നമ്മുടെ ശരീരത്തിൽ ജലത്തിന്റെ അംശം കൂടുതലാണെന്ന് നമ്മൾക്ക് അറിയാം. എന്നാൽ ശരീരത്തിൽ യഥാർത്ഥത്തിൽ എത്ര ജലം ഉണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ഘടന ഒരാളുടെ പ്രായവും ലിംഗഭേദവും അനുസരിച്ച് വ്യത്യാസപ്പെടുന്നു.
നമ്മുടെ ശരീരത്തിൽ രക്തം പോലുള്ള ശാരീരിക ദ്രാവകങ്ങളും പ്ലാസ്മയും (90 ശതമാനം വെള്ളവും അടങ്ങിയിരിക്കുന്നു), പേശികളും ടിഷ്യുകളും അടങ്ങുന്നു. ശിശുക്കളിൽ ജലത്തിന്റെ ശതമാനം വളരെ കൂടുതലാണ്, ഏകദേശം 75-78 ശതമാന ജലം അടങ്ങുന്നു.
ഒരു വയസ്സ് ആകുമ്പോൾ അത് 65 ശതമാനമായി കുറയുന്നു. എന്നാൽ നമ്മുടെ ശരീരത്തിൽ വെള്ളം യഥാർത്ഥത്തിൽ എന്ത് പങ്കാണ് വഹിക്കുന്നത്? എന്തുകൊണ്ടാണ് നമ്മുടെ ശരീരം കൂടുതലും ജലത്താൽ നിർമ്മിതമായിരിക്കുന്നത്?
മനുഷ്യശരീരം സങ്കീർണ്ണമായ സംവിധാനങ്ങളുടെയും സങ്കീർണ്ണമായ പ്രക്രിയകളുടെയും സംയോജനമാണ്, ജലമാണ് അതിന്റെ കേന്ദ്രം. “ജീവൻ നിലനിർത്തുന്നതുന്ന ഘടകങ്ങളിലൊന്നാണ് ജലം. അവ ശരീരത്തിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നു. പൊതുവായ ആരോഗ്യത്തിലും പ്രവർത്തനത്തിലും ജലത്തിന്റെ നിർണായകമായ ഉത്തരവാദിത്തത്തിൽ നിന്നാണ് ഈ സവിശേഷത ഉണ്ടാകുന്നത്. ഇത് നമ്മുടെ ശരീരത്തിലെ സന്തുലിതാവസ്ഥ നിലനിർത്തുകയും ജൈവ പ്രക്രിയകൾക്ക് മാധ്യമമായി പ്രവർത്തിക്കുകയും താപനില നിയന്ത്രണം, ലൂബ്രിക്കേഷൻ, മാലിന്യ നിർമാർജനം, ഇലക്ട്രോലൈറ്റ് ബാലൻസ് എന്നിവയിൽ സഹായിക്കുകയും ചെയ്യുന്ന പ്രധാന ഘടകമാണ്,” ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ബബിന എൻഎം പറയുന്നു.
നമ്മുടെ ശരീരത്തിലെ ജലത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ച ഡോ. ബബിന ശരീരത്തിൽ ഒപ്റ്റിമൽ ഹൈഡ്രേഷൻ അളവ് നിലനിർത്തേണ്ടത് ആവശ്യമാണെന്ന് പറഞ്ഞു.
“കോശങ്ങളിലേക്ക് പോഷകങ്ങൾ എത്തിക്കുന്നതിനും ശരീര താപനില നിയന്ത്രിക്കുന്നതിനും മൂത്രത്തിലൂടെയും വിയർപ്പിലൂടെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. ജലം ഒരു സാർവത്രിക ലായകമാണ്. ഇത് നമ്മുടെ ശരീരത്തിൽ രാസപ്രക്രിയകൾക്ക് സഹായിക്കുന്നു. ഇത് പോഷകങ്ങളും ധാതുക്കളും വാതകങ്ങളും കോശങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. അങ്ങനെ ഉപാപചയ പ്രക്രിയകളെ സഹായിക്കുന്നു,” വിദഗ്ധ പറയുന്നു.
