വേനൽക്കാലത്ത് ആസ്വദിക്കാവുന്ന രുചികരവും ഉന്മേഷദായകവുമായ പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ പ്രകൃതിദത്തമായ പഞ്ചസാര കൂടുതലാണെന്നത് ശരിയായ കാര്യമാണ്. എന്നാൽ, മിതമായ അളവിൽ കഴിക്കുകയും മൊത്തത്തിലുള്ള കലോറിയുടെ ഉപഭോഗം കണക്കിലെടുത്ത് ഭക്ഷണത്തിന്റെ ഭാഗമാക്കുകയും ചെയ്താൽ പ്രമേഹമുള്ളവർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ഓപ്ഷനാണ് തണ്ണിമത്തനെന്ന് പറയുകയാണ് മുംബൈയിലെ സർ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ എൻഡോക്രൈനോളജിസ്റ്റ് സൊനാലി ശിവജി കാഗ്നേ.
തണ്ണിമത്തനിൽ കലോറി കുറവാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ്. കൂടാതെ, നല്ല അളവിൽ നാരുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ സമീകൃതാഹാരത്തിന്റെ ഭാഗമായുള്ള മികച്ച ഓപ്ഷനാണ്. കാൻസർ, ഹൃദ്രോഗം എന്നിവയിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുന്ന ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഫോളേറ്റ്, പൊട്ടാസ്യം, ഫൈറ്റോകെമിക്കലുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഇതിൽ 92 ശതമാനം വെള്ളമാണ്. അതിനാൽ ദഹനത്തെ സഹായിക്കുന്നു.
തണ്ണിമത്തൻ പ്രമേഹരോഗികൾക്കും പ്രമേഹ സാധ്യതയുള്ളവർക്കും കഴിക്കാമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. 72 ഗ്ലൈസെമിക് സൂചിക (ജിഐ) 72 ആണ്. എന്നാൽ 92 ശതമാനം വെള്ളവും നാരുകളാൽ സമ്പുഷ്ടവുമാണ്. അതിനാൽ ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും വിശപ്പിനെ അകറ്റി നിർത്തുന്നതിലൂടെ കലോറി ഉപഭോഗം നിയന്ത്രിക്കുകയും ചെയ്യുന്നു. തണ്ണിമത്തന് 120 ഗ്രാമിന് അഞ്ച് എന്ന അളവിൽ ഗ്ലൈസെമിക് ലോഡ് (GL) വളരെ കുറവാണ്. ഭക്ഷണത്തിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തിൽ ഉയരുന്നുവെന്നതിന്റെ അളവുകോലാണ് ഗ്ലൈസെമിക് സൂചിക
കുറഞ്ഞ ജിഐ സൂചികയുള്ള ഭക്ഷണങ്ങൾ പ്രമേഹമുള്ളവർക്ക് മികച്ചതായി കണക്കാക്കപ്പെടുന്നു. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എത്ര വേഗത്തിൽ ഉയർത്തുന്നുവെന്നത് കണക്കാക്കുന്ന ഒരു അളവാണ് ഗ്ലൈസെമിക് ലോഡ്. തണ്ണിമത്തന്റെ ജിഎൽ അഞ്ച് മാത്രമാണ്. ഉയർന്ന ജിഐ ആണെങ്കിൽ പഞ്ചസാര വേഗത്തിൽ രക്തത്തിൽ പ്രവേശിക്കുന്നു. എന്നാൽ, അതിൽ അത്രയും അധികം പഞ്ചസാര ഇല്ല. തണ്ണിമത്തൻ ജ്യൂസിനെക്കാൾ മുഴുവനായി കഴിക്കുന്നതാണ് പ്രമേഹരോഗികൾക്ക് സുരക്ഷിതം.
300 ഗ്രാം തണ്ണിമത്തൻ 15 ഗ്രാം കാർബോഹൈഡ്രേറ്റിന് തുല്യമാണ്. കാർബോഹൈഡ്രേറ്റ് കണക്കാക്കേണ്ടത് ആവശ്യമാണ്. എങ്കിൽ മാത്രമേ തണ്ണിമത്തൻ ഒരു ദിവസത്തെ മൊത്തം കാർബോഹൈഡ്രേറ്റ് അളവിന്റെ ഭാഗമാക്കാൻ കഴിയൂ. അതായത് നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് 15 ഗ്രാം കാർബോഹൈഡ്രേറ്റ് എടുക്കുക. ചില ഭക്ഷണ ഇനങ്ങൾ ഒഴിവാക്കി അവയ്ക്കു പകരം പഴങ്ങൾ ഉൾപ്പെടുത്തുക. തണ്ണിമത്തന്റെ നിയന്ത്രിത അളവിൽ കഴിക്കുന്നത് മധുരമുള്ള എന്തെങ്കിലും കഴിക്കാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തും.
തണ്ണിമത്തൻ ജ്യൂസ് കഴിക്കുമ്പോൾ ശ്രദ്ധിക്കുക. ഇവയിൽ ഉയർന്ന ഗ്ലൈസെമിക് ലോഡ് ഉണ്ട്. പ്രമേഹമുള്ളവർ പഞ്ചസാരയുടെ അളവും കാർബോഹൈഡ്രേറ്റുകളോടുള്ള വ്യക്തിഗത സഹിഷ്ണുതയും അനുസരിച്ച് അവയുടെ അളവ് നിയന്ത്രിക്കണം.
ആപ്പിൾ, ഓറഞ്ച്, മുന്തിരി, ചെറി, പേരക്ക തുടങ്ങിയ കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങൾ പ്രമേഹരോഗികൾക്ക് കഴിക്കുന്നത് സുരക്ഷിതമാണ്. മാത്രമല്ല, ടൈപ്പ് 2 പ്രമേഹം കുറയ്ക്കുന്നതിന് വളരെ ഉപയോഗപ്രദമാണ്. ബ്ലൂബെറിയും സ്ട്രോബെറിയും ആന്റി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, കെ, നാരുകൾ, പൊട്ടാസ്യം, മാംഗനീസ് എന്നിവ ശരീരത്തിന് നൽകുന്നു. തക്കാളിയിൽ വിറ്റാമിൻ സി, ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അസംസ്കൃതമായോ സോസ് ആയോ കഴിക്കാം. ഭക്ഷണത്തിൽ കുറഞ്ഞ ജിഐ ഇനങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, കാർബോഹൈഡ്രേറ്റുകളുടെ എണ്ണവും ഭാഗത്തിന്റെ വലുപ്പവും ഒരാൾ ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്.