scorecardresearch
Latest News

പ്രമേഹ രോഗികൾക്ക് എത്ര ഞാവൽ പഴം കഴിക്കാം?

ഫൈബർ, വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ഞാവൽ പഴം

Jamun, health, ie malayalam
ഞാവൽ പഴം

കടും പർപ്പിൾ നിറമുള്ളതും നല്ല മധുരമുള്ളതുമായ ഒരു ചെറിയ പഴമാണ് ഞാവൽ പഴം. പോഷകങ്ങളാലും നിരവധി ആരോഗ്യ ഗുണങ്ങളാലും സമ്പന്നമായ ഈ പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉണ്ട്. അതായത് ഈ പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കില്ല. അതിനാൽതന്നെ പ്രമേഹ രോഗികൾക്ക് സുരക്ഷിതമായ പഴമാണിത്. ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് പോലുള്ള പ്രമേഹ ലക്ഷണങ്ങളെ കുറയ്ക്കാനും ഈ പഴം സഹായിക്കുമെന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

ഫൈബർ, വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ഞാവൽ പഴം. ശരീരത്തെ ഓക്‌സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും കാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. സമീകൃതാഹാരത്തിന്റെ ഭാഗമായി ആസ്വദിക്കാവുന്ന രുചികരവും പോഷകസമൃദ്ധവുമായ പഴമാണ് ഞാവൽ പഴമെന്ന് ഭുവനേശ്വറിലെ കെയർ ഹോസ്പിറ്റൽസിലെ സീനിയർ ഡയറ്റീഷ്യൻ ഗുരു പ്രസാദ് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.

ഞാവൽ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

  1. കലോറി കുറവാണ്: കലോറി കുറഞ്ഞ പഴമാണ്. ഒരു കപ്പ് അസംസ്‌കൃത പഴത്തിൽ ഏകദേശം 60 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ്.
  2. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്: ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന ഹാനികരമായ തന്മാത്രകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ് ഞാവൽ പഴം. കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും.
  3. പ്രമേഹം നിയന്ത്രിക്കാൻ സഹായിച്ചേക്കാം: ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഞാവൽ പഴത്തിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർക്ക് ഇത് സഹായകമായേക്കാം.
  4. ദഹനം മെച്ചപ്പെടുത്താം: ഞാവൽ പഴത്തിലെ നാരുകൾ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.
  5. പ്രതിരോധശേഷി വർധിപ്പിക്കാം: ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ വിറ്റാമിൻ സി ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഞാവൽ പഴം കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
  6. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം: ഞാവൽ പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ വീക്കം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

പ്രമേഹ രോഗികൾക്ക് എത്ര ഞാവൽ പഴം കഴിക്കാം?

പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഞാവൽ പഴത്തിന്റെ അളവ് അവരുടെ വ്യക്തിഗത ആരോഗ്യ നിലയെയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെയും ആശ്രയിച്ചിരിക്കുന്നു. “കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള പഴമാണിത്. അതായത് മിതമായ അളവിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകില്ല. അവയിൽ നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്റെ ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയാനും സഹായിക്കും,” ദാസ് പറഞ്ഞു.

എങ്കിലും, പ്രമേഹ രോഗികൾ ഞാവൽ പഴം കഴിക്കുന്നതിനു മുൻപ് അവരുടെ ഡോക്ടറുമായോ രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യനോടോ സംസാരിക്കുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How many jamuns can diabetic patients consume