണലിലെ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ലോകമെമ്പാടുമുള്ള മരണങ്ങളിൽ 32 ശതമാനവും ഹൃദയ രോഗങ്ങൾ (സിവിഡി) വഴിയാണ് എന്നത് ഈ കണ്ടെത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

“മനഃശാസ്ത്രപരമായ പിന്തുണയുള്ള ഇടപെടലുകൾ, വൈകാരികമായ സംസാരം, ആത്മവിശ്വാസം വർധിപ്പിക്കുന്ന സംഭാഷണങ്ങൾ എന്നിവ വിഷാദരോഗത്തെ ചെറുക്കാനും ഹൃദയധമനികളുടെ അപകടസാധ്യത കുറയ്ക്കാനും കഴിയുമെന്ന് ഈ നിരീക്ഷണ പഠനത്തിൽ കാണിക്കുന്നു,” പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (പിഎച്ച്എഫ്ഐ) പ്രൊഫസറായ ഹൃദ്രോഗ വിദഗ്ധൻ ഡോ. കെ.ശ്രീനാഥ് റെഡ്ഡി പറയുന്നു.

ഹൃദയവും മനസ്സും തമ്മിലുള്ള ബന്ധം വളരെക്കാലം മുൻപേ പഠനങ്ങളിൽ ഇടം നേടിയതാണ്. ഒരു രോഗിയിൽ ആദ്യമോ രണ്ടാമത്തേതോ ഹൃദയാഘാതം ഉണ്ടാകുന്നത് തടയാൻ സൈക്കോതെറാപ്പിറ്റിക് ഇടപെടലുകൾ വളരെയധികം സഹായിക്കുമെന്നതിന്റെ തെളിവാണ് പഠനത്തിലൂടെ ഇപ്പോൾ ലഭിക്കുന്നത്. “പെട്ടെന്നുള്ള ഹൃദയാഘാതം രോഗിക്കും കുടുംബത്തിനും വലിയ ആഘാതമുണ്ടാക്കും. കഠിനമായ അസുഖം, ഉയർന്ന മെഡിക്കൽ ചെലവുകൾ, ഭാവിയെക്കുറിച്ചുള്ള ഭയം എന്നിവ രോഗിയെ വിഷാദരോഗത്തിലേക്ക് എത്തിക്കാൻ സാധ്യതയുണ്ട്. ഉയർന്ന ഉത്കണ്ഠയും കോപവും ഒരു വ്യക്തിയുടെ ഹൃദയാരോഗ്യത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അറിയപ്പെടുന്നു,” സൈക്കോളജിസ്റ്റായ ഡോ.കിഞ്ചൽ ഗോയൽ പറയുന്നു. ഹൃദയാഘാതം മാത്രമല്ല, ഹൃദയ താളം തെറ്റിക്കുന്നതിലും മനസ്സ് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

എന്താണ് ടോക്ക് തെറാപ്പി?

“പാനിക് അറ്റാക്കുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളായി മാറാൻ കഴിയും. ഒന്നിനെ മറ്റൊന്നായി എളുപ്പത്തിൽ തെറ്റിദ്ധരിച്ചേക്കാം. രോഗത്തിന്റെ യഥാർത്ഥ സ്വഭാവം തിരിച്ചറിയാൻ കാർഡിയോളജിസ്റ്റും സൈക്കോളജിസ്റ്റും കൈകോർത്ത് പ്രവർത്തിക്കേണ്ടത് അത്തരം സന്ദർഭങ്ങളിൽ പ്രധാനമാണ്, ”ഡോ.കിഞ്ചൽ പറയുന്നു. മനഃശാസ്ത്രജ്ഞർ സമ്മർദമുണ്ടാക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, മറ്റ് രോഗികളുമൊത്തുള്ള ഗ്രൂപ്പായി തിരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.

പഠനത്തിൽ പറയുന്നത്?

മനഃശാസ്ത്രപരമായ ചികിത്സയ്ക്ക് ശേഷം വിഷാദ രോഗലക്ഷണങ്ങൾ മെച്ചപ്പെട്ടുവരുന്ന ആളുകളിൽ തുടർന്നുള്ള മൂന്ന് വർഷം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറവാണെന്ന് പഠനത്തിൽ പറയുന്നു. ഇത് യുകെ നാഷണൽ ഹെൽത്ത് സർവീസസ് ഡിജിറ്റൽ-ലിങ്ക്ഡ് ഇലക്ട്രോണിക് ഹെൽത്ത് കെയർ ഡാറ്റാബേസ് ഉപയോഗിച്ചാണ് കണ്ടെത്തിയത്. സൈക്കോളജിക്കൽ തെറാപ്പികളിലേക്കുള്ള പ്രവേശന (IAPT) സേവനങ്ങൾ എൻഎച്ച്എസ് വഴി ഇംഗ്ലണ്ടിലുടനീളം സൗജന്യമായി ലഭ്യമാണ്. വിഷാദം ഉൾപ്പെടെയുള്ള സാധാരണ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വിവിധ മനഃശാസ്ത്ര ചികിത്സകൾ വാഗ്ദാനം ചെയ്യുന്നു. അവരുടെ വിശകലനത്തിൽ 6.36 ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. “ചികിത്സയ്ക്ക് ശേഷം വിഷാദരോഗ ലക്ഷണങ്ങൾ മെച്ചപ്പെട്ടവരിൽ ഹൃദയസംബന്ധമായ അസുഖം ഉണ്ടാകാനുള്ള സാധ്യത 12 ശതമാനം കുറവാണെന്ന്” ഗവേഷകർ കണ്ടെത്തി.

