പ്രതിരോധശേഷി, ഹീമോഗ്ലോബിൻ, പ്രമേഹം, ഹൃദയാരോഗ്യം എന്നിവ വർധിപ്പിക്കുന്നതിന് മാതള നാരങ്ങ മികച്ചതാണ്. വാർധക്യ പ്രക്രിയ മന്ദഗതിയിലാക്കുന്ന ഘടകങ്ങൾ മാതള നാരങ്ങയിലുണ്ടെന്ന് പുതിയ ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ചുരുക്കം ചില സൂപ്പർഫുഡുകളിൽ ഒന്നാണിത്.
ഗ്രീൻ ടീ അല്ലെങ്കിൽ റെഡ് വൈൻ എന്നിവയെക്കാൾ ഏകദേശം മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകൾ മാതളത്തിൽ അടങ്ങിയിട്ടുണ്ട്. മാതള നാരങ്ങയിലെ പോളിഫെനോൾ സംയുക്തങ്ങളായ പ്യൂണികലാജിൻസ് ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. മാതള നാരങ്ങ ചർമ്മത്തിലെ ഓക്സിഡേറ്റീവ് കേടുപാടുകൾ തടയാനും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും ചുളിവുകൾ തടയാനും മൈക്രോ സർക്കുലേഷൻ വർധിപ്പിക്കാനും സഹായിക്കുന്നു. ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്ന ഗ്ലൂട്ടത്തയോൺ ഉൽപ്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഈ പഴം സഹായിക്കുന്നു.
മാതള നാരങ്ങയ്ക്ക് വാർധക്യം വൈകിപ്പിക്കുന്ന ഘടകങ്ങളുണ്ടെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 2021-ൽ തായ്‌വാനിൽ നിന്നുള്ള ഒരു ഗവേഷണം, പുളിപ്പിച്ച മാതളനാരങ്ങ ദിവസേന കഴിക്കുന്നത് ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്നും ചർമ്മത്തെ മന്ദഗതിയിലാക്കുന്നതിൽ നിന്നും എങ്ങനെ സംരക്ഷിക്കുമെന്ന് കാണിക്കുന്നു. മാതള നാരങ്ങയിലെ ഒരു തന്മാത്ര വാർധക്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ പേശി കോശങ്ങളെ എങ്ങനെ പ്രാപ്തമാക്കുന്നുവെന്ന് 2016-ലെ മറ്റൊരു ഗവേഷണം കാണിച്ചു.
കൊളസ്ട്രോളും ഹൃദയാരോഗ്യവും
പേശികളെ ശക്തിപ്പെടുത്തുന്ന ഗുണങ്ങൾ മാതള നാരങ്ങയെ ഹൃദയാരോഗ്യത്തിനുള്ള സൂപ്പർഫുഡാക്കി മാറ്റുന്നു. പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ് മാതള നാരങ്ങ ജ്യൂസ്. ആരോഗ്യകരമായ പേശികളുടെ പ്രവർത്തനത്തിനും ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനുമുള്ള ഒരു പ്രധാന ഇലക്ട്രോലൈറ്റാണിത്. ഇവയിൽ ടാന്നിൻ, ആന്തോസയാനിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആന്റി-അഥെറോജെനിക് ഗുണങ്ങളുണ്ട്. മാത്രമല്ല, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ എൽഡിഎൽ, ചീത്ത കൊളസ്ട്രോൾ എന്നിവയുടെ ഓക്സിഡേഷൻ മന്ദഗതിയിലാക്കുന്നു, ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നു.
ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ട്രൈഗ്ലിസറൈഡുകളെ തടയാൻ മാതള നാരങ്ങയ്ക്ക് കഴിയുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിലെ പൊട്ടാസ്യവും മഗ്നീഷ്യവും ഹൈപ്പർടെൻഷനും രക്തസമ്മർദവും (ബിപി) കുറയ്ക്കാൻ സഹായിക്കുന്നു.
പ്രമേഹവും ശരീര ഭാരവും
മാതള നാരങ്ങയിൽ കലോറിയും കൊഴുപ്പും കുറവാണെങ്കിലും നാരുകൾ കൂടുതലാണ്. ഇത് ഭക്ഷണം സാവധാനത്തിൽ വിഘടിപ്പിക്കുന്നതിനും ദീർഘനേരം സംതൃപ്തി നിലനിർത്തുന്നതിനും സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം തടയുന്നതിനും ചികിത്സിക്കുന്നതിനും മാതള നാരങ്ങ സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ലേഖനം എഴുതിയത് ഷബാന പർവീൻ