ശരീരഭാരം കുറയ്ക്കാൻ പപ്പായ കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി പോഷകങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, അധിക ശരീര ഭാരം നഷ്ടപ്പെടുത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമവും കർശനമായ വ്യായാമവും ആവശ്യമാണ്. ശരീരഭാരം കൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്.
ശരീരഭാരം കൂടുന്നതിലേക്ക് നയിക്കുന്ന പല ഘടകങ്ങളിൽ ഒന്നാണ് മോശം ദഹനാരോഗ്യം. അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക, അമിതമായ മദ്യപാനം, പുകവലി, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാതിരിക്കുക എന്നിവ ദഹനവ്യവസ്ഥയെ ദുർബലമാക്കുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്യുന്നു. തൽഫലമായി, മെറ്റബോളിസം മന്ദഗതിയിലാകുന്നു, ഇത് ശരീരഭാരം വർധിപ്പിക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ പപ്പായ സഹായിക്കും.
പപ്പായ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നതെങ്ങനെ?
- പപ്പായ ദഹനം മെച്ചപ്പെടുത്തുകയും മലവിസർജന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദഹനക്കേട് നേരിടുന്നവരിൽ ഓസ്ട്രേയൻ ശാസ്ത്രജ്ഞർ ഒരു പഠനം നടത്തി. ഇവർക്ക് കഴിക്കാൻ പപ്പായ നൽകി. ഇവരിൽ മോശം ദഹനാരോഗ്യത്തിന്റെ ലക്ഷണങ്ങളായ വയറുവേദന, മലബന്ധം, നെഞ്ചെരിച്ചിൽ എന്നിവ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി.
- പ്രോട്ടീനുകളെ ദഹിപ്പിക്കാനും കുടൽ ഭിത്തികൾ വൃത്തിയാക്കാനും സഹായിക്കുന്ന ദഹന എൻസൈമായ പപ്പൈൻ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ദഹനവ്യവസ്ഥ ശരിയായി പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ, ശരീരത്തിന്റെ ഉപാപചയ നിരക്ക് വർധിക്കുകയും കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- പപ്പായയിൽ കലോറി കുറവാണ്. എന്നാൽ, വിറ്റാമിൻ സി, വിറ്റാമിൻ എ, ഫോളേറ്റ്, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. പപ്പായയിൽ നല്ല അളവിൽ വെള്ളവും നാരുകളും അടങ്ങിയിട്ടുണ്ട്. ഫൈബർ കുടലിൽ വെള്ളം നിലനിർത്താൻ സഹായിക്കുന്നു, അതുവഴി മലബന്ധം തടയുന്നു. ഇത് കൊഴുപ്പ് തന്മാത്രകളുമായി യോജിക്കുകയും കൊഴുപ്പ് ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു.
- ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റായ ബീറ്റാ കരോട്ടിന്റെ നല്ലൊരു ഉറവിടമാണ് പപ്പായ. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി, മെറ്റബോളിസം വർധിപ്പിക്കുകയും ഹൃദ്രോഗം തടയുകയും ചെയ്യുന്നു.
ശരീര ഭാരം കുറയ്ക്കാൻ പപ്പായ കഴിക്കേണ്ട വിധം
- പപ്പായ കഴുകി വൃത്തിയാക്കിയശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കഴിക്കുക.
- പ്രഭാതഭക്ഷണമായി പപ്പായ സ്മൂത്തി കഴിക്കുക. സ്മൂത്തി തയ്യാറാക്കാൻ എളുപ്പമാണ്. കഷ്ണങ്ങളാക്കി മുറിച്ച പപ്പായയിൽ പാലും തൈരും ചേർത്ത് മിക്സ് ചെയ്യുക അല്ലെങ്കിൽ ജ്യൂസ് ആക്കുക. ഇതിനൊപ്പം നിങ്ങൾക്ക് ഇഷ്ടപ്പെട്ട മറ്റു പഴങ്ങളും ചേർക്കാം. സ്മൂത്തിക്ക് കട്ടി വേണമെന്നുണ്ടെങ്കിൽ ഏത്തപ്പഴം കൂടി ചേർക്കാം.
- പപ്പായ ഉപയോഗിച്ചുള്ള ഫ്രൂട്ട് സാലഡും പരീക്ഷിക്കാവുന്നതാണ്.
- പപ്പായ മാത്രം കഴിച്ചതുകൊണ്ട് ശരീര ഭാരം കുറയില്ല. അതിനൊപ്പം ശരിയായ ഡയറ്റും ഭക്ഷണക്രമവും ആവശ്യമാണ്.
പപ്പായ രാത്രിയിൽ കഴിക്കാമോ?
പപ്പായ രാത്രിയിൽ കഴിക്കാം. ഇതിലെ നാരുകളുടെ ഉയർന്ന ഉള്ളടക്കം മലബന്ധം തടയും. ഭക്ഷണം കഴിഞ്ഞ് 4-5 മണിക്കൂറിനുശേഷമേ പഴങ്ങൾ കഴിക്കാവൂ. അതിന് അനുസരിച്ച് അത്താഴം പ്ലാൻ ചെയ്യുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.