മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് കാപ്പി കുടിച്ചുകൊണ്ടാണ്. ഫ്രെഷായി ഉണ്ടാക്കിയ കാപ്പിയുടെ ഗന്ധത്തിന് നിരവധി പേരുടെ മുഖങ്ങളിൽ പുഞ്ചിരി വിടർത്താനും ആവശ്യമായ ഊർജ്ജം നൽകാനും സാധിക്കും. മറ്റെല്ലാത്തിനെയും പോലെ കാപ്പിക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
കാപ്പി കുടിക്കുന്നതിലൂടെ നിരവധി ഗുണങ്ങളുണ്ടെങ്കിലും, ചില ആളുകൾക്ക് കഫീൻ ഉപഭോഗത്തിന്റെ അളവ് അനുസരിച്ച് ചില പാർശ്വഫലങ്ങളും അനുഭവപ്പെടാറുണ്ട്. അതിനാൽ, കാപ്പി കുടിക്കുന്നത് അമിതമാകാതെ ശ്രദ്ധിക്കണം.
ന്യൂട്രീഷ്യനിസ്റ്റ് റാഷി ചൗധരി കാപ്പിയുടെ വിവിധ ഗുണങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിശദീകരിച്ചിട്ടുണ്ട്. കാപ്പി ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു, കൂടാതെ ഊർജ നില വർധിപ്പിക്കും. ഹൃദയാരോഗ്യത്തിന് 250 മില്ലിഗ്രാം ആരോഗ്യപരമാണെന്ന് കണക്കാക്കുന്നു. എങ്കിലും, കാപ്പിയുടെ ഉപഭോഗം പലരിലും വ്യത്യസ്തമായിരിക്കും.
മിക്ക ആളുകൾക്കും, 400 മില്ലിഗ്രാം കഫീൻ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. എങ്കിലും, പാർശ്വഫലങ്ങൾ ഒഴിവാക്കാൻ ഇത് 200 മില്ലിഗ്രാമായി കുറയ്ക്കണമെന്ന് അവർ നിർദേശിച്ചു. ഗർഭിണികൾക്കും ഇത് ബാധകമാണ്. ഉറങ്ങുന്നതിന് 4-6 മണിക്കൂർ മുൻപ് കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.
കാപ്പിയുടെ ഉപഭോഗം കുറയ്ക്കാൻ ചില സിംപിൾ വഴികളും ന്യൂട്രീഷ്യണലിസ്റ്റ് പങ്കുവച്ചിട്ടുണ്ട്
- ഒരു ദിവസത്തെ നിങ്ങളുടെ കഫീൻ ഉപഭോഗം എത്രയാണെന്ന് എഴുതി സൂക്ഷിക്കുക. സംസ്കരിച്ച ഭക്ഷണം, പാനീയങ്ങൾ തുടങ്ങിയ കഫീൻ മറഞ്ഞിരിക്കുന്ന ഉറവിടങ്ങളും കണ്ടെത്തുക.
- ക്രമേണ കുറയ്ക്കുക. ശരീരത്തിന് പതുക്കെ ഇത് ശീലിക്കാൻ അവസരം നൽകുക.
- ഹെർബൽ ടീ ശ്രമിക്കുക.
- നിങ്ങളുടെ മരുന്നുകളിൽ കഫീൻ ഉണ്ടോയെന്ന് പരിശോധിക്കുക. ചില വേദനസംഹാരികളിൽ കഫീൻ അടങ്ങിയിട്ടുണ്ട്.