scorecardresearch
Latest News

പ്രമേഹമുളള ഒരാൾക്ക് എത്ര അളവ് ചോറ് കഴിക്കാം?

പ്രമേഹമുള്ള ഒരാൾ കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കാൻ ഒരിക്കലും ശുപാർശ ചെയ്യുന്നില്ല

പ്രമേഹമുളള ഒരാൾക്ക് എത്ര അളവ് ചോറ് കഴിക്കാം?

മിക്ക പ്രമേഹരോഗികളും തങ്ങൾക്ക് കഴിക്കാൻ കഴിയുന്ന കാർബോഹൈഡ്രേറ്റിന്റെ അളവിലും ചോറും ഗോതമ്പും കഴിക്കാമോ എന്നതിനെക്കുറിച്ചും ആശയക്കുഴപ്പത്തിലാണ്. പ്രമേഹ രോഗികൾക്ക് കാർബോഹൈഡ്രേറ്റും വളരെ ആവശ്യമാണ്. പക്ഷേ, അവയുടെ അളവും ഗുണനിലവാരവും നോക്കണം.

പ്രമേഹമുള്ള ഒരു വ്യക്തിക്ക്, ഒരു ദിവസത്തെ മൊത്തം കിലോ കലോറിയുടെ 40-45 ശതമാനം കാർബോഹൈഡ്രേറ്റുകളാൽ നിറവേറ്റണമെന്ന് ഫോർട്ടിസ് മൊഹാലിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് മേധാവി ഡോ.സോണിയ ഗാന്ധി പറഞ്ഞു.

പ്രമേഹമുള്ള ഒരാൾക്ക് എത്ര അളവ് ചോറ് കഴിക്കാം?. പ്രമേഹമുള്ള ഒരാൾക്ക് കുറഞ്ഞത് 30 ഗ്രാം അരി (അസംസ്കൃതമായി) കഴിക്കാം. ഒരേ കാർബോഹൈഡ്രേറ്റ് അടങ്ങിയ 30 ഗ്രാം ഗോതമ്പ് കൊണ്ടുണ്ടാക്കിയ ചപ്പാത്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ, അരിയിൽ നിന്നുള്ള ഗ്ലൂക്കോസിന്റെ ആഗിരണ നിരക്ക് കൂടുതലാണ്. ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിട്ടുള്ള കലോറിയും പോഷകങ്ങളും മനസിലാക്കുന്നതിന് അവയിലെ ലേബൽ വായിച്ചു നോക്കണമെന്നും ഡോ.ഗാന്ധി ആവശ്യപ്പെട്ടു.

ഒരു വ്യക്തിയുടെ ഉയരം, ഭാരം, വ്യായാമ രീതികൾ, മരുന്നുകളുടെ അളവ് എന്നിവയെ ആശ്രയിച്ച്, ഒരു വ്യക്തിക്ക് ഒരു ദിവസം മുഴുവൻ വേണ്ടിവരുന്ന കാർബോഹൈഡ്രേറ്റുകളുടെയോ കലോറിയുടെയോ ആകെ എണ്ണം, മൂല്യം വ്യത്യാസപ്പെടാമെന്നും അവർ പറഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിലാക്കാൻ പ്രമേഹമുള്ള ഒരാൾക്ക് കഴിക്കാൻ കഴിയുന്ന കാർബോഹൈഡ്രേറ്റ്/കലോറിയുടെ ശരിയായ എണ്ണം കണ്ടെത്താൻ കഴിയും. കൃത്യമായ ഇടവേളകളിൽ ചെറിയ അളവിൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്നതിലൂടെ ഇത് സാധ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ചോറിന്റെ ശരിയായ അളവ് എത്ര?