മാനസിക സമ്മർദ്ദം ചെറുപ്പത്തിൽ തന്നെ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. “ഇന്ത്യയിൽ, പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ചെറുപ്രായത്തിൽതന്നെ ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ സംഭവിക്കുന്നു. അപകടസാധ്യത ഘടകങ്ങളിൽ ഒന്നാണ് മാനസിക സമ്മർദ്ദ കണക്കുകൾ. കൂടാതെ, ചെറുപ്പത്തിൽ തന്നെ ഹൃദയസംബന്ധിയായ ആരോഗ്യപ്രശ്നം ബാധിച്ച ആളുകൾ അവരുടെ നിലവിലെ ആരോഗ്യം, പ്രവർത്തനക്ഷമത, ഭാവിയിലെ ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് വേവലാതിപ്പെടുന്നതിനാൽ റിയാക്ടീവ് ഡിപ്രഷനിലേക്ക് എളുപ്പത്തിൽ വഴുതിവീഴുന്നു, ”ഡോ ശ്രീനാഥ് പറയുന്നു. “ഭാവിയിൽ ഹൃദയസംബന്ധമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിന് രണ്ടു സാഹചര്യങ്ങളിലും സൈക്കോതെറാപ്പി സഹായിക്കുന്നു. മനഃശാസ്ത്രജ്ഞർ തന്നെ ഇവ ചെയ്യണമെന്നില്ല. പരിശീലനം ലഭിച്ച കൗൺസിലർമാർക്കും സാധാരണക്കാർക്കും ടോക്ക് തെറാപ്പി നൽകാം. വാസ്തവത്തിൽ, പ്രാഥമിക ആരോഗ്യ പരിരക്ഷാ ദാതാക്കൾക്കിടയിൽ ഈ കഴിവുകൾ വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്, കാരണം അവർ സമൂഹവുമായി കൂടുതൽ ഇടപഴകുന്നു, ” ഡോ ശ്രീനാഥ് പറഞ്ഞു.

കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പിയുടെ ആവശ്യകത

വിഷാദരോഗം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പല വഴികളിലൂടെ നയിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വർധിക്കുന്ന രക്തസമ്മർദ്ദം, മോശം ഭക്ഷണ ശീലങ്ങൾ, അനാരോഗ്യകരമായ ലഘുഭക്ഷണം, വ്യായാമങ്ങൾ കുറയുന്നു, ഉറക്കക്കുറവ്, ആവശ്യമായ ആരോഗ്യപരിരക്ഷ തേടുന്നതിലും സ്വീകരിക്കുന്നതിലും അവഗണന, സാമൂഹിക സഹവർത്തിത്വത്തിന്റെ അഭാവം എന്നിവ ഹൃദയ ആരോഗ്യത്തെ ബാധിക്കുന്നു.

ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗ്ലോബൽ ഹെൽത്ത് ആൻഡ് പോപ്പുലേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രൊഫസർ ഡോ.വിക്രം പട്ടേൽ പറയുന്നതനുസരിച്ച്, കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പിയിലൂടെ കാർഡിയാക്ക് റിസ്ക് കുറയ്ക്കാം.

“ശ്രദ്ധേയമായി, ആന്റീഡിപ്രസന്റ് മരുന്നുകളുടെ കാര്യത്തിൽ ഇത് കാണിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ഗോവയിലെയും മധ്യപ്രദേശിലെയും ഹെൽത്തി ആക്ടിവിറ്റി പ്രോഗ്രാം പോലുള്ള കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പികൾ രാജ്യത്തുടനീളം വ്യാപിപ്പിക്കേണ്ടത്, ”ഡോ.വിക്രം പറയുന്നു.

“മനഃശാസ്ത്രജ്ഞർ എന്ന നിലയിൽ, ഈ പ്രശ്നം മറികടക്കാൻ നൂതനമായ വഴികൾ ഉപയോഗിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. സമാനമായ കാർഡിയോവാസ്കുലാർ, ഹാർട്ട് റിഥം ഡിസോർഡേഴ്സ് ഉള്ള ഒന്നിലധികം ആളുകളുമായി ഗ്രൂപ്പ് സെഷനുകൾ, ഓൺലൈൻ സെഷനുകൾ, വാർത്താക്കുറിപ്പുകളിലൂടെയുള്ള മാനസിക വിദ്യാഭ്യാസം, അടിസ്ഥാന സ്ക്രീനിംഗ് ടെസ്റ്റുകൾ കൊണ്ട് കാർഡിയോളജി ക്ലിനിക്കുകളെ സജ്ജമാക്കൽ എന്നിവ അവയിൽ ചിലത് മാത്രമാണ്, ”ഡോ കിഞ്ചൽ പറയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How talking and listening can reduce depression and heart attack risk