കൂടാതെ, നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും വെള്ളം സഹായിക്കുമെന്ന് ഡോ.ബബിന പറഞ്ഞു. “ഇത് ഭക്ഷ്യകണങ്ങളുടെ തകർച്ചയ്ക്കും കുടൽ മതിലിലൂടെ പോഷകങ്ങളുടെ ഗതാഗതത്തിനും ദഹനവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിനും സഹായിക്കുന്നു. മാത്രമല്ല, സോഡിയം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ നമ്മുടെ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും ഇത് സഹായിക്കുന്നു. ”
വിയർപ്പ്, മൂത്രമൊഴിക്കൽ, ശ്വസനം, ദഹനം തുടങ്ങിയ വിവിധ പ്രക്രിയകളിലൂടെ ദിവസം മുഴുവൻ ജലം നഷ്ടപ്പെടുന്നതിനാൽ ശരീരത്തിൽ ജലാംശം ഉറപ്പാക്കേണ്ടത് ഉറപ്പാണ്.
“ആവശ്യമായ ജലാംശം ഉറപ്പാക്കാൻ ജല ഉപഭോഗത്തിന്റെ ശരിയായ ബാലൻസ് നിലനിർത്തേണ്ടത് പ്രധാനമാണ്. കാലാവസ്ഥ, ശാരീരിക പ്രവർത്തന നില, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ആവശ്യമായ ജലത്തിന്റെ അളവ് വ്യത്യാസപ്പെടുന്നു. പ്രതിദിനം ഏകദേശം 8 കപ്പ് (64 ഔൺസ്) വെള്ളം കുടിക്കുക എന്നതാണ് ഒരു പൊതു മാർഗ്ഗനിർദ്ദേശം. എന്നാൽ വ്യക്തികളുടെ ശാരീരിക ആവശ്യങ്ങൾ അനുസരിച്ച് ഇതിൽ മാറ്റം വരാം,” ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സ്ഥാപക ഡയറക്ടർ ഡോ. ഷുജിൻ ബജാജ് ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
എന്നിരുന്നാലും, ശരീരത്തിലെ അധിക ജലം വാട്ടർ ഇൻടോക്സിക്കേഷൻ അല്ലെങ്കിൽ ഹൈപ്പോനാട്രീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. “ആവശ്യമായ ഇലക്‌ട്രോലൈറ്റ് ബാലൻസ് ഇല്ലാതെ അമിതമായി വെള്ളം കുടിക്കുമ്പോൾ, സോഡിയം പോലുള്ള ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളുടെ സാന്ദ്രത നേർപ്പിക്കാൻ കഴിയും. ഇത് കോശങ്ങളുടെയും അവയവങ്ങളുടെയും സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഇവ ഓക്കാനം, തലവേദന, അപസ്മാരം, ഗുരുതരമായ കേസുകളിൽ കോമ അല്ലെങ്കിൽ മരണം തുടങ്ങിയവയിലേക്ക് നയിക്കുന്നു. എന്നിരുന്നാലും, ഈ അവസ്ഥ താരതമ്യേന അപൂർവമാണെന്നും അമിത ജലാംശത്തിന്റെ സന്ദർഭങ്ങളിലാണ് ഇത് സംഭവിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്, ”ഡോ ഷുജിൻ പറഞ്ഞു.
“തീവ്രമായ ശാരീരിക പ്രവർത്തനങ്ങളിലൂടെയോ വയറിളക്കം അല്ലെങ്കിൽ ഛർദ്ദി പോലുള്ള ചില മെഡിക്കൽ അവസ്ഥകളിലൂടെയോയുള്ള അമിതമായ ജലനഷ്ടം നിർജ്ജലീകരണത്തിന് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും നിലനിർത്താൻ ശരിയായ ജലാംശം അത്യാവശ്യമാണ്,” ഡോ.ഷുജിൻ പറഞ്ഞു.