സ്കിപ്പിങ് വ്യായാമത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കുള്ള മികച്ച വ്യായാമങ്ങളിൽ ഒന്നാണിത്. ഇത് ചെയ്യുന്നതിലൂടെ കലോറി എരിയുന്നത് പരമാവധി വർധിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. കോർ മസിലുകളെ ശക്തിപ്പെടുത്തുകയും അടിവയർ ഭാഗം ശക്തമാക്കുകയും ചെയ്യുന്നതിനാൽ സ്വാഭാവികമായി വയറിലെ കൊഴുപ്പ് കുറയ്ക്കുന്നുവെന്ന് ഡോ.മിക്കി മേത്ത പറയുന്നു.
2013-ൽ നടത്തിയ ഒരു പഠനത്തിൽ, ആറാഴ്ചയോളം ദിവസവും 10 മിനിറ്റ് ജംപിങ് റോപ് ചെയ്യുന്നവർക്ക് ജോഗിങ് ചെയ്യുന്നവരെപ്പോലെ അവരുടെ കാർഡിയോവാസ്കുലർ ഫിറ്റ്നസ് മെച്ചപ്പെട്ടുവെന്ന് കണ്ടെത്തി. ജംപിങ് റോപ് 15 മിനിറ്റിനുള്ളിൽ 300 കലോറി കത്തിച്ചു കളയുമെന്ന് വിശ്വസിക്കപ്പെടുന്നു. സ്കിപ്പിങ് ചെയ്യുമ്പോൾ, ശരീരത്തിലെ മിക്കവാറും എല്ലാ പ്രധാന പേശി ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു. ഇത് ചൂട് സൃഷ്ടിക്കുകയും കലോറി കത്തിക്കുകയും ചെയ്യുന്നു.
സ്കിപ്പിങ്ങിന്റെ മറ്റു ഗുണങ്ങൾ
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
രക്തചംക്രമണത്തിന് മികച്ചതാണ് ഈ വ്യായാമം. ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിനാൽ മികച്ചൊരു കാർഡിയോ വ്യായാമമായി ഇത് കണക്കാക്കപ്പെടുന്നു. 2021 ലെ പഠനം അനുസരിച്ച് സ്കിപ്പിങ് ഉത്കണ്ഠകളെ ലഘൂകരിക്കുകയും മാനസികാവസ്ഥ ഉയർത്തുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി. ഹൃദയ സംബന്ധമായ ഫിറ്റ്നസിന് സ്കിപ്പിങ് വളരെ നല്ലതാണ്.
മസ്തിഷ്കാരോഗ്യത്തിന്
മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിന് സ്കിപ്പിങ് നല്ലതാണ്. ഇത് ഉണർവുള്ളവരാക്കി മാറ്റുകയും ശ്രദ്ധയും ഏകാഗ്രതയും നൽകുകയും ചെയ്യുന്നു.
എല്ലുകളെ ശക്തിപ്പെടുത്തുന്നു
സ്കിപ്പിങ് എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 2017-ൽ നടത്തിയ ഒരു പഠനത്തിൽ, ആഴ്ചതോറുമുള്ള സ്കിപ്പിങ്ങിൽ പങ്കെടുത്ത 11-നും 14-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ഇതിൽ പങ്കെടുക്കാത്തവരെക്കാൾ ഉയർന്ന അസ്ഥികളുടെ സാന്ദ്രത ഉണ്ടെന്ന് കണ്ടെത്തി. എല്ലുകളുടെ ബലം മെച്ചപ്പെടുത്തുന്നതിന് ദിവസവും 10 മിനിറ്റ് സ്കിപ്പിങ് ചെയ്യണമെന്ന് 2019 ൽ കൊറിയൻ സൊസൈറ്റി ഫോർ ബോൺ ആൻഡ് മിനറൽ റിസർച്ച് നിർദേശിച്ചു.