scorecardresearch

ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമോ? ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയിൽ പലരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്‌ട്രോൾ

ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയിൽ പലരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്‌ട്രോൾ

author-image
Health Desk
New Update
Oats

Image Source: Freepik

നമ്മുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ് ഓട്‌സ്. വൈറ്റമിനുകൾ, മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ, കൂടാതെ വീക്കം തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഓട്‌സ്.

Advertisment

ഓട്‌സിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിലടങ്ങിയിരിക്കുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകളാണ്. ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ, ഓട്‌സ് കഴിക്കുന്നത് ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാനും അതുവഴി കാലറി ഉപഭോഗം കുറച്ച് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ, കാർബോഹൈഡ്രേറ്റുകൾ ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിനാൽ പ്രമേഹരോഗികൾക്കും ഇത് മികച്ച തിരഞ്ഞെടുപ്പാണ്.

Also Read: ആറുമാസം പാൽ കാപ്പിക്ക് പകരം കട്ടൻ കാപ്പി കുടിച്ചാൽ എന്ത് സംഭവിക്കും?

ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയിൽ പലരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്‌ട്രോൾ. രക്തത്തിലെ 'ചീത്ത കൊളസ്‌ട്രോൾ' അഥവാ എൽഡിഎൽ വർധിക്കുന്നത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. ഈ സാഹചര്യത്തിൽ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് ഓട്‌സ്. ഇതിന് സഹായിക്കുന്നത് ഓട്‌സിലെ ബീറ്റാ-ഗ്ലൂക്കൻ എന്ന ഘടകമാണ്.

എന്നാൽ വെറുതെ ഓട്‌സ് കഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അതിന്റെ ഗുണങ്ങൾ പൂർണ്ണമായി ലഭിക്കാൻ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

1. ശരിയായ ഓട്‌സ് തിരഞ്ഞെടുക്കാം

വിപണിയിൽ ഇന്ന് പലതരത്തിലുള്ള ഓട്‌സുകൾ ലഭ്യമാണ്. പെട്ടെന്ന് വേവുന്ന 'ഇൻസ്റ്റന്റ് ഓട്‌സ്' മിക്കപ്പോഴും അമിതമായി സംസ്‌കരിച്ചവയായിരിക്കും. പകരം സ്റ്റീൽ കട്ട് ഓട്‌സോ റോൾഡ് ഓട്‌സോ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇവയിൽ നാരുകൾ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ കൂടുതൽ ഫലപ്രദമാണ്.

Also Read: രാത്രിയിൽ തൈര് കഴിക്കാമോ? നമ്മൾ വിശ്വസിക്കുന്ന 7 തെറ്റായ കാര്യങ്ങൾ

2. മധുരവും കൃത്രിമ രുചികളും ഒഴിവാക്കാം 

പലരും ഓട്‌സ് രുചികരമാക്കാൻ പഞ്ചസാരയോ കൃത്രിമ സിറപ്പുകളോ ചേർക്കാറുണ്ട്. ഇത് ഓട്‌സിന്റെ ഗുണം ഇല്ലാതാക്കുകയും ശരീരത്തിലെ കാലറി വർധിപ്പിക്കുകയും ചെയ്യും. പഞ്ചസാരയ്ക്ക് പകരം സ്വാഭാവിക മധുരത്തിനായി ആപ്പിൾ, സ്ട്രോബെറി പോലുള്ള പഴങ്ങൾ ചേർക്കാവുന്നതാണ്. ഇത് ശരീരത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകൾ നൽകാനും സഹായിക്കും.

3. പ്രോട്ടീനും ഹെൽത്തി ഫാറ്റും ചേർക്കാം 

ഓട്‌സിനൊപ്പം അൽപം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കൂടി ഉൾപ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും ഊർജം നിലനിർത്താനും സഹായിക്കും. ഓട്‌സിനൊപ്പം ഒരു പിടി നട്‌സ് (ബദാം, വാൽനട്ട്) അല്ലെങ്കിൽ ചിയാ സീഡ്‌സ് എന്നിവ ചേർക്കുന്നത് ഹൃദയാരോഗ്യത്തിന് ഇരട്ടി ഗുണം നൽകും.

Also Read: കൂടുതൽ തവണ മൂത്രമൊഴിക്കുക, തണുപ്പ് അനുഭവപ്പെടുക: വണ്ണം കുറയുമ്പോൾ ശരീരം കാണിക്കുന്ന 'വിചിത്രമായ' ലക്ഷണങ്ങൾ

ദിവസവും കൃത്യമായ അളവിൽ ഓട്‌സ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഒഴിവാക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പോക്കറ്റും കീറില്ല, ആരോഗ്യവും കൂടും; ബ്ലൂബെറിയെ വെല്ലുന്ന നമ്മുടെ സ്വന്തം 'സൂപ്പർ ഫ്രൂട്ട്'

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: