കറുത്ത ഉണക്കമുന്തിരി വളരെ പോഷകഗുണമുള്ളതും ധാരാളം ഔഷധഗുണങ്ങളുമുള്ളതാണ്. കറുത്ത ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് വൃത്തിയുള്ള ചർമ്മം നൽകും, അകാല വാർധക്യം തടയും, അകാല നര തടയും, ചീത്ത കൊളസ്ട്രോളിനെതിരെ പോരാടും, രക്തസമ്മർദം നിയന്ത്രണത്തിലാക്കും. അതിനാൽ, കറുത്ത ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും അവയുടെ ഗുണങ്ങൾ ആസ്വദിക്കുകയും ചെയ്യുക.
ചീത്ത കൊളസ്‌ട്രോളിനെതിരെ പോരാടുന്നു
കറുത്ത ഉണക്കമുന്തിരിയിൽ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല. നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനുകളുടെ (എൽഡിഎൽ) അല്ലെങ്കിൽ ‘മോശം’ കൊളസ്ട്രോളിന്റെ പ്രതികൂല ഫലങ്ങൾ തടയാൻ സഹായിക്കുന്നു. കറുത്ത ഉണക്കമുന്തിരിയിൽ ധാരാളം ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ തെളിയിച്ചിട്ടുണ്ട്, ഇത് കൊളസ്ട്രോൾ വിരുദ്ധ സംയുക്തമാണ്. രക്തപ്രവാഹത്തിൽ നിന്ന് കരളിലേക്ക് എൽഡിഎൽ കൈമാറുകയും ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
അനീമിയയെ അകറ്റി നിർത്തുന്നു
അക്യൂട്ട് അനീമിയ ബാധിച്ച ആളുകൾക്ക് കറുത്ത ഉണക്കമുന്തിരി വളരെയധികം ഗുണം ചെയ്യും. ഈ പഴങ്ങളിലെ ഇരുമ്പിന്റെ അംശം മറ്റ് പല ഇരുമ്പ് അടങ്ങിയ പഴങ്ങളെയും പച്ചക്കറികളെയും അപേക്ഷിച്ച് വളരെ കൂടുതലാണ്. കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കിയാൽ ദൈനംദിന ഇരുമ്പിന്റെ അളവ് എളുപ്പത്തിൽ ലഭിക്കാനും വിളർച്ച ഒഴിവാക്കാനും കഴിയും.
രക്തസമ്മർദം നിയന്ത്രണത്തിലാക്കും
ഉയർന്ന രക്തസമ്മർദം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. എല്ലാ ദിവസവും രാവിലെ കറുത്ത ഉണക്കമുന്തിരി കഴിക്കുക. ഇവയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ സോഡിയത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ ധാതുവാണ്. രക്തസമ്മർദത്തിന് പ്രധാന കാരണം സോഡിയമായതിനാൽ, അത് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
ഓസ്റ്റിയോപൊറോസിസ് ചികിത്സിക്കുന്നു
പൊട്ടാസ്യം കൂടാതെ, കറുത്ത ഉണക്കമുന്തിരിയിൽ മതിയായ അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിൽ കാൽസ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ധാതുക്കളുടെ അഭാവം ഓസ്റ്റിയോപൊറോസിസ് പോലുള്ള ഗുരുതരമായ അസ്ഥി വൈകല്യങ്ങൾക്ക് കാരണമാകും. കറുത്ത ഉണക്കമുന്തിരി ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് വർധിപ്പിക്കുകയും ഈ രോഗങ്ങളെ ചികിത്സിക്കാൻ സഹായിക്കുകയും ചെയ്യും.
വെള്ളത്തിൽ കുതിർത്ത് കഴിക്കുക
കറുത്ത മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് കൂടുതൽ ഗുണകരം. ഒരു രത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ഉണക്ക മുന്തിരി അതിരാവിലെ കഴിക്കുക. കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും വിളർച്ച തടയാനും സഹായിക്കും. കുതിർത്ത ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ അകറ്റാനും മലവിസർജ്ജനം മെച്ചപ്പെടുത്താനും സഹായിക്കും.
ഒരു ദിവസം എത്ര ഉണക്ക മുന്തിരി കഴിക്കാം?
ഒരു ദിവസം കഴിക്കാവുന്ന ഉണക്ക മുന്തിരിയുടെ അളവ് എത്രയാണെന്നതിന് ശരിയായ കണക്കൊന്നുമില്ല. എന്നിരുന്നാലും, ആഴ്ചയിൽ 4 സെർവിങ് (ഒരു പ്രാവശ്യം 40-50 ഗ്രാം) കഴിക്കുന്നത് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.