പ്രമേഹമുള്ള ഒരാൾ കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കാൻ ഒരിക്കലും ശുപാർശ ചെയ്യുന്നില്ലെന്ന് ഡോ.ഗാന്ധി പറഞ്ഞു. കാർബോഹൈഡ്രേറ്റുകളുടെ അളവും ഗുണനിവലാരവും ശ്രദ്ധിക്കണം. പഞ്ചസാര, മൈദ, ഉരുളക്കിഴങ്ങ്, ഏത്തപ്പഴം, ശർക്കര, തേൻ, ജ്യൂസുകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയ കാർബോഹൈഡ്രേറ്റുകളേക്കാൾ ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ എപ്പോഴും നിർദേശിക്കുന്നു. പോർഷൻ എക്സ്ചേഞ്ച് പ്രകാരം 30 ഗ്രാം അരി 20 ഗ്രാം കാർബോഹൈഡ്രേറ്റ് നൽകുന്നു. പ്രമേഹമുള്ള ഒരു വ്യക്തിക്ക് ഗ്രാം അളവിലാണ് കാർബോഹൈഡ്രേറ്റ് നിർദേശിക്കുന്നത്. അതിനാൽ, 30 ഗ്രാം അസംസ്കൃത അല്ലെങ്കിൽ വേവിക്കാത്ത അരിയാണ് കഴിക്കാൻ കഴിയുക.

മട്ട അരിയാണോ നല്ലത്

വെള്ള അരിയുമായി (.4 ഗ്രാം) താരതമ്യം ചെയ്യുമ്പോൾ മട്ട അരിയിൽ (1.8 ഗ്രാം) ഫൈബർ ഉള്ളടക്കം കൂടുതലാണെന്ന് ഡോ.ഗാന്ധി പറഞ്ഞു. എന്നാൽ കാർബൈഹൈഡ്രേറ്റ് അളവിൽ വെള്ള അരിയും മട്ട അരിയും തമ്മിൽ വലിയ വ്യത്യാസമില്ല. ”പച്ചക്കറികളും പയർവർഗങ്ങളും ചോറിൽ ചേർക്കുന്നതും അരിയുടെ ഒരു ഭാഗം ബീൻസുമായി സംയോജിപ്പിക്കുന്നതും ഭക്ഷണത്തിന്റെ പോഷകമൂല്യം വർധിപ്പിക്കുന്നു. അതായത്, ചോറിൽ കിച്ചടിയുടെയോ പുലാവിന്റെയോ രൂപത്തിൽ കൂടുതൽ പച്ചക്കറികൾ ചേർക്കുന്നത് അല്ലെങ്കിൽ ഓട്‌സ്, ഗോതമ്പ്, തുടങ്ങിയ ചില ധാന്യങ്ങൾ ഉപയോഗിച്ച് പകരം വയ്ക്കുക,” അവർ പറഞ്ഞു.

അതുപോലെ ഡയറ്റ് നോക്കുന്നവർ ഭക്ഷണത്തിന്റെ ഗ്ലൈസമിക് സൂചികയും (GI) പരിഗണിക്കുക. ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റുകളെ ശരീരം എത്ര വേഗത്തിൽ ഗ്ലൂക്കോസാക്കി മാറ്റുന്നുവെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള മാറ്റവും കണക്കാക്കുന്ന ഒരു സ്കെയിൽ (0 മുതൽ 100 വരെ) ആണ് GI. മൈദ കൊണ്ടുണ്ടാക്കിയ മധുരപലഹാരങ്ങൾ, പാനീയങ്ങൾ, കേക്കുകൾ, പേസ്ട്രികൾ എന്നിവ കാർബോഹൈഡ്രേറ്റുകളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ഗ്ലൂക്കോസായി മാറുന്നു. ”ഉയർന്ന ഗ്ലൈസെമിക് റാങ്കിലാണ് അരിയെ തരംതിരിച്ചിരിക്കുന്നത്, അതായത് 70 അല്ലെങ്കിൽ അതിൽ കൂടുതൽ.”

അരി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അരി തിരഞ്ഞെടുക്കുമ്പോൾ നിറം, ഘടന, മായം ചേർക്കൽ, മൊത്തത്തിലുള്ള ഗുണനിലവാരം എന്നിവ പോഷക വീക്ഷണകോണിൽ നിന്ന് ശ്രദ്ധിക്കണമെന്ന് ഡോ.ഗാന്ധി പറയുന്നു. “നാരുകൾ, അധിക വിറ്റാമിനുകൾ, മറ്റ് ചില മൂലകങ്ങൾ എന്നിവ പോലുള്ള അധിക പോഷകങ്ങളെക്കുറിച്ച് അറിയുമ്പോഴാണ് ഒരാൾക്ക് ആരോഗ്യകരമായ അരി തിരഞ്ഞെടുക്കാനാകുക.”

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How much rice can a diabetic have is brown rice better than white rice