ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ചതാണ് ജീരക വെള്ളം. രാത്രി മുഴുവൻ കുതിർത്ത ജീരകം വെള്ളത്തോടൊപ്പം രാവിലെ കുടിക്കുന്നത് വീക്കം കുറയ്ക്കുകയും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. മൂന്നു ഗ്രാം ജീരകം പൊടിച്ചത് തൈരിനൊപ്പം ദിവസത്തിൽ രണ്ടുതവണ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് കോംപ്ലിമെന്ററി തെറാപ്പിസ് ഇൻ ക്ലിനിക്കൽ പ്രാക്ടീസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ജീരക വെള്ളത്തിന്റെ ഗുണങ്ങൾ
- കലോറി കുറവ്
ഒരു ടീസ്പൂൺ ജീരകത്തിൽ (2.1 ഗ്രാം) 8 കലോറി (2) ഉണ്ട്. അതിനാൽ, ഒരു ഗ്ലാസ് ജീരക വെള്ളം (1 ടീസ്പൂൺ ജീരകപ്പൊടി) കുടിച്ചാൽ അധിക കലോറി ലഭിക്കുന്നില്ല.
- ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു
ജീരക വെള്ളം ഉപാപചയപ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
- ദഹനം മെച്ചപ്പെടുത്തുന്നു
ദഹന എൻസൈമുകളുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിലൂടെ ജീരക വെള്ളം ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നു. മെച്ചപ്പെട്ട ദഹനം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
- ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു
ജീരകം ആന്റിഓക്സിഡന്റുകളുടെ മികച്ച സ്രോതസ്സാണ്. ഹാനികരമായ ഫ്രീ ഓക്സിജൻ റാഡിക്കലുകളെ തുരത്തും. കറുത്ത ജീരകത്തിലെ പ്രധാന ബയോ ആക്ടീവ് ഘടകമായ തൈമോക്വിനോൺ വിഷവസ്തുക്കളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
ശരീര ഭാരം കുറയ്ക്കാൻ ജീരക വെള്ളം കുടിക്കേണ്ടത് എപ്പോഴൊക്കെ?
ശരീര ഭാരം കുറയ്ക്കാനായി ദിവസത്തിൽ മൂന്നു തവണ ജീരക വെള്ളം കുടിക്കണം.
- ആദ്യ ഗ്ലാസ്- രാവിലെ വെറും വയറ്റിൽ
- രണ്ടാമത്തെ ഗ്ലാസ്- ഉച്ചഭക്ഷണത്തിന് 20 മിനിറ്റ് മുൻപ്
- മൂന്നാമത്തെ ഗ്ലാസ്-അത്താഴം കഴിഞ്ഞ് 20 മിനിറ്റിനുശേഷം
ജീരക വെള്ളം ഉപാപചയ നിരക്ക് വർധിപ്പിക്കുന്നതിനും മറ്റ് ദിനചര്യകളുമായി സംയോജിപ്പിച്ചാൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. ഒരു മാസത്തിനുള്ളിൽ 2-4 കിലോ കുറയ്ക്കാം. ഇത് ഒരാളുടെ പ്രായം, ഭാരം, മറ്റു രോഗങ്ങൾ എന്നിവയുമായി വ്യത്യാസപ്പെട്ടിരിക്കും. ജീരക വെള്ളം മാത്രം കുടിച്ചതുകൊണ്ട് ശരീര ഭാരം കുറയില്ല. ഇതിനൊപ്പം സമീകൃതാഹാരം കഴിക്കുകയും ആഴ്ചയിൽ 3-4 തവണ വ്യായാമം ചെയ്യുകയും വേണം. മറ്റെന്തൊക്കെ ചെയ്താലും, ശരീര ഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ജീവിതശൈലിയും വളരെ അത്യാവശ്യമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.